Monday, September 16, 2013

ഡിപ്രെഷൻ (വിഷാദരോഗം)

ദുഖവും പിരിമുറുക്കവും  ഇല്ലാത്ത മനുഷ്യർ ലോകത്തുണ്ടാകുമോ എന്നു തോന്നുന്നില്ല. ഇതുകൊണ്ട് മനുഷ്യന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. പക്ഷെ ഇത് നീണ്ടു നിന്നാൽ പ്രശ്നം തന്നെ. അത് ഡിപ്രെഷൻ എന്ന  രോഗമായി മാറാം.  പണ്ട് ഈജിപ്ത്തിലെ കവിതകളിലും കഥകളിലും മെലംകോളിയ (Melancholia ) എന്നറിയപ്പെട്ടുകൊണ്ടിരുന്ന ഈ രോഗം ഇന്ന് ഡിപ്രെഷൻ എന്നറിയപ്പെടുന്നു. 

ലോകത്തിന്റെ പല ഭാഗങ്ങളിൽ പല രീതിയിൽ ഈ രോഗത്തിന് ഏറ്റക്കുറച്ചിലുകൾ കാണുന്നു. ചില സംസ്ക്കാരങ്ങളിൽ, ചില മതങ്ങളിൽ ഈ രോഗം കൂടുതൽ ആണ്. പല രോഗങ്ങളുടെയും സഹയാത്രികനാണ് ഈ രോഗം. പലപ്പോഴും പല രോഗങ്ങൾക്കും  കാരണവും ആകുന്നു. രോഗം വന്നു കഴിയുമ്പോൾ രോഗകാരണം മറന്നു അതിനു ശേഷം രോഗത്തിനുള്ള ചികിത്സ നടത്തുന്നു. ഉദാ: രക്തസ്സമർദ്ധം, പ്രമേഹം, കൊളസ്ട്രോൾ, ഇവയ്ക്കൊക്കെ പല കാരണങ്ങൾ ഉണ്ടെങ്കിലും ഒരു അജ്ഞാതകാരണം ഡിപ്രെഷൻ ആണ്. നമ്മുടെ നാട്ടിൽ മാനസിക ആരോഗ്യത്തിന് അല്ലെങ്കിൽ മനശാസ്ത്രത്തിനു അല്ലെങ്കിൽ   മനോരോഗങ്ങളുടെ പഠനത്തിനു വേണ്ട പ്രാധാന്യം ഇല്ലാത്തത് കൊണ്ട് പല ശാരീരിക രോഗങ്ങളുടെയും കാരണഭൂതമായ നമ്മുടെ മനസ്സിന്റെ അനാരോഗ്യം  ആരും  ശ്രദ്ധിക്കാറില്ല. ജിമ്മിൽ പോകാനും, സൗന്ദര്യം  വർദ്ധിപ്പിക്കാനും ഒക്കെ നാം ശ്രമിക്കാറുണ്ടെങ്കിലും, ആരോഗ്യമുള്ള ഒരു മനസ്സ് എങ്ങിനെ ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ ചുരുക്കം.

നാമൊക്കെ വിഷാദം അനുഭവിക്കും. പിരിമുറുക്കം അനുഭവിക്കും. ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ ഒരാഴ്ച കൊണ്ടോ അത് മാറാനുള്ള വഴി കണ്ടെത്തുന്നു, മാറുന്നു. എന്നാൽ ചില മനുഷ്യരുണ്ട്. ആരോടും വിഷാദത്തിന്റെ കാര്യം പറയില്ല. സ്വയം സഹിച്ചു കൊണ്ട് നടക്കും. അതു കുറച്ചു കഴിയുമ്പോൾ ഉള്ളിൽ സ്ഥിരമാകുന്നു. പക്ഷെ അവർ  അറിയുന്നില്ല. ഉള്ളിൽ ഒരു രോഗാവസ്ഥ ജനിക്കുന്നു എന്നത്.

ഡിപ്രെഷൻ അല്ലെങ്കിൽ വിഷാദരോഗത്തെക്കുറിച്ച് പഠിക്കണമെങ്കിൽ കൂടുതൽ കാര്യങ്ങൾ എഴുതണം. ലേഖനം വലുതും വായിക്കാൻ വിരസവുമായെന്നു വരാമെന്നതിനാൽ, ചില കാര്യങ്ങൾ ചുരുക്കമായി മനസിലാക്കിയാൽ നമുടെ അറിവിന്റെ ഖജനാവിൽ അതൊരു മുതൽ കൂട്ടായിരിക്കും.

എന്താണ് ഡിപ്രെഷൻ

തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകൾ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ്  ഡിപ്രെഷൻ. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തിൽ അതായത് തലച്ചോറിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥ   ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. 

ഇത് ഒരു മൂഡ്‌ ഡിസോർഡർ ആണ്. അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക  അവസ്ഥയെ ആണ് മൂഡ്‌ എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ ലെവെലിനു കൂടുതലോ കുറവോ ആയാൽ മൂഡ്‌ ഡിസോർഡർ  ആയിത്തീരുന്നു.

ലക്ഷണങ്ങൾ

പലവിധ മാനസിക, ശാരീരിക രോഗങ്ങളുടെ രൂപത്തിൽ ഡിപ്രെഷൻ പ്രത്യക്ഷപ്പെടുന്നു എങ്കിലും ആരും അത് ഡിപ്രെഷൻ വഴിയാണെന്ന് പെട്ടെന്ന് മനസിലാക്കുന്നില്ല. പല രോഗങ്ങളിലേക്കും നയിക്കുന്ന ഡിപ്രെഷൻ  അല്ലെങ്കിൽ വിഷാദരോഗം ഇന്നും പലർക്കും അജ്ഞാതമാണ്. അറിഞ്ഞെങ്കിൽ തന്നെ ചികിത്സിക്കുന്നതിനു പകരം അത് പ്രേമനൈരാശ്യമോ, ഗ്രഹപ്പിഴയോ,  ഗ്യാസ് ട്രബിളോ, അസിടിറ്റിയോ  മറ്റോ ആണെന്ന് കരുതി വിട്ടുകളയും.  താഴെ പറയുന്ന ചില ലക്ഷണങ്ങൾ നോക്കുക;

1) ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത
2) അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ, 
3) വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം
4) അകാരണമായ ഉത്കണ്ട, ക്ഷീണം, ഭയം, ഉറക്കക്കുറവ്
5) വിശപ്പില്ലായ്മ, ചിലപ്പോൾ വിശപ്പ് കൂടുതൽ
6) ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,
7) കൂടുതലായോ കുറവായോ ഉറങ്ങുക.

ചിലർ  പറയാറില്ലേ ഒരു മൂഡില്ല,  ഒന്നും ചെയ്യാൻ  തോന്നുന്നില്ല, ഭക്ഷണത്തിന് രുചിയില്ല, വിശപ്പില്ല, ഗ്യാസ് ട്രബിൾ, അസിഡിറ്റി,  പെട്ടെന്ന് ദേഷ്യം വരുക, ഇതൊക്കെ പെട്ടെന്ന് കണ്ട്രോളിൽ  ആയാൽ  പ്രശ്നം ഇല്ല. പക്ഷെ അകാരണമായ ഭയം, ദുഖം, പരാചയ ബോധം, തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ, ഇരിക്കാൻ വയ്യ, നിൽക്കാൻ വയ്യ,  കിടക്കാൻ വയ്യ ഇങ്ങിനെയുള്ള ലക്ഷണങ്ങളിൽ  ആദ്യം പറഞ്ഞതിന്റെ കൂടെ രണ്ടാമത് പറഞ്ഞതിൽ  രണ്ടോ അതിലധികമോ കുറഞ്ഞത് രണ്ടാഴ്ചയായി തുടരുന്നു എങ്കിൽ  ഡിപ്രെഷൻ  സംശയിക്കാം. ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും ഒരാളിൽ  കേന്ദ്രീകരിച്ചാൽ  ഇനി ആത്മഹത്യ തന്നെ  എല്ലാത്തിൽ  നിന്നും രക്ഷ പെടാനുള്ള ഒരു വഴി എന്ന് ചിന്തിച്ചെന്നു വരാം.

ബാല്യ കൌമാരക്കാരുടെ ലക്ഷണങ്ങൾ  പെട്ടെന്ന് മനസിലായില്ല എന്ന് വരാം, കാരണം ദുഖം മുഖത്ത് പ്രതിഫലിച്ചു എന്ന് വരില്ല, കൂട്ടുകാരുടെ കൂടെ കൂടാതെ ഒറ്റക്കിരിക്കുക, പെട്ടന്ന് ദേഷ്യം വരുക, പഠിത്തത്തിൽ  ശ്രദ്ധ കിട്ടാതിരിക്കുക, വയറു വേദന, തല വേദന ഇങ്ങിനെ പലതും ആകാം. മുതിർന്നവരിൽ  പ്രായം കൂടുതൽ  ഉള്ളവർ  ദുഃഖം പ്രകടിപ്പിക്കും. ഓർമ്മക്കുറവ്വ്, ദേഷ്യംകൂടുതൽ, തീരാ രോഗങ്ങൾ, തന്റെ രോഗങ്ങളെ കുറിച്ചുള്ള ആകാംഷ, കടബാധ്യതകൾ, എല്ലാം നീണ്ടു നില്ക്കുന്ന ഡിപ്രെഷനും, അതുവഴി ആത്മഹത്യ യിലേക്കും വഴി തെളിച്ചെന്നു വരാം. 

വിഷാദവും പിരിമുറുക്കവും

ദുഃഖ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ നമ്മുടെ മനസ്സിൽ സ്വതന്ത്ര നാഡീ വ്യവസ്ഥ ചെയ്യുന്ന പ്രതിരോധമാണ് സ്ട്രെസ്സ് അല്ലെങ്കിൽ പിരിമുറുക്കം ആയി അനുഭവപ്പെടുന്നത്. എല്ലാവരും ചെറുതോ വലുതോ ആയ പിരിമുറുക്കം അനുഭവിക്കുന്നു. കുട്ടികളും ഇതനുഭവിക്കുന്നു. മുതുർന്നവരിലെ അല്പം ഗൌരവം ഉള്ളതാണ്.എങ്ങിനെയായാലും സ്ട്രെസ് രണ്ടാഴ്ചയിൽ കൂടുതൽ തുടർന്നാൽ അത് ഡിപ്രഷൻ ആയിത്തീരുന്നു.

ഡിപ്രെഷൻ പെട്ടെന്നുണ്ടാകുന്നതല്ല. വളരെ സാവകാശം ആണുണ്ടാകുന്നത്. എന്നും നാം നമ്മുടെ സ്ട്രെസ്സ് കുറയ്ക്കാൻ പരിശ്രമിക്കണം. പക്ഷെ എല്ലാവരെയും സംബന്ധിച്ച് ഇത് സാധിക്കുന്നതല്ല. ചില നിയന്ത്രണ മാർഗങ്ങൾ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം.

നമുക്കെല്ലാം മനസ്സിൽ സ്ട്രെസ്സിനു ഒരു സൈക്കിൾ ഉണ്ട്. അതായതു ഒരു പോയിന്റിൽ നിന്ന് കറങ്ങിത്തിരിഞ്ഞു ആ പോയിന്റിൽ  തന്നെ എത്തുന്ന ഭ്രമണം പോലുള്ള ഒരു പ്രതിഭാസം. ഇതിനെ സ്ട്രെസ്സ്സൈക്കിൾ എന്ന് പറയുന്നു. അതുകൊണ്ട് സ്ട്രെസ്സ്സൈക്കിൾ എന്തെന്ന് മനസിലാക്കുന്നത് നല്ലതാണ്.

സ്ട്രെസ്സ് സൈക്കിളും ഡിപ്രെഷനും

വൈദ്യശാസ്ത്രം നമുക്കെല്ലാം പഠിക്കാൻ സാധിക്കില്ലെങ്കിലും ചില കാര്യങ്ങൾ പഠിക്കുന്നത് ജീവിതത്തിൽ ഗുണം ചെയ്യും. സ്ട്രെസ്സ് സൈക്കിളും ഡിപ്രെഷനും ഉണ്ടാകുന്ന ചില ശാസ്ത്രീയ വഴികൾ നോക്കാം.

തലച്ചോറിൽ സ്ട്രെസ്സ് ആയി ബന്ധപ്പെട്ട മൂന്നു  നാഡീ കേന്ദ്രങ്ങളുണ്ട്   ലിംബിക് സിസ്റ്റം, ഹൈപോത്തലാമസ്, പിറ്റുവേറ്ററി.  ഇതിനു മൂന്നിനും കൂടി  ഹൈപോത്തലാമസ്- പിറ്റുവേറ്ററി ആക്സിസ് എന്ന് പറയുന്നു. സ്ട്രെസ്  സാഹചര്യമുണ്ടാകുമ്പോൾ  അതിനെ നേരിടാൻ ആദ്യമായി തലചോറിലെ ലിംബിക് സിസ്റ്റം പ്രവർത്തനനിരതമാകുന്നു.  ഇതിനായി ഡോപ്പമിൻ, എപിനെഫ്രിൻ, സെറോടോണിൻ എന്നീ നാഡീപ്രേഷകങ്ങളെ  ലിംബിക് സിസ്റ്റം  ഹൈപോത്തലാമസിലേക്കെത്തിക്കുന്നു. അവിടെ നിന്നും ചില ഹോർമോണ്  വിമോചന രാസപഥാര്തങ്ങൾ (like  Adreno  Cortico Tropic) പുറപ്പെട്ടു പിറ്റുവേറ്ററി ഗ്രന്ധിയിൽ എത്തുന്നു.   പിറ്റുവേറ്ററി ഗ്രന്ധി,  പ്രധാനപ്പെട്ട അവയവങ്ങൾക്കു സ്ട്രെസ്സിനെ നേരിടാൻ  ആവശ്യമായ ഉത്തേജക രസങ്ങൾ പുറത്തുവിടുന്നു. ഈ ഹോർമോണുകൾ രക്തത്തിൽ കലർന്ന് തൈറോയിഡ്, അഡ്രീനൽ മെഡുല്ല എന്നീ ഗ്രന്ധികളിൽ എത്തിച്ചേരുന്നു. ഈ ഗ്രന്ഥികൾ സ്ട്രെസ്സ് നിയന്ത്രണ രാസപഥാർത്ഥമായ സ്റ്റെറോയിഡ് ഉത്പാദിപ്പിക്കുകയും ഇതും രക്തത്തിൽ കലർന്ന് ലിംബിക് സിസ്ടെത്തിൽ വീണ്ടും എത്തി പിരിമുറുക്കമുണ്ടാക്കുന്ന നാഡീ പ്രേഷകങ്ങളെ നിർവീര്യമാക്കുന്നു. അപ്പോൾ  സ്ട്രെസ്സിനെ നേരിടാൻ   മനസിന് ശക്തിയുണ്ടാകുകയും ചെയ്യന്നു.  ഇതാണ് സ്ട്രെസ്സ് സൈക്കിൾ.

ഇതെല്ലാവർക്കും ഉണ്ടാകുന്നതാണ്. അങ്ങിനെയാണ് കുറച്ചു കുറച്ചു  മനസ് നോർമൽ  ആകുന്നത്. പക്ഷെ സ്ട്രെസ് ആവർത്തിച്ചുണ്ടാകുന്നവരുടെ ഹൈപോത്തലാമസ് പിറ്റുവേറ്ററി ആക്സിസ് (Hypothalamus Pituitary Axis)   കേടാകുന്നു.    അതായത് ഏകദേശം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നാൽ. പതിയെ പതിയെ ഡിപ്രെഷൻ രോഗമായിത്തീരുന്നു.   കാരണം ബന്ധപ്പെട്ട ഗ്രന്ധികൾക്ക്സ്ട്രെ വിശ്രമം കിട്ടുന്നില്ല. സ്ട്രെസ്സിനെ  നിർവീര്യമാക്കാൻ നാഡീവ്യവസ്ഥയിലുൽപാദിപ്പിക്കപ്പെടുന്ന സ്റ്റെറോയിഡ് പോലുള്ള സ്ട്രെസ്സ് വിമോചകരസങ്ങളുടെ  ഉല്പാദനം കുറയുന്നുമില്ല. സ്റ്റെറോയിഡ് കൂടുന്നത്ന ഹൃദയ പ്രവർത്തനം  തകരാറിലാക്കും. ഡിപ്രെഷൻ  ഹൃദ്രോഗഹേതുവാകുത്  ഇങ്ങിനെയാണ്‌.. . സ്ട്രെസ്സ് കുറഞ്ഞില്ലെങ്കിൽ അതിന്റെ ഉൽപാദനം  തുടരുന്നു. മനപൂർവ്വം എത്രയും വേഗം സ്ട്രെസ് കുറച്ചാൽ അത്രയും നല്ലത്.

ഡിപ്രെഷന്റെ വഴിതിരിയൽ

ആർക്കെങ്കിലും ഡിപ്രെഷൻ രോഗം ഉണ്ടെന്നു പറഞ്ഞാൽ  ചിലർക്ക് ഒരിക്കലും വിശ്വാസം വരില്ല. അങ്ങിനെ ഡിപ്രെഷനെ അവഗണിച്ചു നിന്നു വേറൊരു രോഗത്തിലേക്കു വഴിതിരിഞ്ഞെന്നു വരാം. അപ്പോഴും രോഗകാരണം ഡിപ്രെഷൻ ആണെന്ന് വിശ്വസിക്കില്ല.  ശരിയായ കൌണ്സിലിങ്ങൊ  മനശ്ശാസ്ത്രചികിത്സയോ കൊടുത്തില്ലെങ്കിൽ അത് ചില ശാരീരിക മാനസിക രോഗങ്ങളായി പരിണമിക്കും. ഉദാ: ചിത്തഭ്രമം, ഹൃദ്രോഗം മുതലായവ. ചിലർക്ക്  തലവേദന, വയറുവേദന, സന്ധിവേദന, നെഞ്ചുവേദന, അങ്ങിനെ പലതും പ്രത്യക്ഷപ്പെടാം.  ഒരാൾക്ക് ഹാര്ട്ട് അറ്റാക്ക് വന്നു മരിച്ചു എന്നു പറഞ്ഞാലും അതിന്റെ പിന്നിൽ ഡിപ്രെഷൻ കൂടി ഉണ്ടായിരുന്നു എന്ന് ആരും പറയുന്നത് കേൾക്കാറില്ല. ചിലർ പല പല ഡോക്ടർമാരെയും, പല പല ആശുപത്രികളും കയറി ഇറങ്ങി ടെസ്റ്റുകൾ എല്ലാം ചെയ്യും. എല്ലാം നോർമൽ എന്ന റിപോർട്ടും കിട്ടും.  എന്നാലും വീണ്ടും ഇത് തുടരും. ഒരിക്കലും സുഖം കിട്ടാതെ ഇങ്ങിനെ ജീവിതകാലം മുഴുവൻ അലയുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.

നമ്മുടെ നാട്ടിലെ  ആത്മഹത്യകളും റോഡപകടങ്ങളും ഉണ്ടാകുന്നത് ഒരു നല്ല ശതമാനവും നീണ്ടു നിൽക്കുന്ന ഡിപ്രെഷൻ എന്ന അവസ്ഥയുടെ അനന്തരഫലമാണ്.

കാരണങ്ങൾ

പല കാരണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ചിലവ താഴെ കാണുക;
1) പീടാനുഭവങ്ങൾ നിറഞ്ഞ ശൈശവം, ബാല്യം, കൌമാരം, പാരമ്പര്യം.
3) സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വഴക്ക് പിണക്കങ്ങൾ.
3) ഉറ്റ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വേര്പാട്. ഇവ മരണം പ്രകൃത്യാ ഉള്ളതാണെങ്കിലും ചിലർക്ക് സഹിക്കാനാകില്ല.
4) ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ
5)പാരമ്പര്യം, ചില കുടുംബങ്ങളിൽ പാരമ്പര്യമായി ഇത് കണ്ടു വരുന്നു.
6) വിവാഹ മോചനം, ജോലി നഷ്ടപ്പെടൽ, പുതിയ വയ്വസ്സയം തുടങ്ങൽ തുടങ്ങിയവ
7) മാനസിക ശാരീരിക തീരാരോഗങ്ങൾ
  
നീണ്ട പീടാനുഭവങ്ങളിലൂടെ യുള്ള  ജീവിത സാഹചര്യങ്ങളിൽ   അവയുടെ പാരമ്യതയുടെ  ഫലം ജീനുകളിലേക്കും ഇറങ്ങിചെല്ലുന്നു.

ഇതൊക്കെ കൂടാതെ ആധുനിക ലോകത്തിൽ ചില പ്രത്യേക കാരണങ്ങളും ഉണ്ട്. ചിലവ താഴെ കൊടുക്കുന്നു.

പുകവലി, മദ്യപാനം, ഉറക്കകുറവ്, ഫേസ്ബൂക്ക് ജ്വരം, ചില സിനിമകളുടെയും സീരിയലുകളുടെയും ദുഃഖ പര്യവസായി, മത്സ്യ ഭക്ഷണങ്ങൾ കഴിക്കാതിരിക്കൽ.  കൌതുകം തോന്നുമെങ്കിലും ആധുനിക ലോകത്തിലെ പ്രത്യേകതകൾ ആണിവ.

  
ഡിപ്രെഷൻ വിവിധതരം

മെലങ്കോളിക്  ഡിപ്രെഷൻ  (Melancholic depression) :  ഇതിൽ  ഉറക്കം, വിശപ്പ്, ലൈംഗികത  ഇവയിൽ  വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.

എഡിപ്പിക്കൽ ഡിപ്രെഷൻ(Atypical depression): ഇതിൽ മെലങ്കോളിക്  ഡിപ്രഷന് വിപരീതമായി ആണ് സംഭവിക്കുന്നത്. അമിതമായ ഉറക്കം, കൂടുതൽ  വിശപ്പ് അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈംഗിക  ആസക്തി കൂടുക, ശരീരം ചീർത്തു വരിക മുതലായവ പ്രകടമാകുന്നു.

സൈക്കോട്ടിക് ഡിപ്രെഷൻ (Psychotic depression) : ആരെക്കെയോ തന്നെ കൊല്ലാൻ  വരുന്നു, ചുറ്റും ശത്രുക്കൾ  ആണെന്നുമുള്ള ചിന്തയും ഭയവും ഇതിൽ  കൂടുതലായി കാണുന്നു.

PPD - പോസ്റ്റ് പാർട്ടം ഡിപ്രെഷൻ
ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളിൽ ഉണ്ടാകുന്നതാണ്. ചില രാജ്യങ്ങളിൽ എട്ടിൽ ഒന്ന് എന്ന കണക്കിന് സ്ത്രീകളിൽ ഇത് കാണുന്നു. സാധാരണ PPD 5% മുതൽ 25% വരെയാണ് കാണുന്നത്.

മുകളിൽ  പറഞ്ഞത് കൂടാതെ exogenous, endogenous, unipolar, bipolar, dysthemia  അങ്ങിനെ പല വിഭാഗങ്ങളും ഉണ്ട്.
 
ഏതു തരം ഡിപ്രെഷൻ ആണെങ്കിലും അടിസ്ഥാന കാരണം മുകളിൽ പറഞ്ഞവ തന്നെ.

എങ്ങിനെ നിയന്ത്രിക്കാം

ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രെഷൻ ഒഴിവാക്കാം. ചിലത് താഴെ  കൊടുക്കുന്നു;

1) ജീവിതത്തിന്  ചില ചിട്ടകൾ കൊടുക്കുക, നേരത്തെ കിടക്കുകയും എഴുനെൽക്കുകയും ചെയ്യുന്നതുപോലെ.
2) നടത്തം, ജോഗിംഗ്, നീന്തൽ ഇവയിലേതെങ്കിലും 30 മിനിറ്റ് ചെയ്യുക. ഇത് സ്ട്രെസ്സിനെതിരെ പോരാടുന്ന എന്ടോർഫിൻ  പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.
3)ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ്  ഇവ  ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങൾ ഇവ പതിവാക്കുക.
4) നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമിൽ നിന്ന് ഒഴിവാക്കുക.
5) ഉത്തരവാദിത്വങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക.
6) എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങിനെയുള്ള ചിന്തകൾ മാറ്റുക. അല്ലെങ്കിൽ തന്നെ അവയൊക്കെ ശരിയാണെന്നുള്ള തെളിവും ഇല്ലല്ലോ. നിങ്ങളുടെ സൃഷ്ടികളും, നിങ്ങളെയും ഇഷ്ടപ്പെടുന്ന വേറെ പലരും ഉണ്ടെന്നത് സത്ത്യമാണ്.
7) ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുക. ഉദാ: മ്യൂസിക് കേൾക്കാറില്ലെങ്കിൽ കേട്ടുതുടങ്ങുക, വായന ശീലമല്ലെങ്കിൽ വായിച്ചു തുടങ്ങുക, അങ്ങിനെ പലതും.
8) പൂർണതയോ,  മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക.
9 ) മുകളിൽ പറഞ്ഞതൊന്നും ഫലിച്ചില്ലെങ്കിൽ ഡിപ്രെഷൻ സംശയിക്കാം. എങ്കിലും പരിശ്രമിച്ചു കൊണ്ടിരിക്കാം.
10 ) ഡിപ്രെഷൻ ആണെന്ന് ഉറപ്പാണെങ്കിൽ ഡോക്ടറെ കാണുക. 


നല്ല വിദ്യാഭ്യാസം, നല്ല സംസ്ക്കാരം, ആരോഗ്യമുള്ള പാരമ്പര്യം, നല്ല വിവരം, വിവേകം ഇങ്ങിനെയുള്ളവ കൈവശമുള്ളവനു  മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടായിരിക്കും, അന്ധവിശ്വാസങ്ങൾ  കുറവായിരിക്കും. മനസിനു വലിയ സമാധാനം ഉണ്ടാകുന്നു, അവനു രോഗം, ഭാവി, എന്നിവയെക്കുറിച്ചുള്ള ആകാംഷയില്ല.  പക്ഷെ വിദ്യാഭ്യാസം നല്ലതയാതുകൊണ്ടു മാത്രം  കാര്യമില്ല. വിവരവും ലോകപരിചയവും വേണം. മനുഷ്യന് ഗുണമുള്ള പുതിയ പുതിയ കാര്യങ്ങൾ  പഠിച്ചുകൊണ്ടേയിരിക്കണം. വിദ്യാഭ്യാസം, മനശ്ശക്തി, ലാഖവത്വം, ആരോഗ്യപരമായ സാമൂഹിക ബന്ധം ഇവയോക്കെയുള്ളവര്ക്ക്  മനോവൈകല്യങ്ങൾ   പെട്ടെന്നുണ്ടാകാറില്ല. അസുഖങ്ങൾ  ഒന്നും ഇല്ലാത്ത ഒരു തലമുറയ്ക്ക് വേണ്ടി, നല്ലൊരു നാളേക്ക്  വേണ്ടി നമുക്ക് പരിശ്രമിക്കാം.


                                                                          

Tuesday, April 2, 2013

പിരിമുറുക്കങ്ങളും നിയന്ത്രണ മാര്ഗങ്ങളും


ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍  (stress & strain ) ഉണ്ടാകത്തവര്‍ ഇന്ന് ലോകത്ത് കുറവാണ്. പ്രത്യേകിച്ച്
ഈ ആധുനിക യുഗത്തില്‍. ഇല്ല എന്ന് പറയുന്നെങ്കില്‍ കള്ളത്തരം പറയുന്നു എന്ന് മനസിലാക്കാം. എത്ര പണക്കാരനും പാവങ്ങളും ഇതനുഭവിക്കുന്നു. എല്ലാം ഉപേക്ഷിച്ചു സര്‍വസംഗ പരിത്യാഗികള്‍ എന്ന് പറഞ്ഞു നടക്കുന്ന സന്ന്യാസികള്‍കും ആഗ്രഹങ്ങള്‍ കാണാതിരിക്കില്ലല്ലോ. അപ്പോള്‍ അവര്ക്കും ഒരു പരിധി വരെ ഇതുണ്ടാകുക എന്നത് സത്യമാണ്. ഇതിന്റെ ചില സത്യങ്ങള്‍  നാം അറിഞ്ഞിരിക്കുന്നത് അതിനെ നേരിടാന്‍ നമുക്ക് അല്പം കഴിവ് തരും.

എന്താണ് പിരിമുറുക്കം/ സ്‌ട്രെസ്

ദുഃഖ, അപകട സാഹചര്യങ്ങളെ നേരിടാന്‍ നമ്മുടെ തലച്ചോറിലെ Automatic Nervous System നടത്തുന്ന പ്രതിരോധ പ്രതികരണങ്ങള്‍ ആണ് സ്‌ട്രെസ്.  നമ്മുടെ മാനസിക, ശാരീരിക സംതുലനാവസ്ഥയെ നില നിര്‍ത്താനും സംരക്ഷിക്കാനും ഈ സ്‌ട്രെസ് ഒരു പരിധിവരെ ആവശ്യവുമാണ്

അമേരിക്കന്‍ ശാസ്ത്രഞ്ഞന്മാരായ ബാര്ടും (Bard ) വാല്‍റ്റര്‍ കാനനും  (Walter Cannon ) നടത്തിയ പഠനത്തില്‍ വികാരങ്ങളുടെ കേന്ദ്രങ്ങള്‍ തലാമസും ഹൈപോതലാമാസും ആണെന്നും അവിടെ നിന്നും പ്രചോദനങ്ങള്‍ (impulses ) ഉള്‍ക്കൊണ്ട് സെറിബ്രല്‍ കോര്‍ടെക്സിലെ സെന്സറി  ഭാഗത്തെത്തുന്നു എന്നും  ഈ സമയത്ത് തന്നെ ശാരീരിക പ്രതികരണങ്ങള്‍ നടക്കുന്നു എന്നുമാണ്. ഇനി സ്ട്രെസ്സിന്റെ ശാരീരിക പ്രതികരണങ്ങള്‍ എങ്ങിനെയെന്ന് നോക്കാം.

സട്രെസ്സിന്റെ ശാരീരിക പ്രതികരണങ്ങള്‍

പിരിമുറുക്ക സാഹചര്യങ്ങളില്‍ നമ്മുടെ nervous system സ്‌ട്രെസ് ഹോര്‍മോണുകള്‍ ആയ  cortisol, adrenaline ഇവയെ സ്വതന്ത്രമാക്കുന്നു. ഈ ഹോര്‍മോണുകള്‍  സ്ട്രെസ്സിന്റെ കാരണക്കാരാണെങ്കിലും,  ഇവ  ശരീരത്തിനെയും മനസ്സിനെയും ആ സാഹചര്യത്തെ നേരിടാന്‍  പ്രാപ്തമാക്കുന്നുണ്ട്. അതെങ്ങിനെയെന്ന് വെച്ചാല്‍ ഇവയുടെ അളവ് കൂടുമ്പോള്‍ നമുക്ക് ഹൃദയമിടുപ്പ് കൂടുന്നു,  പേശികള്‍ വലിഞ്ഞു മുറുകുന്നു, ഇന്ദ്രിയങ്ങള്‍ ജാഗരൂകരാകുന്നു, ശ്വാസോചാസം കൂടുന്നു,  ഇത് ശരീരത്തിന്റെയും മനസ്സിന്റെയും ശക്തി കൂട്ടുന്നു, ഏകാഗ്രത കൂട്ടുന്നു, വേഗത കൂട്ടുന്നു. ഇങ്ങിനെ ഒന്നുകില്‍  ആ സാഹചര്യം അല്ലെങ്കില്‍ ആ ജോലിയില്‍ കൂടുതല്‍ നല്ല performance കാണിക്കുന്നു അല്ലെങ്കില്‍ ഉപേക്ഷിക്കുന്നു. ഇങ്ഗ്ലീഷില്‍ ഇതിനെ   fight-or-flight എന്ന്  പറയുന്നു.

ലക്ഷണങ്ങള്‍

ഓര്മ്മക്കുറവ്, ഏകാഗ്രത ഇല്ലായ്മ, പെട്ടെന്നുള്ള കോപം, സ്ഥിരമായ ദുഃഖം, ആകാംഷ, ഏകാന്തത,  തലവേദന, തല ചുറ്റല്‍,  പേശീ വേദന, നെഞ്ചു വേദന, വയറു വേദന, വയറിളക്കം, ജലദോഷം, ലൈംഗിക മരവിപ്പ്, കൂടുതല്‍ അല്ലെങ്കില്‍ കുറച്ചു  തിന്നുക, കൂടുതല്‍ അല്ലെങ്കില്‍ കുറച്ചു ഉറങ്ങുക, ഉത്തരവാദിത്വങ്ങളില്‍ നിന്നു ഒഴിയുക, മദ്യം, മയക്കു മരുന്ന്, പുകവലി ഇവ ഉപയോഗിക്കുക,  കൈകാലുകള്‍ ചലിപ്പിക്കുക, നഖം കടിക്കുക ഇങ്ങിനെ പല വിധ ലക്ഷണങ്ങളും കാണിക്കാം.

ഒന്ന് ശ്രദ്ധിക്കുക ആരെങ്കിലും ഇങ്ങിനെയുള്ള ലക്ഷണങ്ങള്‍ പലതും കാണിക്കുകയും അത് ഒരു മൂന്നു നാല് ആഴ്ച തുടര്ന്നതിനു ശേഷവും പോയില്ലെങ്കില്‍ അത് സാധാരണ  ആള്ക്കാര്‍ക്കുണ്ടാകുന്നതില്‍ നിന്നും വ്യത്യസ്തമാണെന്നും, രോഗത്തിന്റെ പടിവാതിലില്‍ എത്തി എന്നും അതിനു ഒരു ഡോക്ടറെ സമീപിക്കണമെന്നും നാം മനസിലാക്കണം.

സ്‌ട്രെസ് കൂടുതല്‍ ആയാല്‍

സ്‌ട്രെസ് കൂടിയാല്‍ അതിന്റെ പ്രത്യാഖാതം വലുത് ആയിരിക്കും. കൂടുതല്‍ ജോലിഭാരം, ഒരു കാര്യത്തിലെ തര്ക്കം, വഴക്കുകള്‍, വസ്തുതര്ക്കം ഇവ നീണ്ടു നിന്നാല്‍  പലതരത്തിലുള്ള വേദനകള്‍, ഹൃദ്രോഗങ്ങള്‍, ദഹന പ്രശ്നങ്ങള്‍,   depression, anxiety disorder രോഗങ്ങള്‍  ഇവയുണ്ടാകാന്‍ സാധ്യത ഉണ്ട്. കൂടാതെ BP, പ്രമേഹം ഇവയും കൂടുന്നു.

കാരണങ്ങള്‍

ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ബന്ധങ്ങളിലുള്ള പാളിച്ചകള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, തിരക്ക്, കുടുംബത്തിലെ പ്രശ്നങ്ങള്‍,  അവിചാരിത സംഭവങ്ങളെ സഹിക്കാനുള്ള കഴിവില്ലായ്മ, ആത്മവിശ്വാസമോ, ശുഭാപ്തി വിശ്വാസമോ ഇല്ലായ്മ,  പ്രണയ പരാജയം, എന്തിലും പൂര്ണത വേണം എന്ന വാശി, ഒരു കാര്യം ആഗ്രഹിച്ചു അവസാനം കിട്ടാതെ വരിക    ഇവയൊക്കെ കാരണമാകും.

നാം നമ്മെതന്നെ നിരീക്ഷിക്കുക

സ്‌ട്രെസ് സാഹചര്യം നാം അഭിമുഖീകരിക്കുന്നു, അതിനോടുള്ള നമ്മുടെ പ്രതികരണം, നമ്മുടെ പ്രതികരണത്തിന്റെ അനന്തര ഫലം, ഇവയെല്ലാം നമ്മുടെ പിരിമുറുക്കങ്ങളെ  സ്വാധീനിക്കുന്നു.  പറ്റുമെങ്കില്‍ എന്തെല്ലാം നടക്കുന്നു എന്നു  ഒരു ഡയറി കുറിച്ച് വയ്ക്കുക.

പലരും പല രീതിയില്‍ ആണ് സ്ട്രെസ്സിനോട് പ്രതികരിക്കുന്നത്.   ചിലര്‍ വഴക്കുണ്ടാക്കുമ്പോള്‍ എതിര്‍ സ്ഥാനത്തിരിക്കുന്നവനെക്കുറിച്ച്  നെഗറ്റീവ് ആയി ചിന്തിക്കും. വഴക്ക് തീര്‍ന്നാല്‍  അവര്‍ എന്നെ ശത്രുവിനെ പോലെ കാണും, എന്നെ എപ്പോഴും സംശയത്തിലും, തെറ്റിദ്ധാരണയിലും കാണും, ഇനിയുള്ള കാലം എനിക്ക് സ്വസ്ഥതയില്ല. ഫലമോ ദുഃഖം, ആകാംഷ, ഉറക്കമില്ലായ്മ, പേശികളുടെ വലിഞ്ഞു മുറുക്കം തുടങ്ങി മുകളില്‍ പറഞ്ഞത് പോലെ ഒന്നൊന്നായി  പല രോഗങ്ങളും വന്നെന്നു വരാം.

എന്നാല്‍ വേറൊരാള്‍ ഇങ്ങിനെയൊന്നും ചിന്തിക്കാതെ ഇതിന്റെ നേര് വിപരീതമായിരിക്കും, പെരുമാറ്റവും, എതിര്‍  കക്ഷിയോടുള്ള പ്രതികരണങ്ങളും എല്ലാം പൊസിറ്റീവ് രീതിയില്‍ ആയിരിക്കും ചിന്തിക്കുന്നത്. ഫലമോ സ്വസ്ഥതയും സമാധാനവും. ആധുനിക ജീവിതത്തില്‍ ഇതിലും വ്യത്യസ്തമായ ആള്‍ക്കാര്‍ ഉണ്ടായിരിക്കും. അവരെല്ലാം സ്ട്രെസ്സിനെ വ്യത്യസ്ത രീതിയില്‍ വീക്ഷിക്കുന്നു.

സ്‌ട്രെസ് എങ്ങിനെ നിയന്ത്രിക്കാം 

സ്ട്രെസ്സ് പലരും പല രീതിയില്‍ ആണ് നേരിടുന്നത്. അതുപോലെ തന്നെ സ്ട്രേസ്സിനെ നിയന്ത്രിക്കാന്‍ പലരും  പല രീതിയാണ് സ്വീകരിക്കുന്നത്. മനസ്സിനു ശക്തിയില്ലാത്തവര്‍ പെട്ടെന്ന് പിരിമുറുക്കം അനുഭവിക്കുന്നു. ചെറുപ്പം മുതല്‍ പല വിധ പിരിമുറുക്കങ്ങളെയും നേരിട്ട് വളര്ന്നു വരുന്നവര്‍ അതിനെ നിയന്ത്രിക്കാനും പഠിക്കുന്നു. പലര്‍ക്കും സ്വീകരിക്കാവുന്ന ചില നിയന്ത്രണ മാര്‍ഗങ്ങള്‍ നോക്കുക.  

1) സ്വയം നിരീക്ഷണം നടത്തുക. കഴിയുമെങ്കില്‍ സ്വയം പഠിക്കുക.
2) പൊതുവെ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനെ നേരിടാന്‍  ചില പ്രതിരോധ മാര്‍ഗങ്ങള്‍ നമ്മുടെ ഉപബോധ മനസ്സില്‍ ഉടലെടുക്കും. എന്നാല്‍ അത് തല്ക്കാലത്തേക്ക് മാത്രമേ ഗുണം തരൂ. അപ്പോള്‍ സ്ഥിരമായ ശാന്തത കിട്ടാനുള്ള മാര്‍ഗങ്ങള്‍ തേടണം.
3) ഗ്രാമങ്ങളിലെ ലളിത ജീവിതവും അതുവഴി അവര്ക്ക് കിട്ടുന്ന ശാന്തത ഇവ നിരീക്ഷിക്കുക.
4) മനസ്സില്‍ കടുത്ത പിരിമുറുക്കം അനുഭവപ്പെടുന്ന നേരങ്ങളില്‍, ഒന്ന് സ്വസ്ഥമായി ഇരുന്നു കണ്ണുകള അടച്ചു അല്പം നേരം relax ചെയ്യുക. അതിനു ശേഷം കടല്‍തീരം,  കായല്കര, ധാരാളം പക്ഷികള്‍ ഉള്ള ഉദ്യാനങ്ങള്‍  ഇവിടെയൊക്കെ ഒന്ന് ചുറ്റിയടിക്കുക.
5) ആരെങ്കിലുമായി യോജിച്ചു പോകാന്‍ തീരെ പറ്റിയില്ലെങ്കില്‍  ആ സാഹചര്യം ഉപേക്ഷിക്കുക. എന്തെങ്കിലും കാര്യം ശല്യപ്പെടുത്തുന്നു എങ്കില്‍  ഉദാ: TV‍ യില്‍ ഇഷ്ട്ടമില്ലാത്താവ എന്തെങ്കിലും വന്നാല്‍  മാറ്റുക അല്ലെങ്കില്‍ ഓഫ്‌ ചെയ്യുക.
6) സ്‌ട്രെസ് കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ ഒഴിവാക്കാവുന്ന ജോലികള്‍ എല്ലാം ഒഴിവാക്കുക.
7) ആരെങ്കിലും സംഭാഷണത്തില്‍ ശല്യപ്പെടുത്തുന്നു എങ്കില്‍ വേണ്ട ബഹുമാനത്തില്‍ തന്നെ യോജിക്കാന്‍  പറ്റുന്നില്ല എന്ന് തുറന്നു പറയുക. പിന്നെയും വിഷമിപ്പിക്കുന്നു എങ്കില്‍ സംഭാഷണം നിര്ത്തുക
8) നമ്മോടുള്ള പെരുമാറ്റം ആരെങ്കിലും മോശമാക്കിയാല്‍ നാം സ്വയം മോശമാകാതെ നാം തന്നെ നന്നായി പെരുമാറി കാണിച്ചു കൊടുക്കുക.
9) കഴിവതും സൌഹൃദം മുറിയാതെ നോക്കുക. തെറ്റുണ്ടായെങ്കില്‍ ക്ഷമ ചോദിക്കാന്‍ മടിക്കാതിരിക്കുക. ഇവിടെ നാം ചെറുതാകുന്നില്ല. നമ്മുടെ മഹത്വം ആണ് അവിടെ വെളിവാക്കുന്നത്.
10) കൂടുതല്‍ ‍ജോലിയുള്ള ദിവസങ്ങളില്‍ എല്ലാ ജോലിക്കും ശരിയായ സമയം കൊടുക്കുക, പ്രധാന്യമില്ലത്തവ ഒഴിവാക്കുക.
11) പൊസിറ്റീവ് ആയതാണ് നേരിടുന്ന സ്‌ട്രെസ് എങ്കില്‍  അതിനോട് യോജിച്ചു പോകാന്‍ നോക്കുക. സാവകാശം നേരിടാനുള്ള ശക്തി കിട്ടും.
12) ഒരു കാര്യത്തിലും 100% പൂര്ണത വേണമെന്ന നിര്ബന്ധം പിടിക്കാതിരിക്കുക.
13) മനുഷ്യന്റെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങള്‍ (മരണം, അപകടം, രോഗങ്ങള്‍ തുടങ്ങിയവ) എല്ലാം നമുക്ക് മാറ്റാന്‍ പറ്റാത്തതാണെന്ന് അങ്ഗീകരിക്കുക.
14)സംഗീതം ഇഷ്ടമാണെങ്കില്‍ നല്ല രാഗത്തിലുള്ള സംഗീതം കേല്‍ക്കുക.
15)മനസ്സിന് സന്തോഷം തരുന്ന ഹോബികളില്‍ ഏര്‍പ്പെടുക
16)അഹംഭാവം ഉണ്ടോ എന്നു സ്വയം പരിശോധിക്കുക. ഉണ്ടെങ്കില്‍ സാവകാശം മാറ്റുക. കാരണം അത് വഴി നാം വെറുക്കപ്പെടും. അത് സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കും.
17) ജോലിയിലെ സ്ട്രെസ്സ് അകറ്റാന്‍ ചിലര്‍ ചെയ്യുന്നത്, ജോലി കഴിയുമ്പോള്‍ ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക, തമാശ പറയുക, പരദൂഷണം പറയുക, ഷോപ്പിങ് ചെയ്യുക, തിരമാലകള്‍ കാണുക, ചാറ്റ് ചെയ്യുക,വഴിയോരക്കാഴ്ചകള്‍ കാണുക മുതലായവ. ഇങ്ങിനെ ചെയ്യുമ്പോള്‍ കുറച്ചു പിരിമുറുക്കം കുറഞ്ഞു കിട്ടുന്നു. ചെറിയ പിരിമുറുക്കം കുറയ്ക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ.
18) പ്രാണായാമം, ശവാസനം, മറ്റുള്ള ശ്വസനവ്യായാമങ്ങള്‍ ഏതെങ്കിലും ചെയ്യുക. ഇതിലൂടെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു പോകുന്നു, പേശികള്‍ അയയുന്നു, അങ്ങിനെ മനസ്സിന് ഊര്‍ജവും, ബുദ്ധിയും, ശാന്തിയും കിട്ടുന്നു. അതുകൊണ്ടാണ് ശ്രീ ബുദ്ധന്‍ "ധ്യാനം ബുദ്ധി വളര്‍ത്തുന്നു, ധ്യാനമില്ലായ്മ അത് തളര്‍ത്തുന്നു" എന്നു പറഞ്ഞത്.
19) നിത്യവും വ്യായാമങ്ങള്‍ ചെയ്താല്‍ മനസ്സിന് നല്ല ഉന്മേഷം കിട്ടും.
20) ധ്യാനമാര്‍ഗങ്ങള്‍ പലതുണ്ട്, ഏതെങ്കിലും ഇഷ്ടമുള്ള ദ്രശ്യങ്ങളില്‍ മനസ്സ് കേന്ദ്രീകരിക്കുക, ഇഷ്ടമുള്ള ശബ്ദത്തില്‍ കേന്ദ്രീകരിക്കുക, കണ്ണടച്ച് ഇഷ്ടമുള്ള വാക്കുകള്‍ ആവര്‍ത്തിക്കുക. ഇങ്ങിനെ ധ്യാനമാര്‍ഗങ്ങള്‍ പലതും പിരിമുറുക്കം കുറയ്ക്കുന്നു. ഇത് വിവരിച്ചാല്‍ ഇനിയും നീണ്ടു പോകുന്നതിനാല്‍ നിര്‍ത്തുന്നു.

ഇങ്ങിനെ ചില മാര്‍ഗങ്ങള്‍ പരിശീലിച്ചാല്‍ ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ ഒരു പ്രശ്നമല്ലാതാകും. ‍
 



Wednesday, February 20, 2013

സുഖവും ദുഖവും

സുഖവും ദുഖവും ഉണ്ടാകാത്തവര്‍ ഇല്ല. ഇതൊരു സത്യമാണെന്ന് പ്രായപൂര്‍ത്തിയായ ആരും അന്ഗീകരിക്കും.  ഏതെങ്കിലും ഒരു ദുഃഖ സാഹചര്യം ഉണ്ടാകുമ്പോള്‍ ദുഖവും സന്തോഷ സാഹചര്യം ഉണ്ടാകുമ്പോള്‍ സന്തോഷവും നമുക്കുണ്ടാകുന്നു. എന്നാല്‍ ഈ സമയം എപ്പോള്‍ ആണുണ്ടാകുന്നത്?  നമ്മുടെ മനസിനിഷ്ടമില്ലാത്ത കാര്യങ്ങള്‍ നടക്കുമ്പോള്‍ ദുഃഖം അല്ലെങ്കില്‍ പിരിമുറുക്കവും, മനസിനിഷ്ടമുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ സന്തോഷവും ഉണ്ടാകുന്നു. ഇവ രണ്ടും എങ്ങിനെയെന്ന് നോക്കാം;

സുഖം

സുഖം മനസ്സിന്റെയും ശരീരത്തിന്റെയും അവസ്ഥയാണ്. സന്തോഷവും സുഖവും ഉണ്ടാകാന്‍ നാം ചിലത് ത്യജിക്കേണ്ടി വരും. സന്തോഷം സമാധാനം ആയും, സുഖം ശരീരത്തിന്റെയും മനസ്സിന്റെയും സുസ്തിതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ സുഖവും സന്തോഷവും ഒന്നിച്ചാലെ സ്വസ്ഥമായ ജീവിതം കിട്ടുകയുള്ളൂ. ഈ അര്‍ഥത്തില്‍ സുഖത്തില്‍ മാത്രം ജീവിക്കുന്നവര്‍ ഈ ലോകത്തില്‍ ഇല്ല. ആഗ്രഹങ്ങളുടെ വേലിയേറ്റം കുറഞ്ഞാല്‍ ദുഖവും കുറഞ്ഞു സന്തോഷം ഉണ്ടാകുന്നു. ഉദാ: നാം ആഗ്രഹിക്കുന്നു നമുക്ക് കൂടുതല്‍ പൈസ ഉണ്ടാക്കണം, പ്രശസ്തനാകണം എന്നൊക്കെ. അത് നേടാന്‍ നാം പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ എത്രയോ കാര്യങ്ങളെ തരണം ചെയ്യണം.   അവസാനം അത് പാഴായെന്നിരിക്കട്ടെ നമുക്ക് സ്വാഭാവികമായി ദുഖമുണ്ടാകുന്നു.  ചിലര്‍ വീണ്ടും പരിശ്രമിക്കും നേടുകയും ചെയ്യും, എന്നാല്‍ എത്ര പരിശ്രമിച്ചിട്ടും നേടാതായാല്‍ തീര്‍ച്ചയായും നിരാശയാകും ഫലം. എന്നാല്‍ പരിശ്രമിച്ചു എങ്കിലും വിജയിച്ചില്ല എന്ന് കരുതി ആ ആഗ്രഹം ഉപേക്ഷിച്ചാല്‍ ദുഃഖം അവിടെ ഇല്ലാതാകും.  ചിലര്‍ വിധിയെ പഴിക്കും എന്നാല്‍ ചിലര്‍ ഇതില്‍ നിന്ന് പാഠം പഠിച്ചു ആഗ്രഹങ്ങള്‍ കുറയ്ക്കാന്‍ നോക്കും.  സുഖം മനസ്സിനും ശരീരത്തിനും ഉണ്ടെങ്കിലും സന്തൊഷമില്ലെങ്കില്‍ അത് ശാരീരിക മാനസിക അസുഖങ്ങള്‍ വരുത്തുന്നു. ഒരു വ്യക്തിയുടെ വ്യക്തിത്വ പൂര്‍ണത വളരുന്ന സാഹചര്യങ്ങളും അനുഭവങ്ങളും സാമൂഹ്യ ഇടപെടലുകളും മറ്റും വഴിയായി രൂപമെടുക്കുന്നു. ബാല്യത്തിലും കൗമാരത്തിലും വ്യക്തിത്വവികസനത്തിന് സാഹചര്യം ഉണ്ടാക്കിയെടുക്കണം. കുട്ടികളാണെങ്കില്‍, കളി, പഠനം, മറ്റുള്ളവരുമായി പഠിച്ചതും പഠിക്കേണ്ടതും ആയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക ഇവ ഉണ്ടാകണം. ഇങ്ങിനെ ചെറുപ്പത്തിലെ സുഖവും സന്തോഷവും ഉണ്ടാകാനുള്ള സാഹചര്യം നാം സ്വയം ഉണ്ടാക്കണം.

ദുഃഖം

ദുഃഖം മനസ്സിന്റെ ഒരു അവസ്ഥയാണ്. സുഖത്തിന്റെ കാര്യത്തിലെന്നപോലെ ദുഃഖം കുറയാനും നാം പലതും ത്യജിക്കേണ്ടി വരും.  എന്നാല്‍ വേദന എന്നതും ദുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദന എന്നത് ശരീരവുമായി ആണ് കൂടുതല്‍ ബന്ധപ്പെടുന്നത്.  എന്നാല്‍ ദുഃഖം എന്ന അര്‍ഥത്തില്‍ പലരും മനസ്സിന്റെ വേദന എന്ന് പറയുന്നുണ്ട്. എങ്ങിനെയാണ് ദുഃഖം ഉണ്ടാകുന്നത്? ശ്രീ ബുദ്ധന്റെ അഷ്ടാംഗ മാര്‍ഗത്തില്‍ ദുഖത്തിന്റെ  കാരണം മുഴുവന്‍ ആഗ്രഹങ്ങള്‍ ആണെന്നാണ്‌. ആ ആഗ്രഹങ്ങളെ ഇല്ലാതാക്കിയാല്‍ ദുഖത്തില്‍ നിന്നും മോചനം നേടാം എന്ന് പറയുന്നു. ഒന്ന് തീര്‍ച്ച. ഈ ആഗ്രഹങ്ങളെ ഇല്ലാതാക്കാന്‍ നമുക്കെന്നല്ല ഭൂമിയില്‍ ജീവിക്കുന്ന ആര്‍ക്കും സാധിക്കില്ല. അല്ലെങ്കില്‍ അവന്‍ സര്‍വതും പരിത്യജിച്ചു അതായത് സ്വന്തം ശരീരം പോലും ഏതു നിമിഷവും ഉപേക്ഷിക്കാന്‍ തയാറായി, താപസനായി ജീവിക്കേണ്ടി വരും. പിന്നെ ഒന്ന് മാത്രം എല്ലാവര്ക്കും ചെയ്യാന്‍ സാധിക്കും ആഗ്രഹങ്ങള്‍ കുറയ്ക്കുക. നമ്മുടെ കഴിവിനും  അറിവിനും സമ്പത്തിനും എല്ലാം യോചിക്കുന്നത് മാത്രം ആഗ്രഹിക്കുക. എങ്കില്‍ ദുഖവും കുറയും.  മനസ്സിന് ഇഷ്ടമില്ലാത്തത് സംഭവിച്ചാല്‍ ദുഖമുണ്ടാകുന്നു.  മനസ്സില്‍ ആവശ്യമുള്ള ആഗ്രഹം മാത്രമേ വെയ്ക്കാവൂ. അപ്പോള്‍ ഇഷ്ടമില്ലാത്തത് സംഭവിക്കുക എന്നതും കുറവായിരിക്കും.  നാമെല്ലാം മറ്റുള്ളവര്‍ നമ്മോടു മാന്യമായി പെരുമാറണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നാം ചെയ്യേണ്ടത് നാം ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവരോട് നമ്മളും പെരുമാറുക എന്നതാണ്.    സുഖം നിസ്വാര്‍ത്ഥതയായും,  ദുഃഖം സ്വാര്‍ഥത  ആയും ബന്ധപ്പെട്ടിരിക്കുന്നു.

ഏതായാലും സുഖ ദുഖങ്ങളുടെ ശാരീരിക മാനസിക ബന്ധത്തെ പറ്റി ഒന്ന് നോക്കുക;

സെറോട്ടോണിനും കോര്ടിസോളും  (serotonin and cortisol )

ഇത് രണ്ടും നമ്മുടെ ശരീരത്തിലുള്ള ഹോര്മോണുകള്‍  ആണ്.  സുഖ ദുഃഖ ഹോര്‍മോണുകള്‍ എന്ന് നമുക്ക് വിളിക്കാം.

തലച്ചോറിലെ പിനിയല്‍ ഗ്രന്ഥി (pineal gland ) ആണ് സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നത്.  ദുഃഖം ഉണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍  ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്മോണാണ് സെറോടോണിന്‍.

അതുപോലെ തന്നെ കിട്നിയുടെ സൈഡില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ ഒരു ഗ്രന്ഥി  ആണ് അഡ്രീനല്‍ ഗ്രന്ഥി  (adrenal gland). സന്തോഷം ഉണ്ടാകുമ്പോള്‍ ശരീരത്തിന് സുഖം നല്‍കാന്‍ അഡ്രീനല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്മോണാണ് കോര്ടിസോള്‍.


ചുരുക്കത്തില്‍ നാം വിചാരിച്ചാല്‍ സുഖ ദുഃഖങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.


 
 

Monday, October 22, 2012

നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍..

ഉറക്കം എത്ര ശാന്തമായ അനുഭവം ആണ്.  ഉറക്കം ഒരു ധ്യാനമാണ്. അവിടെ ദുഖമില്ല, ചിന്തയില്ല, വേദനയില്ല. എല്ലാത്തില്‍ നിന്നും അല്പനേരത്തേക്കു വിശ്രമം എടുക്കുന്നു. ശരീരത്തിനും ഒരു വിശ്രമം. ഉറക്കം പ്രകൃതി നല്‍കിയിരിക്കുന്ന ഒരു അനുഗ്രഹമാണ്. നാം കോടികള്‍ സംബാദിചാലും, എല്ലാം നേടിയാലും നമുക്ക് ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ഗുണം. എത്രയോ കോടീശ്വരന്മാര്‍, ഉറക്കമില്ലാതെ ഉറക്ക ഗുളികകളെ ആശ്രയിച്ചു കഴിയുന്നു. കോടികള്‍ സമ്പാദിച്ചു പട്ടുമെത്തയില്‍, എ സീയുടെ ശീതളതയില്‍ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാത്ത രാത്രികള്‍ ചിലവഴിക്കുന്ന കൊടീശ്വരന്മാരും, കിടപ്പാടമില്ലാതെ കടത്തിണ്ണകളിലും മറ്റും, വെറും ചാക്ക് വിരിച്ചു സുഖമായി ഉറങ്ങുന്ന ദരിദ്രനും ഇന്നത്തെ ലോകത്തെ രണ്ടു വിരോധാഭാസങ്ങള്‍ ആണ്.  ഇവിടെ ആരാണ് മനസ്സില്‍ സ്വസ്ഥത അനുഭവിക്കുന്നത് എന്ന് ഇന്ന് വിവേകം ഉള്ള ആര്‍ക്കും മനസിലാകും. മനുഷ്യന്‍ ശരാശരി അവന്റെ ആയുസ്സിന്റെ മൂന്നിലൊന്നു ഉറങ്ങി തീര്‍ക്കുന്നു. അതായത് 60 വയസ്സാകുന്ന ഒരാള്‍ 20 വര്ഷം ഉറങ്ങുന്നു, എന്ന് ലോകത്തിന്റെ പല ഭാഗങ്ങളും നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു.  മരണത്തെ പലര്‍ക്കും ഭയമാണ്. എന്നാല്‍ ഭയക്കാതിരിക്കാന്‍ ഒരു കാര്യം ചിന്തിച്ചാല്‍ മതി. ഉറക്കത്തില്‍ നാം എവിടെ?  കാരണം ഉറക്കം മരണത്തിന്റെ ഒരു പരിശീലനമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനവും, രക്തചംക്രമണവും, ശ്വസോച്യാസവും അല്ലാതെ എല്ലാം മരിച്ചതിനു തുല്യമാണ് ഉറക്കത്തില്‍. ഉറക്കം നിത്യമായ മരണത്തിലേക്കുള്ള പരിശീലനമാണെന്നാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള പറയുന്നത്. എന്തായാലും ഉറക്കം എന്നത് എന്താണെന്ന് ആര്‍ക്കും അറിയാമെങ്കിലും അതിന്റെ ശാസ്ത്രീയമായ വശങ്ങള്‍ അല്പം മനസിലാക്കുന്നത്‌ രസകരമാണ്.

എന്താണ് ഉറക്കം

ശരീരത്തിനും മനസ്സിനും തലച്ചോറിലൂടെ കിട്ടുന്ന ഒരു വിശ്രമം ആണ് ഉറക്കം. ശരീരത്തിന് വിശ്രമം കിട്ടാന്‍ തലച്ചോറ് ചെയ്യുന്ന ഈ പ്രക്രിയ  ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമായ ഒന്നാണ്.  മനുഷ്യരെ പോലെ, എല്ലാ ജീവികളും ഉറങ്ങുന്നു. ഉറക്കം ഇല്ലെങ്കില്‍ ഒരു ജീവനും നിലനില്‍പ്പില്ല. അതുകൊണ്ട് തന്നെ ജീവികളുടെ അസ്തിത്വത്തിന്റെ ഭാഗമാണ് ഉറക്കം. നിദ്രയില്‍ ശരീര പേശികള്‍ എല്ലാം അയയുന്നു. എന്നാല്‍ തലച്ചോര്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സമയം കൂടിയാണത്.

മെലാട്ടോനിന്‍

തലച്ചോറിലെ മെലാട്ടോനിന്‍ (melatonin ) എന്ന ഹോര്‍മോണ്‍ ആണ് ഉറക്കം ഉണ്ടാക്കുന്നത്‌.  ഇത് മനസ്സിന് സന്തോഷവും ഉണ്ടാക്കുന്നു.
രാത്രി സമയം ആണ് ഉറക്കത്തിനു നല്ലത്. കാരണം ഈ ഹോര്‍മോണ്‍ രാത്രിയിലാണ് കൂടുതല്‍ ഉണ്ടാകുന്നത്. നാം എത്ര പകല്‍ ഉറങ്ങിയാലും രാത്രി ഉറക്കം പോലെ ഉറങ്ങാന്‍ പറ്റില്ല. രാത്രിയില്‍ വെളിച്ചം കുറയുമ്പോള്‍ മേലടോനിന്‍ കണ്ണിലെ ദ്രശ്യ കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധമുള്ള തലച്ചോറിലെ പീനയില്‍ ഗ്രന്ധിയുമായി പ്രവര്‍ത്തിച്ചു ഉറക്കം ഉണ്ടാക്കുന്നു. ഉറക്കം കുറഞ്ഞാല്‍ മേലടോനിന്‍ ഉത്‌പാദനവും കുറയുന്നു.

ഉറക്കത്തിന്റെ രണ്ടു ഖട്ടങ്ങള്‍

ദ്രുതചലന വേള ( REM - Rapid Eye Movement )
ദ്രുതവിഹീനചലന വേള ( NREM - Non-Rapid Eye Movement)

ഇവ രണ്ടും 90 മുതല്‍ 110 മിനിറ്റ് വരെ മാറി മാറി വരുന്നു. ചില ഡോക്ടര്‍മാര്‍ പറയുന്നത്, അത് ഓരോ 90 മിനിറ്റ് കൂടുമ്പോഴും മാറുന്നു എന്നാണു. ഏതായാലും കുറഞ്ഞത്‌ 90 അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഖ്യം പ്രതീക്ഷിക്കാം. ഇതില്‍ ദ്രുതചലന വേളയില്‍ ആണ് സ്വപ്‌നങ്ങള്‍ കാണുന്നത്. ഇതും ഫ്രോയിഡിന്റെ Interpretation of Dreams  (സ്വപ്നവിശകലനം) എന്ന പുസ്തകത്തില്‍ പറയുന്നു.

ഉറക്ക പ്രശ്നങ്ങള്‍

1 ) നിദ്രാടനം ( Somnambulism )

ഗാഢനിദ്രയുടെ ഭാഗമാണ് നിദ്രാടനംഇത് നടക്കുന്നത് NREM  വേളയിലാണ്.  ഗാഢനിദ്രയില്‍ എഴുന്നേറ്റു നടക്കുകയോ പ്രവര്‍ത്തി ചെയ്യുകയോ ചെയ്യുന്നു. മാംസപേശികളും, കൈകാലുകളും, തലച്ചോറിലെ നിദ്രയുടെ കേന്ദ്രവുമായി വിയോജിക്കുംബോഴാണ് ഇതുണ്ടാകുന്നത്. ഇവിടെയും നമ്മുടെ കണ്ണുകള്‍ ചലിക്കുന്നുന്ടെങ്കിലും വേഗം കുറവായിരിക്കും. കുട്ടികളിലും കൌമാരക്കാരിലും ആണ്
സാധാരണ കാണാറുള്ളത്‌.

2  ) പേടിസ്വപ്നങ്ങള്‍ (Nightmares )

പേടിസ്വപ്‌നങ്ങള്‍ കൂടുതല്‍ കാണുന്നത്, പകല്‍ സമയത്ത് മനസ്സ് വല്ലാതെ അസ്വസ്തമായും, നിരാശയായും, പരാജയ മനോഭാവത്തിലും ഒക്കെ ഇരിക്കുകയും ഉറങ്ങുകയും ചെയ്യുമ്പോഴാണ്. ചിലപ്പോള്‍ വലിയ കുറ്റബോധം, മരണത്തിന്റെ ഓര്‍മ്മകള്‍,   വലിയ ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ ഇവ പകല്‍ സമയത്ത് നിരന്തരം ഉണ്ടാകുമ്പോഴും ഇങ്ങിനെയുണ്ടാകാം. ഇത് കുട്ടിക്കാലത്ത് അല്പം കൂടിയിരിക്കും.  
പകല്‍ സമയത്ത് ബോധമനസ്സിലെ ഈ വ്യാപാരങ്ങള്‍, ഉറക്കത്തില്‍ ഉപബോധ മനസ്സില്‍ ഉണര്‍ന്നു, REM  എന്ന വേളയില്‍ സ്വപ്നമാകുന്നു. വല്ലപ്പോഴും ഇതുണ്ടായാല്‍ ഇത് പ്രശ്നമില്ല.  എന്നാല്‍  തുടര്‍ച്ചയായി പേടി സ്വപ്നം  കണ്ടാല്‍   നല്ലൊരു  
കൌണ്‍സിലറിന്റെയോ,  മനശാസ്ത്രഞ്ഞന്റെയോ സഹായത്താല്‍  ഇതില്‍  നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍ ആരായാം.

3 ) കൂര്‍ക്കം വലി (Snoring )

ഉറക്കത്തില്‍  ശരീരപേശികള്‍ എല്ലാം അയയുന്നു. അപ്പോള്‍ ശ്വാസക്കുഴല്‍ കടന്നു പോകുന്ന, അസ്ഥിയില്ലാത്ത ഭാഗത്തെ പേശികള്‍
കൂടുതല്‍ ചുരുങ്ങുന്നു. അപ്പോള്‍ കുറുനാക്കില്‍ തട്ടി വരുന്ന ശ്വാസത്തിന് ശബ്ദമുണ്ടാക്കുന്നു. പൊതുവേ വണ്ണം കൂടുതലുള്ളവര്‍ക്ക് കഴുത്തിനും വണ്ണം കുടുതല്‍ കാണുമല്ലോ അവര്‍ക്ക് കൂര്‍ക്കം വലിയും കൂടുതല്‍ ആയിരിക്കും. എങ്കിലും നന്നായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഇത് കുറവായിരിക്കും. ഇത് ചികില്സിക്കാതിരുന്നാല്‍ ഭാവിയില്‍ സ്ട്രോക്ക്, ഹൃദ്രോഗം ഇവ വരാന്‍ കാരണമാകാം. കാരണം ആവശ്വത്തിനു ഓക്സിജന്‍ തലച്ചോറില്‍ എത്താന്‍ കൂര്‍ക്കം വലി തടസ്സമാകുന്നു.

4 ) ഉറക്കമില്ലായ്മ (Insomnia )

ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന ഒന്നാണ്. ചിലര്‍ ചെരിഞ്ഞും മറിഞ്ഞും കിടന്നു സമയം എടുത്തു ഉറങ്ങുന്നു. ചിലര്‍ അങ്ങിനെ തന്നെ നേരം വെളുപ്പിക്കുന്നു. മസ്തിഷ്ക്കതകരാര് കൊണ്ട്,
ഉത്കണ്ടാ രോഗങ്ങള്‍ കൊണ്ടും, ജീവിത രീതിയിലെ മാറ്റങ്ങള്‍ മൂലം ജൈവ ഖടികാരത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കൊണ്ടും
അങ്ങിനെ പലതും ഇതിനു കാരണമാകാം.


നിദ്രാ രോഗങ്ങള്‍

വിഷമ നിദ്ര (dyssomnia ), ക്രമരഹിത നിദ്ര (parasomnia ), അനിയന്ത്രിത നിദ്ര (narcolepsy ), അമിതനിദ്ര (hypersomnia ) ഇവയൊക്കെ
നിദ്രാ രോഗങ്ങള്‍ ആണ്. ഇവ കൂടാതെ ഉറക്കത്തിലെ വര്‍ത്തമാനം, ശ്വാസം നിന്നുപോകല്‍ (Sleep Apnea), പല്ലുകടി, കൈകാല്‍ ചലിക്കല്‍,
നിദ്രാ തളര്‍വാതം, തുടങ്ങിയ നിദ്രാ  വൈകല്യങ്ങളും ഉണ്ട്. ഇവയൊക്കെ ശ്വാസക്കുഴലിന്റെ തടസ്സം, നാഡീ പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ ഇവയുടെ ഒക്കെ പരിണത ഫലങ്ങള്‍ ആണ്.

ഇതില്‍ അനിയന്ത്രിത നിദ്രയില്‍ പകല്‍ സമയവും ജോലി ചെയ്യുന്ന സമയവും, കളികള്‍ ഇവയ്ക്കിടയിലും
ഉറങ്ങി പോകാം. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഉറങ്ങി പോകാം. അമേരിക്കയില്‍ ഇങ്ങിനെ പല അപകടങ്ങളും ഉണ്ടാകാറുണ്ട്.

അമിത നിദ്രക്കാര്‍ 18 മണിക്കൂറോളം തുടര്‍ച്ചയായി ഉറങ്ങിപോകാറുണ്ട്.

മൂക്കില്‍ ദശ വളര്‍ന്നാലും,  രാത്രി ഉറക്കത്തിനു പ്രശ്നമാണ്.   പുക വലിയും പ്രശ്നക്കാരനാണ്.  മൂക്കില്‍ ഒഴിക്കുന്ന തുള്ളി മരുന്ന് അല്പം ആശ്വാസം നല്‍കും.  മൂക്കിലെയോ തോന്ടയിലെയോ പ്രശ്നം പരിഹരിക്കാന്‍ വ്യായാമം ചെയ്യുക, പുകവലി നിര്‍ത്തുക, ഇവയൊക്കെ ചെയ്യാം.  കുറവില്ലെങ്കില്‍ ചെറിയ സര്‍ജറി വഴി അത് ശരിയായിക്കിട്ടും.

ജൈവ ഖടികാരം

നാം എത്ര ഉറങ്ങിയാലും കൃത്യ സമയത്ത് അല്ലെങ്കില്‍ വെളിച്ചം വരുമ്പോള്‍ ഉണരുന്നു. നാം ചില പ്രത്യക സമയത്ത് എന്നും കൃത്യമായി എഴുന്നേല്‍ക്കാന്‍ നമുക്കൊരു ജൈവ ഖടികാരം ഉണ്ട് (biological clock ). ഇങ്ങിനെ ഉണരുന്നതിനെ circadian rythm എന്ന് പറയുന്നു.  കുറച്ചു നാള്‍ നാം കൃത്രിമമായി അലാം വെച്ച് എഴുനേറ്റു നോക്കുക, അതിനു ശേഷം ആ ക്ലോക്ക് ഇല്ലെങ്കിലും നമ്മുടെ ജൈവ ഖടികാരം നമുക്ക് അലാം ബെല്‍ തരുകയും നാം ഉണരുകയും ചെയ്യും. സിര്കാടിയന്‍ താളത്തിലെ പിഴകള്‍ വഴിയും ഉറക്ക പ്രശ്നമുണ്ടാകും. ഒരു നിശ്ചിത സമയം ഉറങ്ങാന്‍ പറ്റാത്തതാണ് ഇതിന്റെ പ്രധാന പ്രശ്നം.

എത്ര മണിക്കൂര്‍ ഉറങ്ങണം

രണ്ടു മാസം വരെയുള്ള കുട്ടികള്‍ 18  മണിക്കൂര്‍ ഉറങ്ങണം. അത് പിന്നെ മുതിര്‍ന്നു വരുന്തോറും കുറഞ്ഞു കുറഞ്ഞു 19 വയസ്സാകുമ്പോള്‍ 8 - 9 മണിക്കൂര്‍ ഉറങ്ങണം. പ്രായ പൂര്ത്തിയായവര്‍ 7 മണിക്കൂര്‍ എങ്കിലും ഉറങ്ങണം.  പ്രായ പൂര്‍ത്തിയായവര്‍ക്ക് തീരെ ഉറക്കം കുറഞ്ഞാലും, കൂടുതല്‍ ഉറക്കമായാലും പല വിധ പ്രശ്നങ്ങളും ഉണ്ടാകാം. നന്നായി ഉറങ്ങുന്നവരെക്കാള്‍
തലച്ചോറിനു വാര്‍ധക്യം നന്നായി ഉറങ്ങാത്തവര്‍ക്ക് വേഗന്നു ബാധിക്കുന്നു. അതായത് 5 മണിക്കൂറില്‍ കുറഞ്ഞുറങ്ങന്നവര്‍ക്കും, 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്കും, ഇങ്ങിനെയുള്ള പ്രശ്നം വരുന്നു. 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാല്‍ ദുര്‍മേദസ്സ്, പ്രമേഹം, ഹൃദ്രോഗം എന്നിവയും. അഞ്ചു മണിക്കൂറില്‍ കുറവായാല്‍ അമിത രക്തസമര്‍ദ്ദം, ക്ഷീണം, ശ്രദ്ധയില്ലായ്മ, ഏകാഗ്രതയില്ലായ്മ ഇവയുണ്ടാകാം.

ഉറക്കം കുറഞ്ഞാലുള്ള പ്രശ്നങ്ങള്‍

1 ) ഏകാഗ്രതയില്ലായ്മ, ഉത്കണ്ട ഇവയുണ്ടാകുന്നു  
2 ) പ്രതിരോധ ശക്തി കുറയല്‍ (രക്തത്തില്‍ വെള്ള രക്താണുക്കള്‍ കുറയുന്നു)
3 ) ശ്രദ്ധയില്ലായ്മ, അസ്വസ്ഥത, കണ്ണിനു വേദന, കരുകരപ്പ് ഇവയുണ്ടാകുന്നു. 
4 ) വിഷാദരോഗം, ഉത്കണ്ടാ രോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം, വാതം ഇവയുണ്ടാകുന്നു
5 ) സന്തോഷം ജനിപ്പിക്കുന്ന മേലാടോനിന്‍ എന്ന ഹോര്‍മോണ്‍ കുറയുന്നു
6 ) ശാരീരിക ക്ഷീണം കൂടുന്നു
7) ശരീര ഭാരം കൂടുന്നു - തലച്ചോറിനു ആവശ്യത്തിനു ഓക്സിജന്‍ കിട്ടാതെ വരുമ്പോള്‍ പകല്‍ സമയം കൂടുതല്‍ ക്ഷീണം തോന്നും. ഈ ക്ഷീണം മാറാന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നു. ഇതാണ് തടി കൂടാന്‍ കാരണം.

ഉറക്കം കുറയുന്നതിന്റെ കാരണങ്ങള്‍

1 ) അസ്വസ്ഥമായ മനസ്സ്
2 ) ഉറങ്ങുന്നതിനു മുമ്പ് കാപ്പി, ചായ ഇവ കുടിക്കല്‍
3 ) ഉറങ്ങുന്നതിനു മുമ്പ് അമിതമായി മദ്യപിക്കള്‍, പുക വലിക്കുക,  
4 ) രാത്രി എരിവു, മസാല  ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുക
5 ) ഭക്ഷണം തീരെ കഴിക്കാതെ കിടക്കുക
6 ) ശരീരത്തിന്റെ വേദനകള്‍, മനസ്സിന്റെ വേദനകള്‍
7 ) ചെറുതും, ശബ്ദമാനമായതും, വൃത്തിയില്ലത്തതും ആയ മുറികള്‍
8 ) ചിട്ടയില്ലായ്മ, ഷിഫ്റ്റ്‌ ഡ്യൂട്ടി, വ്യായാമമില്ലായ്മ  മുതലായവ
9 ) വൃത്തിയില്ലാത്ത ബെഡ് റൂം, സ്ഥലം മാറി ഉറങ്ങല്‍ തുടങ്ങിയവ 
10 ) നല്ല ചൂട്, നല്ല തണുപ്പ്, വൃത്തിയില്ലാത്ത പായ, ബെഡ് തുടങ്ങിയവ  
11 ) വിഷാദ രോഗം, ഉത്കണ്ട

നല്ല ഉറക്കം കിട്ടാനുള്ള മാര്‍ഗങ്ങള്‍

1 ) നല്ല ചിന്തയില്‍ ഉറങ്ങാന്‍ പോകുക
2 ) ഉറങ്ങുന്നതിനു മുമ്പു പ്രാര്‍ത്ഥന, ധ്യാനം ഇവയിലേതെങ്കിലും ചെയ്യുക
3 ) എന്തെങ്കിലും ആകംഷയുണ്ടാകാത്ത നല്ല പുസ്തകങ്ങള്‍ വായിക്കുക
4 ) പകല്‍ സമയം വ്യായാമം ചെയ്യുക`
5 ) ഉറങ്ങുന്നതിനു മുമ്പ് പാല്‍, വാഴപ്പഴം ഇവയിലേതെങ്കിലും കഴിക്കുക
6 ) ഉറങ്ങുന്നതിനു മുമ്പ് മിതഭക്ഷണം കഴിക്കുക
7 ) ഉറങ്ങുന്നതിനു മുമ്പു നല്ല സംഗീതം കേള്‍ക്കുക
8 ) ബെഡ് റൂം, ബെഡ് ഇവ നല്ലതാണെന്ന് ഉറപ്പു വരുത്തുക
9 ) സുഖകരമായ അന്തരീക്ഷ താപനില, ശുദ്ദവായു ഇവ ഉറപ്പാക്കുക
10 ) വീണ്ടും ഉറക്കം വന്നില്ലെങ്കില്‍ താല്പര്യമുള്ള എന്തെങ്കിലും എഴുതുക, വായിക്കുക, ടി വീ കാണുക

നല്ല ഉറക്കത്തിന്റെ ഗുണങ്ങള്‍

1 ) നല്ല ഓര്മ കിട്ടുന്നു - പഠിക്കുന്ന എന്തും ഉറക്കത്തിനു മുമ്പ് പഠിക്കുക, ഉണര്നാലുടനെ പഠിക്കുക എങ്കില്‍ നല്ല ഓര്മ കിട്ടുക തന്നെ ചെയ്യും
2 ) ആയുസ്സ് കൂട്ടുന്നു - കുറച്ചുറക്കവും അമിത ഉറക്കവും ആയുസ്സ് കുറക്കുന്നു. 6 തൊട്ടു 8 മണിക്കൂര്‍ വരെ ഉള്ള ഉറക്കം ആയുസ്സ് കൂട്ടുന്നു.
3 ) വിവിധ രോഗങ്ങള്‍ കുറയുന്നു - സ്ട്രോക്ക്, BP , വാതം, പ്രമേഹം, അകാല നര, അകാല വാര്‍ധക്യം, ഇവ കുറയുന്നു.
4 ) ക്രിയാത്മകത വര്‍ധിക്കുന്നു - നല്ല ഉറക്കം ഉന്മേഷത്തോടെ ജോലി ചെയ്യുന്നതിനും, പുതിയ ആശയങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇടയാക്കുന്നു
5 ) കുട്ടികളുടെ പഠനം നന്നാകുന്നു - നല്ല ഉറക്കം കുട്ടികളുടെ പഠിക്കുന്നതിലെ ശ്രദ്ധ, ക്ലാസ്സിലെ ക്രിയാത്മകത, അതിലൂടെ നല്ല മാര്കും കിട്ടുന്നു.
6 ) ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു - ആവശ്യത്തിനു തൂക്കം ഇല്ലെങ്കില്‍ നന്നായി ഉറങ്ങുക
7 ) മാനസിക സമ്മര്‍ദ്ദം കുറയുന്നു - നല്ല ഉറക്കം സമ്മര്‍ദ്ദം കുറച്ചു, ശരീര ഉപാപചയങ്ങള്‍ നേരെയാക്കുന്നു
8 ) നല്ല ഉറക്കം അപകടങ്ങള്‍ കുറക്കുന്നു - നല്ല ഉറക്കം കിട്ടിയാല്‍ ഡ്രൈവര്‍മാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉറങ്ങിപോകാതെ അപകടം ഒഴിവാകുന്നു


ചികിത്സാ മാര്‍ഗങ്ങള്‍

നിദ്രയുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ആയാല്‍ മാത്രമേ ചികില്സിക്കെണ്ട്തുള്ളൂ. ചില ആശുപത്രികളില്‍ ഇതിനുള്ള സൌകര്യങ്ങള്‍ ഉണ്ട്, ഉദാ: തിരുവനന്തപുരം ശ്രീ ചിത്രയില്‍,   പോളിസോമ്നോഗ്രഫി, MSLT  (Multiple Sleep Latency Test ) എന്നീ ടെസ്റ്റുകള്‍ ഉറക്കത്തില്‍ തന്നെ ചെയ്തു ഉറക്കത്തിന്റെ താളപ്പിഴകള്‍ പരിഹരിക്കും, ന്യൂറോളജി, നെഞ്ചു രോഗവിഭാഗം, മനശാസ്ത്ര വിഭാഗം ഇങ്ങിനെ മൂന്നു വിഭാഗം കൂടിയ ഒരു ടീമിന്റെ സംയുക്ത ചികിത്സയാണിവിടെ ചെയ്യുന്നത്. 



References ;


1)  Sleep: The Mysteries, the Problems, and the Solutions – Carols H. Schenck, Carlos Schenck, 2007



2)  Interpretation of Dreams  - Sigmund Freud, 1913

  

Tuesday, September 4, 2012

ചിരിയുടെ ആരോഗ്യരഹസ്യങ്ങള്‍

ചിരി വില കൊടുക്കാതെ കിട്ടുന്ന ഏറ്റവും നല്ല ഔഷധമാണ്ചിരിയുടെ 
മഹത്വങ്ങള്‍ നാം അറിഞ്ഞാല്‍ നാം എന്നും ചിരിക്കാന്‍ പരിശ്രമിക്കും. ശുഭചിന്തകളും, ലളിതവ്യയാമങ്ങളും, മനസ്സ് തുറന്ന ചിരിയും നമ്മുടെ ആരോഗ്യത്തെയും സൌന്ദര്യത്തെയും കൂട്ടുന്നു. മനുഷ്യര്‍ പണം കൊണ്ട് മാത്രമല്ല ദാരിദ്ര്യം അനുഭവിക്കുന്നത്. ഇത്തിരി സ്നേഹം കിട്ടാന്‍ കൊതിക്കുന്ന എത്രയോ മനുഷ്യരുണ്ട്‌ ലോകത്തില്‍. അങ്ങിനെ ഒരു ചെറു പുഞ്ചിരി മതി പല ഹൃദയങ്ങളുടെയും ദാരിദ്ര്യദുഃഖം മാറാന്‍. പക്ഷെ ചില മനുഷ്യരുണ്ട്‌ ഒരിക്കലും ചിരിക്കാറില്ല, അല്ലെങ്കില്‍ ചിരി വരില്ല, ചിലര്‍ക്ക് ചിരി വന്നാലും പുറത്തു കാട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. ചിലരുണ്ട്  എപ്പോഴും ചിരിക്കും. ജന്മനാലുള്ള അനുഗ്രഹമാകാം.  അതെ ചിരിക്കാന്‍ സാധിക്കുന്നത് ഒരു അനുഗ്രഹമാണ്. ചില മനുഷ്യരുണ്ട്‌ ദുഃഖം മനസ്സില്‍ ഉണ്ടെങ്കിലും മറ്റുള്ളവരെ ചിരിപ്പിച്ചുകൊണ്ടിരിക്കും. ലോകം കണ്ട ഏറ്റവും വലിയ  കൊമേഡിയന്‍, ബ്രിട്ടീഷ്‌ കൊമേഡിയന്‍ ആയിരുന്ന ചാര്‍ളി ചാപ്ലിന്‍ ആയിരുന്നു. എന്തിനു ദൂരത്തു പോകണം, നമുടെ ബഹദൂര്‍, അടൂര്‍ഭാസി, ജഗതി, ഇപ്പോള്‍ സുരാജ് ഇങ്ങിനെയുള്ള എത്രപേര്‍ മറ്റുള്ളവര്‍ക്ക് ചിരിയും സന്തോഷവും നല്‍കുന്നു.  ദുഃഖം  പങ്കു വെച്ചാല്‍ കുറയുന്നുസന്തോഷം പങ്കുവെച്ചാല്‍ കൂടുന്നുസ്വയം ചിരിക്കുന്നതിലും നല്ലത്  തമാശപരസ്പരം പറഞ്ഞു അതോര്‍ത്തു  ചിരിക്കുന്നതാണ്ചിരിയിലൂടെ നമ്മുടെ ജൈവ രാസവൈദ്യുതി ഞരമ്പുകളില്‍ കൂടുന്നു.  ചിരിയിലൂടെ നമ്മുടെ മസിലുകള്‍ അയയുന്നുരക്തസമ്മര്ദം നോര്‍മല്‍ ആകുന്നു. അങ്ങിനെ എന്തെല്ലാം ഗുണങ്ങള്‍ കിട്ടുന്നു. ജനുവരി 11 ലോകചിരി ദിനമായി ആഖോഷിക്കുന്നു.  

  ഫ്രോയിഡ് തന്റെ "The Joke and Its Relation to The Unconscious"   എന്ന പുസ്തകത്തില്‍ പറയുന്നത് നന്മയുടെ വിളനിലമായ  "സുപ്പര്‍ ഈഗോഎന്ന മനസ്സിന്റെ തലം,  ഈഗോ എന്ന മനസ്സിന്റെ തലത്തിനു ഒരു തമാശ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുഅങ്ങിനെ നല്ല ഒരു തമാശ ജനിച്ചാല്‍ അല്ലെങ്കില്‍ കേട്ടാല്‍ മനസ്സ് വളരെ സന്തോഷിക്കുന്നു. മനസ്സില്‍ അറിയാതെ ചിരി വിടരുന്നു എന്നാണു. മനശാസ്ത്രത്തില്‍ ചിരിയുടെ പഠനത്തിനു ജീലോടോളജി (jelotolgy ) എന്ന് പറയുന്നു.

കാന്സാസ് സര്വകലാശാലയിലെ മനശാസ്ത്രഞ്ഞരായ ഡോ താരാ ക്രാഫ്ടിന്റെയും താരാ പ്രെസ്മാന്റെയും നിരീക്ഷണത്തില്‍, ചിരി മനുഷ്യനെ ബാധിക്കുന്ന പല ദുഖങ്ങളെയും പ്രയാസങ്ങളെയും കെടുത്തുന്നു. സാധാരണ ചിരി വായിലെ മസിലിനെ വികസിപ്പിക്കുമ്പോള്‍ നിഷ്കളങ്കമായ ചിരി വായിലെയും കണ്ണിലെയും മസിലുകളെ വികസിപ്പിക്കുന്നു എന്നും അവര്‍ കണ്ടെത്തി.  

ചിരിയും മസ്തിസ്കവും
ഒരു തമാശ കേള്‍ക്കുമ്പോള്‍ തലച്ചോറിലെ പ്രീഫ്രോന്ടല്‍ കോര്ടെകസി (prefrontal cortex ) ന്റെ ഭാഗമായ ഫ്രോന്ടല്‍ ലോബ് എന്ന ഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നു. മോട്ടോര്‍ കേന്ദ്രങ്ങള്‍ പേശികള്‍ ചലിക്കാനുള്ള നിര്ദേശം കൊടുക്കുന്നു. NA (Nucleus   Accumbens ) എന്ന ഭാഗം കഥയുടെ നര്മം സ്വീകരിക്കുകയും  ചിരി പൊട്ടി വിടരാന്‍  സഹായിക്കുകയും ചെയ്യുന്നു.   ചിരി പോലുള്ള ശരീരപേശീ ചലനങ്ങള്‍ അങ്ങിനെ ഉണ്ടാകുന്നു. ലിംബിക് സിസ്റ്റത്തിന്റെ ഭാഗങ്ങളായ  ടെമ്പരല്‍ ലോബ്,  ഹൈപോതലാമസ്,  അമിഗ്ദാല,  ഹിപ്പോകാംബസ്  എന്നിവയും ചിരി ഉണ്ടാകാന്‍ സഹായിക്കുന്നു. എന്നാല്‍ തലച്ചോറിലെ ചില  ന്യൂറോണുകള്‍ക്ക് കേടു സംഭവിച്ചാല്‍ നിയന്ത്രിക്കാനാകാത ചിരി ചിലരില്‍ ഉണ്ടാകും. കൂടുതല്‍ ചിരിച്ചാല്‍, സന്തോഷിച്ചാല്‍ കരയുമ്പോള്‍ ഉണ്ടാകുന്നതുപോലെ കണ്ണുനീര്‍ ഗ്രന്ധിയില്‍ നിന്ന് കണ്ണുനീര്‍ പൊഴിക്കാന്‍ ലാക്രിമല്‍ ഗ്രന്ധിക്ക് (lacrimal gland) തലച്ചോര്‍ നിര്‍ദേശം കൊടുക്കുന്നു. 

ഇക്കിളിയും ചിരിയും 

ഒരു കുട്ടിയെ ഇക്കിളി ഇട്ടാല്‍ ആ കുട്ടി ചിരിക്കുന്നു. പ്രായമായവര്‍ക്കും ഇത് സംഭവിക്കുന്നു. സ്പൈനല്‍ കോര്ടിനു കിട്ടുന്ന പ്രചോദനം ചിരിയുടെ കേന്ദ്രത്തില്‍ എത്തുന്നു. ചിരിക്കുന്നു. എന്നാല്‍ നാം സ്വയം ഒന്ന് ഇക്കിളി ഇട്ടു നോക്കിയേ. നാം ചിരിക്കില്ല. ഒരേ പ്രചോദനം തലച്ചോറില്‍ എത്തുന്നു എങ്കിലും ചിരിക്കുന്നില്ല. ഇന്നും ഇതിന്റെ രഹസ്യം വൈദ്യ ലോകത്തിനു പിടികിട്ടുന്നില്ല. ഇങ്ങിനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും വൈദ്യ ലോകത്തിലുണ്ട്. അങ്ങിനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം കിട്ടാന്‍ വൈദ്യ ലോകം നിരന്ദരം ഗവേഷണത്തിലാണ്.


ചിരി കള്ബുകള്‍ 

ഇന്ത്യന്‍ ഡോക്ടറായ ഡോ മദന്‍ കടാരിയ (Dr. Madan Kataria ) ആണ് 1995  യില്‍ ആദ്യമായി ചിരി ക്ലബ്‌ തുടങ്ങിയത്.  ഇന്ന് ലോകത്തില്‍ പല രാജ്യങ്ങളില്‍ ആയി 6000 ചിരി ക്ലബ്ബുകള്‍ ഉണ്ട്. യോഗയും ചിരിയും ചേര്‍ന്ന പരിശീലനം ആണ് ചിരി ക്ലബ്ബില്‍ നടക്കുന്നത്. ഒരു തമാശ മൂവി കണ്ടു അതിലെ നര്‍മം ഓര്‍ത്തു ചിരിക്കുന്ന അത്രയും ഹൃദയത്തില്‍ നിന്നും വരുന്നില്ലെങ്കിലും. വേറൊരാളുടെ ചിരി കാണുമ്പോള്‍ അടുത്ത ആള്‍ക് ചിരി വന്നെന്നു വരും, അങ്ങിനെ കൂട്ടതോട് ചിരിക്കുന്നു. എങ്ങിനെയായാലും ചിരിയുടെ ഫലങ്ങള്‍ ശരീരത്തിന് കിട്ടി തുടങ്ങുന്നു. കാരണം ചിരി തുടരുമ്പോള്‍ നമ്മുടെ ശരീരത്തിലെ ഞരമ്പുകള്‍ക്കു അറിയില്ല അത് നാം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന്. പലതരം  ചിരികള്‍ ചിരി ക്ലബുകളില്‍ ഉണ്ട്. പക്ഷെ ചിലര്‍  അതായതു ശരീരത്തിന് വിശ്രമം വേണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുള്ളവര്‍, ഹെര്‍ണിയ ഉള്ളവര്‍, BP കൂടിയവര്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗം ഉള്ളവര്‍,  പൈല്‍സ് ഉള്ളവര്‍, ശസ്ത്രക്രിയ കഴിഞ്ഞ ഉടനെയുള്ളവര്‍, ജലദോഷം, പനി ഇങ്ങിനെയുള്ളവര്‍ ഇത് ചെയ്യരുതേ.   

ചിരിയുടെ ഗുണങ്ങള്‍

ചിരിയുടെ ഗുണങ്ങള്‍ മനസിലൂടെ ശരീരത്തിലെത്തുന്നതാണ്. ചിരിയുടെ കാരണങ്ങള്‍ മനസ്സില്‍ ആണ് ആദ്യം ജനിക്കുന്നത്.  ചിരി ഒരു നല്ല ഔഷദമാണ്. ചിരി നമ്മുടെ പ്രതിരോധവ്യൂഹത്തെയും സ്വതന്ത്ര നാഡീവ്യവസ്ഥയെയും ബന്ധിപ്പിക്കുന്നു. ചില ശാരീരികവും, മാനസികവും, സാമൂഹ്യവുമായ ഗുണങ്ങള്‍ താഴെ കാണുക;


1 ) മുറുകിയിരിക്കുന്ന പേശികള്‍ക്ക് അയവ് വരുത്തുന്നു.

2 ) ദുഃഖം ഉണ്ടാക്കുന്ന കോര്ടിസോള്‍ ഹോര്‍മോണ്‍ കുറയ്ക്കുന്നു 

3 ) രോഗപ്രതിരോധ ശക്തി വര്‍ധിപ്പിച്ചു ആയുസ്സ് കൂട്ടുന്നു  

4 ) ആരോഗ്യവും സൌദ്ധര്യവും കൂട്ടുന്നു. 

5 ) വേദനകള്‍ കുറയ്ക്കുന്നു

6 ) ഹൃദ്രോഗം വരുന്നത് തടയുന്നു

7 ) വിരസത ഒഴിവാക്കുന്നു

8 ) ഭയം, ഉത്കണ്ട, പിരിമുറുക്കം ഇവ കുറയ്ക്കുന്നു

9 ) മുറുകിയിരിക്കുന്ന മനസ്സിന് അയവ് വരുന്നു

10) രോഗങ്ങളില്‍ നിന്ന് വേഗം വിടുതല്‍ കിട്ടുന്നു

11) ശരീരത്തിന് സ്വാസ്ഥ്യം ഉണ്ടാക്കുന്ന എന്‍ഡോര്ഫിന്‍ എന്ന ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നു

12) മറ്റുള്ളവരുടെ ആകര്‍ഷണം കൂടുന്നു

13) സൌഹൃദങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നു

14) വഴക്കും പിണക്കവും കുറയ്ക്കുന്നു

മുകളില്‍ പറഞ്ഞത് കൂടാതെ പല ഗുണങ്ങള്‍ പലര്‍ക്കും അനുഭവം ഉണ്ടായിരിക്കും.

ഇനി എങ്ങിനെ ആണ് സന്തോഷിക്കാനും ചിന്തിക്കാനും കൂടി സാധിക്കുക എന്നത് ഇത് വായിക്കുന്ന പലരും ചിന്തിക്കുന്നുണ്ടാകും. എന്റെ ചിന്തയില്‍ ചിലവ താഴെ കൊടുക്കുന്നു;

1 ) സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ ചെറു പുഞ്ചിരി ആര്‍ക്കും നല്‍കുക.

2 ) നമ്മുടെ മണ്ടത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കുക

3 ) മറ്റുള്ളവരുടെ മണ്ടത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കുക. മനസ്സില്‍ ചിരി വരികയും ചെറിയ    പുഞ്ചിരി മാത്രം പുറത്തു കാണുകയും ചെയ്യും.    

4 ) നല്ല ഒരു തമാശ പടം കാണുക. കണ്ടിട്ടുണ്ടെങ്കില്‍ സുഹൃത്തുക്കളോട് പറഞ്ഞു ചിരിക്കുക    ഒപ്പം അവര്‍ക്കും ചിരിക്കാന്‍ ഒരു അവസരം കിട്ടും.

5 ) എത്ര ഗൌരവമായ വിഷയമാണെങ്കിലും ഈസിയാനെന്നു മനസ്സില്‍ വിചാരിക്കുക

6 ) ആരെക്കണ്ടാലും അവരുടെ കുറവുകളും കുറ്റങ്ങളും സ്നേഹത്തോട്    പറഞ്ഞു മനസിലാക്കുന്നതിനോപ്പം. അവരുടെ നല്ല ഗുണങ്ങള്‍ പറയുക. 

7 ) ക്ഷീണിച്ചിരിക്കുന്നവരെ കാണുമ്പോള്‍ അയ്യോ ക്ഷീണിച്ചുമെലിഞ്ഞല്ലോ എന്ന് പറയുന്നതിന്    പകരം ആരോഗ്യം അല്പം നന്നാകാനുണ്ട് കേട്ടോ എന്ന് പറയുക. 

8 ) സാധാരണ ആള്‍ക്കാരെ കാണുമ്പോള്‍ ഒന്നിനൊന്നു ചെറുപ്പമായി വരുന്നല്ലോ എന്ന് പറയുക 

9 ) സ്ത്രീകളെ കാണുമ്പോള്‍ ഓരോ ദിവസവും സൌന്ദര്യം കൂടുന്നുണ്ട് കേട്ടോ എന്ന് പറയുക 

10) കഷ്ടതയുടെ കഴിഞ്ഞ കാലങ്ങള്‍, അത് കഴിഞ്ഞു എന്ന് വിചാരിച്ചു ഭാവിയെക്കുറിച്ച്    മാത്രം ചിന്തിക്കുക. പഴയത് ചികയാതിരിക്കുക.11) തമാശ ഉള്ള പുസ്തകങ്ങള്‍ വായിക്കുക. 

12) ആരെങ്കിലും ചിരിക്കുന്നു എങ്കില്‍. ശ്രദ്ധിക്കുക, പറ്റുമെങ്കില്‍ ആരോടെങ്കിലും ചോദിക്കുക    എന്താണ് ഇത്ര ചിരിയുടെ കാരണം എന്ന്.

13) ബാല്യകാലങ്ങളില്‍ ചെയ്ത വിഡ്ഢിത്തരങ്ങള്‍ ഓര്‍ത്ത്‌ ചിരിക്കുക.

14) ഇങ്ങിനെ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന എന്തും മനോമണ്ഡലത്തില്‍ കൊണ്ട് വരിക, അത്    ഓര്‍ത്തോര്‍ത്തു ചിരിക്കുക.

15) കണ്ണീര്‍ സീരിയലുകള്‍ കാണുന്നതിനു പകരം തമാശ പ്രോഗ്രാം, മിമിക്രി തുടങ്ങിയവ കാണുക.

16) പ്രാണായാമം, ശ്വസന വ്യായാമം തുടങ്ങിയത് ചെയ്യുക 

17) ഇതൊന്നും പറ്റുന്നില്ലെങ്കില്‍, മുകളില്‍ പറഞ്ഞ രോഗങ്ങള്‍ ഇല്ലെങ്കില്‍, ചിരി ക്ലബ്ബില്‍ ചേരുക.