Wednesday, May 30, 2012

വിചിത്ര മാനസികാവസ്ഥകള്‍ (Eccentric Psychiatric Syndromes)


നാം എല്ലാം സാധാരണ കേട്ടുള്ള മാനസിക വൈകല്യങ്ങള്‍ ചിത്തഭ്രമം, മതിഭ്രമം, ഞരമ്പ്‌ രോഗം, മാനസിക രോഗം എന്നൊക്കെ ആണല്ലോ എന്നാല്‍ സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും ഉള്ളതും കാര്യമാക്കാതെ, ചികിത്സിക്കാതെ വിട്ടു അവസാനം വലിയ വൈഷമ്യത്തിലേക്കും എത്തിക്കുന്ന ചില മാനസികാവസ്ഥകള്‍/ലക്ഷണങ്ങള്‍ (syndromes) കൌതുകവും എന്നാല്‍ അതിശയവും നമുക്ക് ഉണ്ടാക്കാം. നാം പലരും അപ്പോള്‍ ചിന്തിക്കുന്നത് അത് അവന്റെ/അവളുടെ/അദ്ദേഹത്തിന്റെ തോന്നലുകളാണ് എന്നായിരിക്കും. പല അസ്വാഭാവിക പെരുമാറ്റങ്ങളും നാം ചെയ്യുമ്പോള്‍ മനശാസ്ത്രത്തിന്റെ ഭാഷയില്‍ അത് മാനസിക വൈകല്യങ്ങളാണ്. മാനസിക രോഗങ്ങളുടെ തലത്തിലേക്ക് വരുന്നില്ലെങ്കിലും അത് മറ്റുള്ളവരില്‍ ആ വ്യക്തിയോടുള്ള അകല്‍ച്ച അല്ലെങ്കില്‍ കളിയാക്കികൊണ്ടുള്ള പെരുമാറ്റമായി പരിണമിച്ചു എന്ന് വരാം. ജന്മവാസന (instinct) യോ പാരമ്പര്യമോ (heredity) ഏതെങ്കിലും ഉത്കണ്ടാ രോഗങ്ങളോ (anxiety disorder) പലതുമാകാം ഇവയുടെ പിന്നിലെ കാരങ്ങങ്ങള്‍. താഴെപ്പറയുന്ന ചില മാനസികാവസ്ഥകള്‍ ശ്രദ്ധിക്കുക;

കൌവേദ് സിണ്ട്രോം

"ഭര്‍ത്താവിനു പേറ്റു നോവ്‌" എന്ന് പറഞ്ഞു കേട്ടുകാണുമല്ലോ. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചില ഭര്‍ത്താക്കന്മാര്‍ക്കുണ്ടാകുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ ആണ് ഇവിടെ ഉണ്ടാകുന്നത്. ഭാര്യയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ തനിക്കു കൂടി അനുഭവപ്പെടുന്നു. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഈ അസ്വസ്ഥതകള്‍ മുഴുവന്‍ അയാള്‍ക്കനുഭവപ്പെടുന്ന പോലെ തോന്നും. ഭാര്യ ഭക്ഷിക്കുന്ന പോഷകാഹാരങ്ങള്‍ ഭര്‍ത്താവും കഴിക്കുന്നു. വളരെ അസ്വസ്ഥതകള്‍ നിറഞ്ഞ സമയങ്ങള്‍ പ്രസവം അടുക്കാറാകുന്നത് വരെ നില്‍ക്കും. പ്രസവം കഴിയുമ്പോള്‍ അസ്വസ്ഥതകളും ഇല്ലാതാകുന്നു. കൌവേദ് സിണ്ട്രോം എന്നാണിത് അറിയപ്പെടുന്നത്.

ഗാന്സര്‍ സിണ്ട്രോം

അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന രൂപത്തില്‍ ഉത്തരം പറയുന്ന ഒരു മാനസികാവസ്ഥയാണിത്. ചോദിക്കുന്നതിനു ശരിയായ മറുപടി ഇത്തരക്കാരില്‍ നിന്ന് കിട്ടിയില്ല എന്ന് വരാം. പെട്ടെന്ന് തലച്ചോറിലെ രാസ വൈദ്യുത തരംഗങ്ങള്‍ ഇവരില്‍ ഉണ്ടാകാതിരിക്കുന്നു. അതിനാല്‍ പറയുന്നതിന് ശരിയായ ഉത്തരം കിട്ടി എന്ന് വരില്ല. മരിയ ഗാന്സര്‍ എന്ന ശാസ്ത്രഞ്ജന്‍ ആണീ ഗവേഷണം നടത്തിയത്. അങ്ങിനെ ഇത് ഗാന്സര്‍ സിണ്ട്രോം എന്നറിയപ്പെടുന്നു.

ഒന്നായ നിന്നെയിഹ....

ഒരാളെ മറ്റൊരാളായി കാണുന്നു. അയാളെ തന്നെ പല ആളായി കണ്ടെന്നു വരാം. അല്ലെങ്കില്‍ അയാള്‍ തന്നെ പറ്റിക്കാന്‍ തനിക്കറിയാവുന്ന ആളുടെ വേഷം ഇട്ടു വന്നതാകാം. പിന്നെ ഒരാളെ തന്നെ പല ആള്കാരായി കണ്ടെന്നു വരാം. ഇങ്ങിനെയുള്ള മാനസികാവസ്ഥ ചിലരില്‍ ഉണ്ടാകാറുണ്ട്. തനിക്കു പരിചയമുള്ള ഒരാള്‍ തന്റെ മുമ്പില്‍ വന്നു നില്‍ക്കുമ്പോഴും ചിലര്‍ക്ക് തോന്നും തന്നെ കബളിപ്പിക്കാന്‍ വേറെ ആരോ അയാളുടെ രൂപത്തില്‍ വന്നിരിക്കുകയാണെന്ന്. ഇത് ഒരു തരം മതിഭ്രമത്തിന്റെ ഭാഗമാകാം. ഫ്രെഗോളി സിണ്ട്രോം എന്നാണിത് അറിയപ്പെടുന്നത്.

ഒഥല്ലോ സിണ്ട്രോം

ഇതില്‍ സംശയം ആണ് മുഖ്യ വില്ലന്‍. ഭാര്യയുടെ ചാരിത്ര്യത്തില്‍ ഭര്‍ത്താവിനു സംശയം. ഇതിനൊരുദാഹരണം നമ്മുടെ ശ്രീനിവാസന്‍ തന്റെ ഒരു പടത്തില്‍ അങ്ങിനെ ഒരു കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. പങ്കാളിയോട് സംസാരിക്കുന്ന ആരെയും സംശയം. Shakespeare തന്റെ നാടകമായ ഒഥല്ലോയില്‍ ഈ കഥ പറയുന്നു. ഭാര്യയുടെ വിശ്വസ്തതയില്‍ സംശയം തോന്നുകയും അവളെ കൊല്ലുകയും ചെയ്യുന്നതാണല്ലോ അതിലെ പ്രമേയം. ഇതില്‍ നിന്നാണീ പേരുണ്ടായത്. ഇതിനു സംശയരോഗം എന്നും മനശാസ്ത്രത്തില്‍ പറയും. സ്വയം തെറ്റ് ചെയ്യുന്നവര്‍ക്കാണിത് കൂടുതല്‍ ഉണ്ടാകുന്നത്. നല്ല മനസാക്ഷി ഉള്ളവര്‍ക്കും അന്ന്യരെ മനസിലാക്കാന്‍ സാധിക്കുന്നവര്‍ക്കും ഇതുണ്ടാകില്ല.

ക്ലെറാംബോള്‍ട്ട് സിണ്ട്രോം

സുപ്പര്‍ സ്ടാറുകള്‍ (ഉദാ: ഷാരുഖ് ഖാന്‍, സച്ചിന്‍ തെണ്ടുല്‍കര്‍, ജാക്കി ചാന്‍) തങ്ങളുടെ കാമുകരാണെന്നും (തന്റെ വയറ്റില്‍ അവരുടെ കുഞ്ഞാണെന്നും പറഞ്ഞു നടക്കുന്ന അല്ലെങ്കില്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന സ്ത്രീകളെ ചില സ്ഥലങ്ങളില്‍ കാണാന്‍ സാധിക്കും. അവര്‍ തന്നെ സ്നേഹിക്കുന്നുന്ടെന്നും ഇക്കൂട്ടര്‍ മനസ്സില്‍ ചിന്തിക്കുന്നു. Delusion of love എന്നും ഇറോട്ടോ മാനിയ (erota mania) എന്നും ഇതിനെ പറയാറുണ്ട്‌. ഡി കളെറാം ബോള്‍ട്ട് എന്ന ശാസ്ത്രഞ്ഞനാണിത് കണ്ടു പിടിച്ചത്. ലോകത്തില്‍ വലിയ വലിയ സ്ടാറുകള്‍ക്ക് (സിനിമാ, സ്പോര്‍ട്സ് എന്നിവയില്‍ പ്രത്യേകിച്ച്) ഇങ്ങിനെയുള്ള ഏക ലൈന്‍ കാമുകിമാരുണ്ട്.

എന്റെ ചെറുപ്പത്തില്‍ ഞാനോര്‍ക്കുന്നു ഞങ്ങളുടെ നാട്ടിലെ ഒരു ബ്രാഹ്മണ സ്ത്രീ എപ്പോഴും മനസ്സില്‍ കൊണ്ട്നടന്ന ഒരു കാര്യം കമലാഹാസന്‍ അവളെ സ്നേഹിചിരിന്നു എന്നാണു. കല്യാണം കഴിക്കും എന്നും കരുതിയിരിന്നു. ഒരു ഒറ്റ ലൈന്‍ പ്രണയം എന്ന് പറയുന്നതിനപ്പുറം, അതൊരു രോഗമോ മാനസിക വൈകല്യമോ ആണ്.

ചെറുപ്പത്തിലെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും, ആഗ്രഹങ്ങളും ആണിതിന് പിന്നിലെ കാരങ്ങള്‍ എന്നാണു ഗവേഷണ മതം.

മുന്ചാസന്‍ സിണ്ട്രോം

തനിക്കെന്തോ മാരക രോഗമുന്ടെന്നും അതിനു വലിയ ചികിത്സ ആവശ്യമുണ്ടെന്നും പറഞ്ഞു നടക്കുകയും പല പല ഡോക്ടര്‍മാരെയും കാണുകയും ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്നു. എന്നാലും രോഗം കുറയുന്നില്ല. ഇങ്ങിനെയുള്ള ചിലര്‍ നമ്മുടെ സമൂഹത്തിലും ഉണ്ട്. ചിലര്‍ എന്നും വയറ്റില്‍ വേദനയാണെന്നും പറഞ്ഞു നടക്കുന്നു, ചിലര്‍ നെഞ്ചെരിച്ചില്‍ ആണെന്ന് പറഞ്ഞു നടക്കുന്നു. അവസാനം ഒള്ള ടെസ്റ്റുകള്‍ എല്ലാം ചെയ്യുന്നു. ശസ്ത്രക്രിയ വരെ ചെയ്യുന്നു. പക്ഷെ ഒരു കുഴപ്പവും കാണില്ല. കുഴപ്പം മനസിനായിരിക്കും. എന്നാലും അവര്‍ പറയും മനസിന്‌ ഒരു കുഴപ്പവും ഇല്ലെന്ന്.

വളരെക്കാലം മുമ്പ് ജര്‍മനിയിലെ ഒരു പ്രഭു ഇത്തരം രോഗത്തിനടിമപ്പെട്ടു ജീവിതം കഴിച്ചു കൂട്ടിയ ഒരു വ്യക്തിയാണ്. ബാരന്‍ മുന്ചാസന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍. അതില്‍ നിന്നാണ് ഗവേഷകര്‍ ഇതിനു ഈ പേരിട്ടത്.

ടോറെറ്റ് സിണ്ട്രോം

പെട്ടെന്നുള്ള ഒരുതരം ഞെട്ടലും വിറയലും അതോടു കൂടി ഒരുതരം ശബ്ദം പുറപ്പെടുവിയ്ക്കലും ആണിതിന്റെ പ്രത്യേകത. ചിലപ്പോള്‍ ഒന്നിന് പുറകെ മറ്റൊന്നായി ശബ്ദം വരും. സമൂഹത്തില്‍ ചില മനുഷ്യര്‍ ഇങ്ങിനെയും ഉണ്ട്. വിന്‍സെന്റ് ലാ ടോരെറ്റ് എന്ന ഗവേഷകന്‍ ആണിത് കണ്ടു പിടിച്ചത്. അങ്ങിനെ ഇത് ടോരെറ്റ് സിണ്ട്രോം എന്നറിയപ്പെടുന്നു.

സര്‍വ നഷ്ട്ടഭ്രമം

എല്ലാം നശിച്ചു. ഇനി ഒന്നുമില്ല. താനും ഈ ലോകവും എല്ലാം നശിച്ചെന്നും, തന്റെയോ ഈ ലോകത്തിന്റെ തന്നെയോ അസ്തിത്വത്തെ പോലും അന്ഗീകരിക്കാന്‍ മടിവരുന്ന ഒരു മാനസികാവസ്ഥ ആണിത്. നിഹിലിസ്ടിക് സിണ്ട്രോം അല്ലെങ്കില്‍ കോടാര്ദ് സിണ്ട്രോം എന്ന് ഇതറിയപ്പെടുന്നു. വലിയ ദുരന്തങ്ങലോ, വലിയ വെള്ളപ്പോക്കമോ, യുദ്ധങ്ങളോ മറ്റും വരുമ്പോള്‍ ചില മനുഷ്യര്‍ക്കുണ്ടാകുന്ന മാനസിക വ്യതിയാനം ആണിത്. രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷം യുറോപ്പില്‍ ചില മനുഷ്യര്‍ക്കിതുണ്ടായി എന്നാണു റിപ്പോര്‍ട്ട്‌.

പ്രാണി ഭയം

തന്റെ ശരീരത്തില്‍ എതെക്കെയോ പ്രാണികള്‍ കയറിക്കൂടിയിട്ടുന്ടെന്നു ചിലര്‍ ഭയപ്പെടുന്നു. അത് തന്റെ തൊണ്ടയിലോ ചെവിയിലോ ഇരിക്കുന്നതായും ചിലര്‍ക്ക് തോന്നുന്നു. മൂക്കിലും ചെവിയിലും പ്രാണി എപ്പോഴും ഇരിക്കുന്നതായും തോന്നുന്നു. ചിലരില്‍ ഈ മാറ്റം കണ്ടെത്തിയത് എക്ബോം എന്ന സ്വീഡിഷ് ന്യൂറോലോജിസ്റ്റ് ആണിത് കണ്ടു പിടിച്ചത്. അതിനാല്‍ ഇതിനു എക്ബോം സിണ്ട്രോം എന്ന് വിളിക്കുന്നു. 



Monday, April 16, 2012

മാനിയ (mania )

നമുക്ക് എന്ത് ചെയ്യാനും സംസാരിക്കാനും നല്ല മൂഡ്‌ ഉണ്ടായിരിക്കണം എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. മാനിയ എന്നത് മൂഡ്‌ ഡിസോര്‍ഡര്‍ (mood disorder ) എന്ന ഒരു മാനസിക സ്ഥിതിയുടെ ഭാഗമാണ്. സാധാരണ എന്തിനും ഒരു കുറഞ്ഞ അതിര്‍ത്തി, കൂടിയ അതിര്‍ത്തി, ഇതിനു രണ്ടും മദ്ധ്യേ ഉള്ള ഭാഗം, ഇങ്ങിനെ മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. മാനസികവും ശാരീരികവും ആയ സുസ്ഥിതി നാം ഈ മദ്ധ്യേ ഉള്ള ഭാഗത്തായിരിക്കുമ്പോള്‍ മാത്രം കിട്ടുന്ന ഒന്നാണ്. കുറഞ്ഞാലും കൂടിയാലും പ്രശ്നങ്ങള്‍ ആണെന്ന് ഇന്ന് പലര്‍ക്കും അറിയാം. പല പല ഉദാഹരണങ്ങള്‍ നമുക്ക് പുറം ലോകത്തില്‍ പോലും കാണാം. ഉദാഹരത്തിനു, കരണ്ടു കൂടിയാല്‍ ഫ്യൂസ് പൊട്ടുന്നു. കുറഞ്ഞാല്‍ ലൈറ്റ് കത്തില്ല. സൂര്യന്റെ ചൂട് കൂടിക്കഴിഞ്ഞാലും വളരെ കുറഞ്ഞാലും ജീവന് പ്രശ്നമാകുന്നു, പിന്നെ നമ്മുടെ ശരീരത്തിനുള്ളില്‍ തന്നെ എന്തെല്ലാം പ്രശ്നങ്ങള്‍, പഞ്ചസാര കുറഞ്ഞാല്‍ ഹൈപ്പോഗ്ലൈസീമിയ, കൂടിയാല്‍ ഹൈപ്പെര്‍‍ഗ്ലൈസീമിയ, പ്രെഷര്‍ കൂടിയാല്‍ കൂടിയാല്‍ ഹൈപ്പെര്‍ടെന്‍ഷന്‍, കുറഞ്ഞാല്‍ ഹൈപ്പോടെന്‍ഷന്‍, ജലാംശം കൂടിയാലും കുറഞ്ഞാലും പ്രശ്നങ്ങള്‍ എന്നിങ്ങിനെ പല പല കാര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇവിടെ മൂഡിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. കൂടിയാലും കുറഞ്ഞാലും മാനിയയുടെ ലക്ഷണങ്ങള്‍ കാണിക്കും.

ഞാന്‍ നേരില്‍ കണ്ട ഒരു സംഭവം; എന്റെ ഓഫീസില്‍ ഇരുപത്തഞ്ചു വയസ്സുള്ള ഒരാള്‍ ജോയിന്‍ ചെയ്തു, അഡ്മിന്‍ ആയിരുന്നത് കൊണ്ട് എന്റെ കാബിനില്‍ തന്നെ ആയിരിന്നു കക്ഷി. ഇയാളുടെ ആദ്യ പെരുമാറ്റം കണ്ടപ്പോഴേ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. ഇയാള്‍ ഭയങ്കര വായാടിയാണ്, ഇയാള്‍ ഒരിടത്ത് അടങ്ങിയിരിക്കില്ലായിരിന്നു. അറിയാന്‍ മേലാത്തത് ഒന്നുമില്ല. ഭയങ്കരം തിടുക്കമാണ്, ഭയങ്കര ഫോണ്‍ വിളി, അയാള്‍ക്ക് അറിയാന്‍ മേലാത്ത ആള്‍ക്കാരില്ല എന്ന ഭാവം, പ്രോജെച്ടുകള്‍, പ്ലാനുകള്‍ എന്നുവേണ്ട എല്ലാം അതിശയോക്തി നിറഞ്ഞതായിരിന്നു (കക്ഷി ഇപ്പോളില്ല). ആവശ്യമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടുക, ആവശ്വമില്ലത്ത കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുക, അങ്ങിനെ പല പ്രശ്നങ്ങള്‍. ഞങ്ങള്‍ക്ക് അയാളില്‍ നിന്ന് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും കക്ഷിക്ക് അസ്വസ്ഥ ഉണ്ടാക്കിയിരിന്നു. പലര്‍ക്കും അയാള്‍ ഒരു ശല്യമായിരുന്നു. (ഞാന്‍ കക്ഷിക്ക് നേരിട്ട് മനസ്സിന് വിഷമം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് "തനിക്കു ചെറിയ പിരി ആണെടോ" എന്ന് തമാശ രീതിയില്‍ പറയുമായിരുന്നു - കാരണം സീരിയസ് ആയിപ്പറഞാല്‍ ഇങ്ങിനെയുള്ളവര്‍ ഒരിക്കലും അന്ഗീകരിക്കുകയുമില്ല) തികച്ചും മാനിയ ഉള്ള ഒരു മനുഷ്യന്‍ ആയിരുന്നു. കക്ഷി ഇവിടെ ജോയിന്‍ ചെയ്ത അന്ന് മുതല്‍ തന്നെ വേറെ കമ്പനികളില്‍ ഇന്റര്‍വ്യൂവിനു പോയിത്തുടങ്ങിയിരുന്നു, ആഴ്ചയില്‍ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂ എന്ന കണക്കിന്. പക്ഷെ ഒരുവര്‍ഷത്തിനു ശേഷം അയാളെ കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നത് വരെ ഒരിക്കലും ഇന്റര്‍വ്യൂ പാസ്സായിരുന്നില്ല.

ശാരീരിക രോഗങ്ങള്‍ ചെറുതായാലും നാം ഡോക്ടറെ കാണുകയോ, മരുന്ന് കഴിക്കുകയോ എന്തെങ്കിലും ചെയ്യും. എന്നാല്‍ മാനസിക രോഗങ്ങളുടെ കാര്യത്തില്‍ (മുകളില്‍ പറഞ്ഞ പോലെ), ഇങ്ങിനെ തിരിച്ചറിയാതെ പോകുന്ന, അല്ലെങ്കില്‍ കാര്യമാക്കാത്ത ഒരുപാട് കേസുകള്‍ ഉണ്ട്. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ പല പരാജയങ്ങളും, മനുഷ്യരുടെ വെറുപ്പും മറ്റും സമ്പാദിക്കേണ്ടി വരുന്നു.

എന്താണ് മാനിയ?

എല്ലാ കാര്യങ്ങളെയും യാഥാര്ധ്യബോധത്തോട് കാണുകയും അവയ്ക്കനുസരിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് എല്ലാവര്ക്കും മൂഡ്‌ ആവശ്വമാണ്. ഇതിന്റെ അളവ് കൂടിയാല്‍ ചിന്ത, ധാരണ മുതലയാവ വേണ്ട വിധത്തില്‍ നടക്കാതെ ഒരു തരം വിശ്ലധാവസ്ഥയില്‍ അല്ലെങ്കില്‍ ഉന്മാദാവസ്ഥയില്‍ മനസ്സ് എത്തുന്നു. ഇതിനെ മാനിയ എന്ന് പറയുന്നു. മൂഡ്‌ തീരെ കുറയാനും പാടില്ല.
ചിലര്‍ പറയും ഒരു മൂഡ്‌ ഇല്ല, അല്ലെങ്കില്‍ മൂഡ്‌ ഔട്ട്‌ ആണ്. ഇങ്ങിനെ വെറുതെ പറയുന്നത് രോഗമൊന്നുമല്ല. എന്നാല്‍ ഉന്മേഷമില്ലായ്മ, ചിലപ്പോള്‍ കൂടുതല്‍ ഉന്മേഷം തോന്നുക, കൂടുതല്‍ ചിന്തിക്കുക, ചിന്തയേ ഇല്ലാതിരിക്കുക, കൂടുതല്‍ വ്യാകുലമാകുക ഇങ്ങിനെ പല പല മൂഡ്‌ വ്യതിയാനങ്ങള്‍ മാനിയയുടെ ഭാഗമാണ്. ഇതൊരു പാരമ്പര്യ രോഗമാണെങ്കിലും, പാരമ്പര്യം ഇല്ലതെയുമുണ്ടാകാം. മാനിയ ഡിപ്രഷന്‍ വഴിയുമുണ്ടാകാറുണ്ട്. ഡിപ്രഷന്‍ ഇല്ലാതെയുമുന്ടാകം. ചിലപ്പോള്‍ മാനിയയും ഡിപ്രഷനും ഒന്നിച്ചുണ്ടാകം, അങ്ങിനെ ഒരു മനോരോഗത്തിന്റെ രീതിയും കാണിക്കാം. ഇതിനെ മാനിക് ഡിപ്രസീവ് സൈക്കൊസിസ് (manic depressive psychosis ) എന്ന് പറയുന്നു.

മാനിയ കൊണ്ട് ഡിപ്രഷനും ഉണ്ടാകാം. ഇതിനെ ബൈപോളാര്‍ ഡിപ്രഷന്‍ (bipolar depression ) എന്നും മാനിയ ഇല്ലാത്ത ഡിപ്രഷനു യുനിപോളാര്‍ ഡിപ്രഷന്‍ (unipolar depression ) എന്നും പറയുന്നു.

ലക്ഷണങ്ങള്‍

രോഗിയില്‍ ആശയങ്ങളുടെ പ്രവാഹം
ഫോണ്‍ വിളികള്‍
യാഥാര്ധ്യ ബോധം ഇല്ലാത്ത പെരുമാറ്റങ്ങള്‍
പ്രൊജെക്ടുകള്‍
Tv യുടെയും മറ്റും volume കൂട്ടല്‍
സാധനങ്ങള്‍ വാങ്ങികൂട്ടുക - പൊതുവേ ചിലവ് കൂടുതല്‍
എപ്പോഴും കര്മനിരതന്‍. എന്നാല്‍ ഒന്നിനും സമയം ഇല്ല.
തിരക്ക് കൂട്ടല്‍
ഉറക്കമില്ലായ്മ
എത്ര ഉറക്കമില്ലെങ്കിലും ക്ഷീണവുമില്ല

മാനിയ മാത്രം ഉള്ളവരിലാണീ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍. മാനിക് ഡിപ്രസീവ് സൈക്കൊസിസ് എന്ന അവസ്ഥയില്‍ ഡിപ്രഷന്റെയും മാനിയായുടെയും ലക്ഷണങ്ങള്‍ കാണിക്കും. ഏതെങ്കിലും ഒന്നിന്റെ ലക്ഷണം മാത്രമായും കാണിക്കാം.

ഇങ്ങിനെ മൂഡ്‌ ഇല്ലായ്മകള്‍ ആരിലെങ്കിലും കണ്ടാല്‍, ഡോക്ടറെയോ ബന്ടപ്പെട്ടവരെയോ അറിയിച്ചു വേണ്ട ചികിത്സ ചെയ്‌താല്‍, വ്യക്തിത്വം നല്ല രീതിയില്‍ കൊണ്ടുപോകാനും ജീവിതത്തില്‍ വിജയിക്കുവാനും സാധിക്കും.

Monday, March 19, 2012

ഇന്നത്തെ ചിന്താ വിഷയങ്ങള്‍

ചിന്തയില്‍ പോലും പാപം ചെയ്യാത്തവര്‍ ആരുണ്ട്‌? ഒരു ചെറു കള്ളം പോലും പറയാത്തവര്‍ ആരുണ്ട്‌? ഈ ലോകത്തില്‍ ആരും കാണില്ല. നന്മക്കു വേണ്ടി പറയുന്ന കള്ളങ്ങള്‍, നന്മക്കു വേണ്ടി മോഷ്ടിക്കുന്നതിന് തുല്യമാണ് (ഉദാ: കായംകുളം കൊച്ചുണ്ണി) അത് പറയുമ്പോള്‍ യേശു പറുദീസായാകുന്ന സ്വര്‍ഗത്തിലേക്ക് ഒരു നല്ല കള്ളനെ കൊണ്ട് പോയതോര്‍മ വരുന്നു. എന്നിരിക്കിലും ശാന്തമായി ഒന്നുറങ്ങാന്‍ നല്ല ചിന്തകളും, പ്രവര്‍ത്തികളും പരിശ്രമിക്കുകയെങ്കിലും ചെയ്യണം. നമുക്ക് മനസ്സിന്റെ സംസ്കരണം, ഇരുത്തം ഇവയൊക്കെ ആവശ്യമാണ്‌. അമ്പലത്തില്‍ പോയാലും, പള്ളിയില്‍ പോയാലും, മോസ്ക്കില്‍ പോയാലും, ആ സംസ്കരണം, ഇരുത്തം ഇവയ്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും. അതിലൂടെ ശാന്തത നേടുകയും ആണ് ചെയ്യേണ്ടത്.

കാമ, ക്രോധ, മോഹ, മദ, മാത്സര്യങ്ങളെ അടക്കി നിര്‍ത്തണം എന്ന് പണ്ടേ നാം കേട്ടിട്ടുള്ളതാണല്ലോ. പക്ഷെ താപസന്മാര്‍ ജീവിതം നയിക്കുന്നതുപോലെ നമുക്കാവില്ലല്ലോ. എങ്കിലും നാം ഏതു തത്വശാസ്ത്രത്തില്‍ വിശ്വസിച്ചാലും, ഏതു മതത്തില്‍ വിശ്വസിച്ചാലും, ഏതു ജീവിത പാത പിന്തുടര്‍ന്നാലും, മുകളില്‍ പറഞ്ഞ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം നമുക്ക് കുറച്ചെങ്കിലും സാധിച്ചില്ലെങ്കില്‍, നമ്മുടെ വിശ്വാസങ്ങളും തത്വശാസ്ത്രങ്ങളും നിഷ്പ്രഭാമാകും. പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം അത്ര നിസ്സാരമല്ല എന്നത് സത്യമാണെങ്കിലും ആര്‍കും പരിശ്രമിക്കാവുന്നതെ ഉള്ളു.

ഒരിക്കല്‍ ശ്രീ ബുദ്ധന്റെ ശിഷ്യനോട് ഒരു മനുഷ്യന്‍ ചോദിച്ചു,
ഗുരു സംസാര സാഗര ദുഖങ്ങളില്‍ നിന്ന് എങ്ങിനെ മോചനം കിട്ടും ?
ആശയാണ് എല്ലാ ദുഖങ്ങളുടെയും കാരണം, അതിനെ നശിപ്പിച്ചാല്‍ ജനന മരണങ്ങളില്‍ നിന്നും സുഖ ദുഖങ്ങളില്‍ നിന്നും മോചനം കിട്ടും. - അദ്ദേഹം
ഉടനെ ആ മനുഷ്യന്‍ ഓ ഇത്രയേ ഉള്ളോ, അത് എത്ര നിസ്സാരം. പക്ഷെ ആ മനുഷ്യന് പിന്നെ മനസ്സിലായി അതത്ര നിസ്സാരമല്ല എന്ന്.

ഈ നിയന്ത്രണം സാധിച്ചില്ലെങ്കിലും മനുഷ്യ സ്നേഹ സേവന പാത കുറച്ചൊക്കെ ആര്‍ക്കും ചെയ്യാവുന്നതെ ഉള്ളൂ.

ആവുന്ന ഗുണം ചെയ്ക
ആവോളമെല്ലാവര്‍ക്കും
ആവുന്ന വഴിക്കെല്ലാം
ആവോളം അലിവോട്

നാം എല്ലാവരും അവഗണിക്കുന്ന ഒരു മനുഷ്യനോടു സംസാരിക്കുക, ഒരു ചെറു പുഞ്ചിരി നല്‍കുക. ഇത്ര മത്ത്രം ചെയ്‌താല്‍ മതി ആ മനുഷ്യനില്‍ വലിയ സന്തോഷവും ആശ്ചര്യവും ഉണ്ടാകും. നമുക്ക് ആരെയും സഹായിക്കാന്‍ സാധിക്കില്ല എന്ന് ചിലര്‍ വിചാരിക്കും. അത് തെറ്റാണു. ചെറിയ ചെറിയ കാര്യങ്ങള്‍ക് വലിയ ഫലം നല്‍കാന്‍ സാധിക്കും. നമുക്ക് ധാരാളം പൈസ കൊടുത്ത് ഒരാളെ സഹായിക്കാന്‍ സാധിച്ചില്ലെന്നു വരും. പക്ഷെ ആരും കാര്യമായെടുക്കാത്ത ചെറിയ കാര്യങ്ങള്‍ നാം അവഗണിക്കാതെ ചെയാന്‍ പരിശ്രമിക്കണം, "അണ്ണാന്‍ കുഞ്ഞിനും നന്നാലാവത്" എന്ന് പറഞ്ഞ പോലെ.

ലോകനുഷംഗമയിലാതൊരു ലോകയാത്ര
ക്കെകാകിയായിമുതിരുമന്നു നിനക്ക് മുന്നില്‍
നീ കാത്തിടാത്ത കുഴിയും ചുഴിയും പെരു-
ത്തുണ്ടാകാം വിവേകബലമാണവിടെസ്സഹായം

ഈ ലോകത്തില്‍ ആരുന്ടെങ്കിലും ഞാന്‍ ഏകനാണെന്ന് ചിന്തിക്കുന്നവര്‍ അനവധി. സത്യത്തില്‍ പ്രതീക്ഷിക്കാത്ത പരു പരുത്ത അനുഭവങ്ങള്‍ മനുഷ്യനുണ്ടാകാം. ചെറുപ്പത്തില്‍ പലരും സഹായത്തിനുന്ടെങ്കിലും പ്രായമാകുന്തോറും അല്പം ഏകാന്തത ഉണ്ടായെന്നു വരും, ആര്‍ക്കും സഹായിക്കാന്‍ സാധിക്കാത്ത നിമിഷങ്ങള്‍ ഉണ്ടായന്നു വരാം. പക്ഷെ സ്വന്തം അനുഭവത്തിലൂടെയും, മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെയും, പലതും പഠിച്ചു പല ചതിക്കുഴികളില്‍ നിന്ന് മോചനം നേടാന്‍ ഉള്ള വിവേകം നമുക്ക് ഉണ്ടായിത്തീരും. ഇരുപത്തി നാല് വയസ്സിനു മുമ്പുള്ള ചെരുപ്പക്കര്‍ക്കാണീ ഉപദേശം നല്ലത്. കാരണം അവരുടെ തലച്ചോറിലെ ചിന്തയുടെ ഭാഗമായ pre - frontal cortex പൂര്‍ണതയെത്തുന്നത് ആ പ്രായത്തില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ വിവേകത്തിന്റെ പരിപൂര്‍ണതയിലെക്കുള്ള പ്രയാണം ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ആണ് തുടങ്ങുന്നത്. അങ്ങിനെ പിന്നെയുള്ള ജീവിതം വിവേകമതിയായി ജീവിക്കാന്‍ നമ്മെ സഹായിക്കും.

എവിടെയോ നിന്ന് നാം വന്നു ഇഹത്തില്
‍എവിടെയോ പോകുന്നു ആരുമറിയാതെ
എവിടെയാണെങ്കിലും എകരായിതന്നെയും
ഏവം ചലിക്കുന്നു ജനന മരണങ്ങളും

നാം ഒക്കെ എവിടെയോ ജനിക്കുന്നു, ഒരിക്കലും നിനച്ചിരിക്കാത്ത സന്ദര്‍ഭത്തിലും സ്ഥലത്തും, ജീവിതയാത്രയില്‍ ചെന്നെത്തുന്നു. സ്വപ്നങ്ങളും മോഹങ്ങളും ഉണ്ടെങ്കിലും യാഥാര്‍ഥ്യ ജീവിതം എത്ര വ്യത്യസ്തം. ആരൊക്കെ ഉണ്ടെങ്കിലും ചില സമയത്ത് നാം ഏകരായി പോകുന്നു. ആരെങ്കലും ഒരിക്കലെങ്കിലും മരണത്തെക്കുറിച്ച് ശരിക്ക് ചിന്തിക്കുന്നുണ്ടാവുമോ. നമ്മുടെ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഒന്നും നോക്കാതെ ജനനവും മരണവും നടക്കുന്നു.

ദിനമപി രജനീ സായം പ്രാത
ശിശിരവസന്തൌ പുനരായതൌ
കാലക്രീടതി ഗസ്ച്ചത്യായു

പകലും രാത്രിയും, സന്ധ്യയും പ്രഭാതവും, ശിശിരവും വസന്തവും എല്ലാം വരുകയും പോകുകയും ചെയ്യുന്നു. ഇങ്ങിനെ കാലങ്ങള്‍ പോകുന്നത്തിനൊപ്പം നമ്മുടെ ആയുസ്സും പോകുന്നു. നമ്മുടെ ആയുസ്സാണ് നിമിഷങ്ങള്‍ തോറും കുറയുന്നത് എന്ന് ആരാണ് ചിന്തിക്കുന്നത്. ചിന്തിക്കാതിരിക്കയാണ് നല്ലത്. കാരണം അതുമൂലം
നിരാശ തോന്നി എന്ന് വരാം. കാരണം ഇരുപത്തൊന്നു വയസ്സ് വരെ ശരീരകോശങ്ങള്‍ വളരുന്നു. ഇരുപത്തിരണ്ടു മുതല്‍ നാല്‍പതു വരെ ഒരുപോലെ നില്‍ക്കുന്നു.
നാല്പതു വയസു മുതല്‍ ശരീര കോശങ്ങള്‍ കുറേശെ നശിക്കാന്‍ തുടങ്ങുന്നു.

ഹാ പുഷ്പമേ അതികതുങ്കപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയെ നീ
ശ്രീ ഭൂവിലസ്ഥിരമസ്സംശയം ഇന്ന് നിന്നുടെ
ആ ഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍

ക്ഷണഭന്ഗൂരവും നിരര്ധകവുമായ ഈ ലോകസൌന്ധര്യത്തിനേക്കള്‍ എത്രയോ വലുതാണ്‌ മനസ്സിന്റെ സൌന്ദര്യം എന്ന് കവി കാണിച്ചു തരുന്നു.
ഇതിനൊരു മേമ്പൊടിയായി വിശ്വ വിഖ്യാത കവി സാത്രേ പറയുന്നു,
സൌന്ധര്യം ദുഖമാണ്, വേദനയാണ്
അതിന്റെ നിശബ്ദമായ ശാലീനതയുടെ പിന്നില്‍ കുടികൊള്ളുന്നത് ലോകത്തിന്റെ മുഴുവന്‍ ഭീകരതയാണ്.

ലോകം നന്നാക്കണം എന്ന് നാം ആഗ്രഹിക്കുന്നു എങ്കില്‍ ആദ്യം നാം നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ പിടിച്ചു കെട്ടാന്‍ പരിശ്രമിക്കണം, നിയന്ത്രിക്കാന്‍ പരിശ്രമിക്കണം.
അങ്ങിനെ നാം തന്നെ നന്നാകാന്‍ പരിശ്രമിച്ചാല്‍, അങ്ങിനെ ലോകത്തിലെ എല്ലാ വ്യക്തികളും പരിശ്രമിച്ചാല്‍ മാത്രമേ ലോകം നന്നാകൂ.


(ഇതിനു അനുബന്തമായി കൊടുത്തിരിക്കുന്ന കവിതകള്‍ പലര്‍ എഴുതിയതാണ് കൂട്ടത്തില്‍ എന്റെയും ഒരെണ്ണം ഉണ്ട്. )






Thursday, March 1, 2012

ഉത്കണ്ടാ രോഗങ്ങള്‍ (Anxiety Disorders ) - പാനിക് ദിസോര്ദര്‍

നമുക്കെല്ലാം ഉത്കണ്ട ഉണ്ടാകാറുണ്ട്. ഉത്കണ്ട ഉണ്ടാകുക എന്നത് മനുഷ്യ സഹജവുമാണ്. ഉദാ: വരാന്‍ പോകുന്ന പരീക്ഷ, ഇന്റര്‍വ്യൂ, പ്രസംഗം, തന്റെ ചെറിയ മകന്‍ അല്ലെങ്കില്‍ മകള്‍ പുതിയ ഒരു നഗരത്തിലേക്ക് പോകുമ്പോള്‍ മാതാപിതാക്കല്കുണ്ടാകുന്ന ഉത്കണ്ട, ഇതിലൊന്നും അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ ചില മനുഷ്യര്‍ക്ക്‌ ഈ ഉത്കണ്ട എന്ന് പറയുന്ന വികാരം ഭയങ്കരമായിരിക്കും. സഹിക്കാവുന്നതിലും അപ്പുറം ആയി അതവര്‍ക്ക് അനുഭവപ്പെടും.
എന്താണ് പാനിക് ഡിസോര്ദര്‍?
എന്തെങ്കിലും കാര്യമോര്‍ത്തു ഉണ്ടാകുന്ന അതിരുകവിഞ്ഞ ഉത്കണ്ട. ഈ ഉത്കണ്ടാകുലമായ ചിന്ത കൂടി കൂടി വരുന്നു. ഇത് അനിയന്ത്രിതമാകുന്നു. ദിനചര്യകളോ ദൈനംദിന ജോലികളോ ചെയ്യാന്‍പോലും കഴിയാത്ത വിധത്തില്‍ അസ്വസ്ഥതകള്‍ വന്നു നിറയുന്നു. ആഴ്ചയില്‍ പല പ്രാവശ്യം ചിലര്‍ക്കിതുണ്ടാവുന്നു. ചിലര്‍ക്ക് ദിവസത്തില്‍ പല പ്രാവശ്യം ഉണ്ടായി എന്ന് വരും. ഇതൊരു അനുഭവമായി കഴിഞ്ഞാല്‍ ഒരു ആക്രമണം കഴിയുമ്പോള്‍ അടുത്തത്‌ എപ്പോഴാണ് എന്നുള്ള ഉത്കണ്ടയിലായി. നിറഞ്ഞ മനസ്സോടും തളര്‍ന്ന ശരീരത്തോടും കൂടി അയാള്‍ ഇരുന്നു പോകുന്നു. എങ്കിലും ഇരിക്കാന്‍ സാധിക്കുന്നില്ല. കാരണം മനസ്സ് അസ്വസ്ഥമാണ്. ഈ അസ്വസ്ത്തതയില്‍ നിന്നും രക്ഷപെടാന്‍ ചിലര്‍ ബാഹ്യ സമ്പര്‍ക്കമൊന്നും ചെയ്യാതെ വീടിനുള്ളില്‍ ചടഞ്ഞുകൂടും. ഈ വൈകാരികാവസ്ഥ സൃഷ്ടിക്കുന്ന സന്തര്ഭങ്ങള്‍ ഒഴിവാക്കാനാണ് ഈ ഒഴിഞ്ഞു മാറല്‍.

ആക്രമണം എങ്ങിനെ?

അസ്വസ്ഥതകള്‍ കുറേശെ കൂടി വരുന്നു. അത് കൂടി കൂടി അസഹനീയമാകുന്നു. ശ്വാസം മുട്ടല്‍ ഉണ്ടാകുന്നു. ശാസോച്ച്വാസത്തിന്റെ ദൈര്‍ഖ്യം കുറയുന്നു. നെഞ്ചിടുപ്പ് കൂടുന്നു, വിയര്‍ക്കുന്നു, ചില ശരീരഭാഗങ്ങള്‍ തുടിക്കുന്നു, അല്ലെങ്കില്‍ മരവിപ്പ് തോന്നുന്നു. എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍. താന്‍ മരിച്ചു പോകുമോ എന്ന് ചിന്തിച്ചുപോകുന്നു. മനസ്സ് ഏതോ ശൂന്യതാ ബോധത്തിനടിമപ്പെട്ടത് പോലെ ഉള്ള അനുഭവം. ഇങ്ങിനെയുള്ള അസ്വസ്ഥതകള്‍ എല്ലാവരിലും ഒരു പോലെ ആകണമെന്നില്ല. എങ്കിലും പൊതുവേ ഉള്ള സ്വഭാവം താഴെ പറയുന്നു.

a ) ശ്വാസം മുട്ടല്‍. ശാസോച്ച്വാസത്തിന്റെ ദൈര്‍ഖ്യം കുറയുന്നു.
b ) നെഞ്ചിടുപ്പ്, കമ്പനം. ഹൃദയസ്തംപനം പോലെയുള്ള അനുഭവം.
c ) ഇന്ദ്രിയ ബോധം നഷ്ടപ്പെട്ടത് പോലുള്ള തോന്നല്‍.
d ) ശൂന്യതാ ബോധം

ചിലര്‍ ഹൃദയസ്തംഭനം ആണെന്ന് ഭയന്ന് ആശുപത്രികളിലെ ICU വിലേക്ക് തള്ളിക്കയറി എന്ന് വരും. തന്നെ രക്ഷിക്കാന്‍ ഇനി ഇവിടെ മാത്രം അഭയം എന്ന് വിചാരിച്ചാണിത് ചെയ്യുന്നത്. ഏതോ അനിര്‍വചനീയമായതും, ഭയാനകവുമായ അസ്വസ്ഥതയുടെ നീരാളിപ്പിടുത്തില്‍ പെട്ടുപോകുന്നു. ഏതോ ശൂന്യതാ ബോധത്തില്‍ വ്യക്തി നിപതിക്കുന്നു. താന്‍ വെറും പൊള്ളയാണെന്ന് രോഗിക്ക് തോന്നുന്നു.

കാരണങ്ങള്‍

ശരിയായ കാരണത്തിന് ഗവേഷണം ഇപ്പോഴും നടക്കുന്നു. എങ്കിലും ഇപ്പോഴുള്ള അറിവനുസരിച്ച്. പാരമ്പര്യം, ദീര്ഖനാളായുള്ള ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും വേര്പാട്, വ്യക്തി പ്രത്വേകത, ജീവിത സാഹചര്യങ്ങള്‍ അങ്ങിനെ പലതുണ്ട്.

ഡിപ്രഷന്‍, OCD ഇവയുടെ കാരണമായ സെരറ്റൊനിന്‍ ഏറ്റക്കുറച്ചില്‍ ആണിവിടെയും ജീവശാസ്ത്രപരമായ കാരണം.

ചികിത്സ

ഭാഗ്യവശാല്‍ ഈ രോഗത്തിന് ഫലപ്രദമായ ചികല്സയുണ്ട്. രോഗം പൂര്‍ണമായി മാറ്റാന്‍ സാധിക്കും. നമ്മുടെ സമൂഹത്തില്‍ (ബന്ധുക്കള്‍ക്കോ ‍സുഹൃത്തുക്കള്‍ക്കോ ) ആര്‍ക്കെങ്കിലും Panic Disorder സംശയിച്ചാല്‍ ഉടന്‍ ഡോക്ടറിനെ കാണാന്‍ മടിക്കരുതേ.


Sunday, February 26, 2012

ഉത്കണ്ടാ രോഗങ്ങള്‍ (Anxiety Disorders )

ഉത്കണ്ടാ രോഗങ്ങള്‍ അല്ലെങ്കില്‍ വൈകാരിക രോഗങ്ങള്‍ എന്ന് ഇവ അറിയപ്പെടുന്നു. പെട്ടെന്ന് വരാന്‍ പോകുന്ന എന്തിനെക്കുറിചെന്കിലും വലിയ ഉത്കണ്ട ഉണ്ടാകുക അല്ലെങ്കില്‍ ചെറിയ ഭയം തോന്നുക. ഉദാ: വരാന്‍ പോകുന്ന പരീക്ഷ, നേരിടെണ്ടുന്ന ഇന്റര്‍വ്യൂ ഇവ. ചെയ്തവ ശരിയാണോ എന്ന് ഉത്കണ്ട തോന്നുകയോ ഭയക്കുകയോ ചെയ്യുക. ഈ ഉത്കണ്ട ശാരീരിക രോഗങ്ങള്‍ ആയി പരിണമിചെന്ന് വരാം. രണ്ടു തരം ഉത്കണ്ടാ രോഗങ്ങള്‍ മനുഷ്യരുടെ ഇടയില്‍ കാണുന്നു. Panic Disorder , ഓ.സി.ഡി (OCD – Obsessive Compulsive Disorder) എന്നീ രണ്ടു ഉത്കണ്ടാ രോഗങ്ങളെക്കുറിച്ച് നമുക്ക് മനസിലാക്കാം.

ഓ.സി.ഡി (OCD – Obsessive Compulsive Disorder)
ഓ സി ഡി എന്ന ചുരുക്ക രൂപത്തില്‍ ആണിതറിയപ്പെടുന്നത്. സര്‍വസാധാരണമായ ഒരു രോഗമാണ് OCD. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇത് കാണപ്പെടുന്നു. ഹോര്‍മോണ്‍ സംതുലനാവസ്തയിലെ ക്രമക്കേട് കൊണ്ടും അല്പം പാരമ്പര്യം കൊണ്ടും ഇതുണ്ടാകാം.

ലക്ഷണങ്ങള്‍
അശുഭകരമായ ചിന്തകളും മറ്റും ഇത്തരക്കാരെ സദാ അലട്ടിക്കൊണ്ടിരിക്കും. വീട്ടിലെ പൊടിപടലങ്ങള്‍ അടിച്ചു വാരി കഴിഞ്ഞാലും, വീണ്ടും ഒന്ന് കൂടി ചെയ്യും. പക്ഷെ തൃപ്തി വരാതെ വീണ്ടും ചെയ്യും. വീട് പൂട്ടി ഇറങ്ങിയ ആള്‍ വീണ്ടും ചെന്ന് പരിശോധിക്കും, വീട് പൂട്ടിയോ എന്ന്. ഫാന്‍ ഓഫ്‌ ചെയ്തോ, സ്ടൌ ഓഫ്‌ ചെയ്തോ എന്നൊക്കെ വീണ്ടും പോയി പരിശോധിക്കും. ഇതൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നിലം തുടച്ചാല്‍ വീണ്ടും തുടയ്ക്കും, ചെളി എവിടെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ച് വീണ്ടും തുടയ്ക്കും. കൈ കഴുകിയാല്‍ തൃപ്തി വരാതെ വീണ്ടും വീണ്ടും കഴുകും. മറ്റുള്ളവര്‍ കളിയാക്കിയെന്നിരിക്കും. എന്ത് ചെയ്യാന്‍ ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ല. കാരണം ഇതൊരു രോഗമാണെന്ന് എല്ലാവരും അറിയില്ല. ചിലര്‍ അറിയുമെങ്കിലും അവര്‍ക്ക് നിര്‍ത്താന്‍ പറ്റുന്നില്ല. അനിയന്ത്രിതമായ ചിന്തകള്‍ (obsessions ), പ്രവര്‍ത്തിയുടെ ആവര്‍ത്തനം (compulsions ) ഇത് രണ്ടുമാണ് ഇക്കൂട്ടരെ അലട്ടുന്നത്.

കാരണങ്ങള്‍
പ്രധാനമായും മൂന്നായി തിരിക്കാം, അതായതു ജീവശാസ്ത്രപരമായ കാരണങ്ങള്‍, പെരുമാറ്റ-പാരിസ്ഥിതിക കാരണങ്ങള്‍, മനശാസ്ത്രപരമായ കാരണങ്ങള്‍ എന്നിവയാണ്

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ വിവരിച്ചാല്‍ ഈ ലേഖനം കൂടുതല്‍ നീണ്ടു പോകും. തന്നെയുമല്ല സാധാരണക്കാരെ സംബന്ധിച്ച് അതിവിടെ
പ്രധാന്യമില്ലാത്തതും ആയതിനാല്‍ താഴെ കാണുന്ന ചുരുക്ക രൂപത്തിലുള്ള കാരണം മനസ്സിലാക്കാം.

ഇതൊരു പാരമ്പര്യ രോഗമാണെന്ന് പറയാം. പാരമ്പര്യം ഇല്ലാത്തവരിലും ഉണ്ട്. സെരറ്റൊനിന്‍ (seratonin ) എന്ന രാസ, ജൈവ സംയുക്തത്തിന്റെ അസന്തുലിതാവസ്ഥ ആണ് പ്രധാന കാരണം. കേന്ദ്ര നാഡീ വ്യൂഹം, രക്തത്തിലെ പ്ലെട്ലെറ്റ്, ദാഹനവ്യവസ്ഥ ഇവയില്‍ ഇത് കാണപ്പെടുന്നു. ഇതൊരു നാടീ പ്രേഷകം ആയും ഹോര്‍മോണ്‍ ആയും പ്രവര്‍ത്തിക്കുന്നു. ഇതിന്റെ അളവ് കുറഞ്ഞാലും കൂടിയാലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഉദാ: ഇന്‍സുലിന്‍ അളവ് കൂടിയാലും, കുറഞ്ഞാലും പ്രശ്നം. Voltage കൂടിയാല്‍ ഫ്യൂസ് കത്തിപ്പോകുന്നു, Voltage കുറഞ്ഞാല്‍ കത്തത്തുമില്ല. BP കൂടിയാലും കുറഞ്ഞാലും പ്രശ്നം എന്ന് പറയുന്നത് പോലെയാണിതും. ഡിപ്രഷന്‍, പാനിക് ദിസോര്ടെര്‍ എന്നീ രോഗങ്ങളിലും ഇതേ കാരണമാണ് ഉണ്ടാകുന്നത്. ഹോര്‍മോണ്‍ സമതുലനാവസ്ഥ നിലനില്‍ക്കണമെങ്കില്‍, ശരീരത്തിലെ ചില ജൈവ വൈദ്യുത പ്രേഷണങ്ങള്‍ നന്നായിരിക്കണം. അതായതു അതിര് കടന്ന ഉത്തേജനം കൊടുക്കുന്ന നാഡീ പ്രേഷകവും (excitatory neurotransmitters ), ഈ അമിത ഉത്തേജനത്തെ തടയുന്ന നാഡീ പ്രേഷകവും (inhibitory neurotransmitters ) നമ്മുടെ ശരീരത്തില്‍ ഉണ്ട്. രോഗങ്ങളെ തടയാന്‍ ഇവ തമ്മിലുള്ള സമതുലനാവസ്ഥ ആവശ്യമാണ്.

ആര്‍ക്കൊക്കെ വരാം
ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എങ്കിലും കൌമാരക്കാരിലും യുവത്തത്തിന്റെ തുടക്കത്തിലും ആണ് കൂടുതല്‍ കാണുക. വളരെ കുറച്ചു ശതമാനം ബാല്യത്തില്‍ തന്നെ കാണാന്‍ സാധിക്കും.

ചികിത്സ
ഫലപ്രദമായ ചികിത്സക്കുള്ള നിരീക്ഷണങ്ങള്‍ ഇപ്പോഴും നടക്കുന്നു. സൈക്കോതെറാപ്പിയും ഡ്രഗ്തെറാപ്പിയും ആവശ്യമാണ്‌. ഡ്രഗ്തെറാപ്പിക്ക് ശേഷമാണ് സൈക്കോതെറാപ്പി ചെയ്യുന്നത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും സഹായ സഹായ സഹകരണങ്ങള്‍ ഇതിനു ആവശ്വം ആണ്. നിങ്ങള്‍ക്കോ, ബന്ധുക്കള്‍ക്കോ, കൂട്ടുകാര്‍ക്കോ OCD ഉണ്ടെങ്കില്‍ ഉടന്‍ ഫാമിലി ഡോക്ടറെ സമീപിക്കണം. ഇത് പൂര്‍ണമായി മാറ്റാവുന്ന രോഗമാണ്.



..... Next article Panic Disorder

Tuesday, February 7, 2012

ഭയം



ഭയം എന്ന വികാരം മനുഷ്യനെ വേട്ടയാടുന്നത് വിവിധ തരത്തിലാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ജീവന്റെ നിലനില്പിന് വേണ്ടിയുള്ള മനസ്സിന്റെ ആദ്യ പ്രതിരോധ നടപടിയാണ് അത്. മനശാസ്ത്രപരമായി എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണഭയം ആണ്. ഏതു ചെറിയ ഭയത്തിന്റെ കാരണം എടുത്തു പരിശോധിച്ചാലും പൂജ്യത്തില്‍ നിന്ന് തുടങ്ങി നൂറില്‍ അവസാനിക്കുന്ന ആ കാരണം മരണത്തില്‍ ചെന്നവസാനിക്കും. ഭയം മനുഷ്യന്റെ പല വികാരങ്ങളില്‍ ഒന്നാണെങ്കിലും അത് മനുഷ്യന് ഗുണവും ദോഷവും ചെയ്യുന്നു. ഭയം പല അപകടങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നു. എന്നാല്‍ അകാരണ ഭയം രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ലോകത്തില്‍ ഒരിക്കലെങ്കിലും ഭയക്കാത്ത ആരും ഉണ്ടാവില്ല.

എന്താണ് ഭയം (fear )

സാധാരണ ഭയം നാഡീ വ്യവസ്ഥയുമായി ബന്ധമുള്ള ഒന്നാണ്. ഭയം ഉണര്‍ത്തുന്ന സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ നമ്മുടെ കേന്ദ്ര നാഡീ വ്യവസ്ഥ,
ശരീരത്തെയും മനസ്സിനെയും അവയെ നേരിടാന്‍ സജ്ജമാക്കുന്നു. ഭയം തലച്ചോറിലെ തലാമസില്‍ എത്തുമ്പോള്‍, തലാമസ് (thalamus ) വിവരങ്ങളെ സ്വീകരിച്ചു sensory cortex എന്ന സ്ഥലത്ത് എത്തിക്കും. അവിടെ നിന്നും സിഗ്നലുകള്‍ hypothalamus (fight or flight ), amygdala (ഭയം), hippocampus (ഓര്മ) എന്നീ കേന്ദ്രങ്ങളിലേക്ക് കൊടുക്കുന്നു. ഇങ്ങിനെയാണ്‌ ഭയം എന്ന പ്രക്രിയ തലച്ചോറില്‍ നടക്കുന്നത്.

adrenal gland പുറപ്പെടുവിക്കുന്ന corticosteroid ന്റെ ഭാഗമായ cortison എന്ന ഹോര്‍മോണ്‍ ഫോബിയ പ്രതിരോധത്തിന് ഉപയോഗിക്കുന്നു. ഇത് ശരീരത്തില്‍ കുറഞ്ഞാല്‍ ഫോബിയ കൂടും.

ഫോബിയ (phobia )

മുകളില്‍ പറഞ്ഞിരിക്കുന്ന സാധാരണ ഭയം ആണെങ്കിലും, മനസ്സിന്റെ അകാരണ ഭയത്തെ സൂചിപ്പിക്കാന്‍ മനശാസ്ത്രത്തില്‍ ഭയത്തെ ഫോബിയ എന്നാണ് പറയുന്നത്. panic disorder , anxiety disorder , psychosis , schizophrenia ഇവയിലൊക്കെ ഭയം ഉണ്ടെങ്കിലും അത് ആ മാനസിക രോഗത്തിന്റെ ഭാഗമായാണ് പരിഗണിക്കുന്നത്. ഇവിടെ ഫോബിയ എന്ന് പറയുന്നത് ഒരു വലിയ മാനസിക രോഗം അല്ല എന്നാല്‍ മനശക്തിയുടെ കുറവാണെന്ന് പറയാം.

എന്താണ് ഫോബിയ

നിരുപദ്രവകാരികള്‍ ആയ വസ്തുക്കളോടോ, ജീവിയോടോ, സ്ഥലത്തോടോ, ഇരുട്ടിനോടോ, വെള്ളത്തിനോടോ അങ്ങിനെ അനേകം വസ്തുക്കളോട് നമ്മുടെ മനസ്സിനുണ്ടാകുന്ന അകാരണവും യുക്തിരഹിതവും ആയ ഭയം ആണ് ഫോബിയ. ഇത് ശരീരത്തിന് അലര്‍ജി വരുന്നത് പോലെയാണ്. അലര്‍ജിയുടെ സാങ്കേതിക കാരണങ്ങള്‍ എല്ലാവര്ക്കും അറിയില്ലെങ്കിലും ഏകദേശം എങ്ങിനെ ഉണ്ടാകുന്നു എന്നത് ഇപ്പോള്‍ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. അതത്ര വ്യാപകമാണ്. അതായതു നിരുപദ്രവകാരികള്‍ ആയ വസ്തുക്കളോട് ശരീരത്തിനുണ്ടാകുന്ന അമിത പ്രതികരണമാണ് അത്. അലര്‍ജി ശരീരത്തിനാനെങ്കില്‍ ഫോബിയ മനസ്സിനാനെന്നു മാത്രം. അനേകം ഫോബിയകള്‍ ഉണ്ട്.

ഉദാ: ഉയരത്തോടുള്ള ഭയം (acrophobia ), അടച്ചിട്ട സ്ഥലത്തോടുള്ള ഭയം (clausophobia ), വെള്ളത്തോടുള്ള ഭയം (acquaphobia ), ശബ്ദത്തോടുള്ള ഭയം (accoustophobia ) ഇങ്ങിനെ ‍മനുഷ്യനെ അലട്ടുന്ന ഭയം നിരവദിയാണ്.

പ്രസിദ്ധ മനശാസ്ത്രന്ജന്‍ ആയിരുന്ന John B Watson തന്റെ Little Albert Experiment എന്ന പുസ്തകത്തില്‍ ഫോബിയ എന്ന പ്രതിഭാസത്തിന്റെ ഒരു case study ആണ് നടത്തിയിരിക്കുന്നത്. അതനുസരിച്ച് ജന്മവാസന‍ (instinct ) യെക്കാള്‍ മനുഷ്യന്റെ ഭയത്തെ നിയന്ത്രിക്കുന്നത്‌ പരിതസ്ഥിതികളും, ചുറ്റുപാടുമുള്ള വസ്തുക്കളോടുള്ള പ്രതികരണവും ആണ്. ഇവിടെ ഫ്രോഇടിയന്‍ തിയറി ആകുന്ന ജന്മവാസന‍ (instinct ) യെ ചോദ്യം ചെയ്തിരിക്കയാണ് വാട്സണ്‍.

സാധാരണ മനുഷ്യനെ അലട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ താഴെ കൊടുക്കുന്നു;

തവള, പാറ്റ, പഴുതാര, പാമ്പ്‌, എലി, ഇഴജന്തുക്കള്‍, ഉയരം, വെള്ളം, അടച്ചിട്ട സ്ഥലങ്ങള്‍, ഇരുട്ട്, ശബ്ദം, ടണലുകള്‍, മരണം, യുദ്ധം, കൊള്ളക്കാര്‍, തീവ്രവാദം, ഇങ്ങിനെ എണ്ണമറ്റ വസ്തുക്കള്‍ ഫോബിയ ഉണ്ടാക്കുന്നുണ്ട്.

ഈ ഫോബിയ എന്നതിന്റെ ചെറിയ ഒരുദാഹരണം പറയുമ്പോള്‍ എനിക്ക് എന്റെ സഹോദരി (ചേച്ചി) യുടെ കാര്യം ആണോര്‍മ വരുന്നത്. ചേച്ചിക്ക് പണ്ട് മുതലേ തവളയെ പേടിയായിരുന്നു. ഞങ്ങള്‍ കുഞ്ഞുനാളില്‍ സമ്മാനമാണെന്ന് പറഞ്ഞു തവളയെ പിടിച്ചു പൊതികെട്ടി ചേച്ചിക്ക് കൊടുക്കുമായിരിന്നു. വലിയ കൊതിയോടു ചേച്ചി പൊതി തുറക്കും. ഉടനെ തവള നേരെ മുഖത്തോട്ടൊരു ചട്ടവും ഓട്ടവും ആയിരിക്കും. ഇത് മതി പേടിച്ചു വലിയ വായില്‍ ഒച്ച വെച്ച് തളര്‍ന്നു താഴെ വീഴാന്‍. എന്റെ അമ്മയ്ക്കും പാമ്പുകളോട് ഭയം ആയിരുന്നു. അകലെ കൂടെ പോകുന്ന പാമ്പിനെ പോലും നോക്കാന്‍ പോലും പേടി ആയിരുന്നു.

ഇനി എന്റെ കഥ പറയാം, എനിക്കും കുഞ്ഞു നാളില്‍ മണ്ണിരയോട് വല്ലാത്ത അറപ്പും പേടിയും ആയിരിന്നു. ഇന്ന് കുറച്ചൊക്കെ മാറി എന്ന് പറയാം. ഇത് മാറാന്‍ കുറേശ്ശെ കുറേശ്ശെ അടുത്തിഴപഴകാന്‍ നോക്കണം. പക്ഷെ കൂടുതല്‍ അടുത്തിടപഴകാന്‍ പോയാല്‍. പല പ്രശ്നങ്ങളും ഉണ്ടാകും എന്നതും ഒരു സത്യം ആണ്. എന്റെ അനുഭവം തന്നെ പറയാം, ഞാന്‍ ചെറുപ്പത്തില്‍ എലി, ചേര, ഓന്ത്, എട്ടുകാലി, അട്ട, നീര്‍കോലി, ആമ ഇവയൊക്കെ ആയി അടുത്തിടപഴകാന്‍ സമയം കണ്ടെത്തിയിരുന്നു, ഫലമോ ഈ ജീവികളില്‍ പലതും അവസാനം എന്നെ കടിച്ചിട്ട്‌ പോയി. ചേര കടിച്ചപ്പോള്‍ എനിക്ക് പേടി ഇല്ലായിരിന്നു (സാധാരണ ചേര കടിക്കില്ല ചുറ്റുകയാണ് ചെയ്യുന്നത്). കാരണം മഞ്ഞചേരക്ക് വിഷം ഇല്ലെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ വീട്ടുകാര്‍ക് പേടിയായി രണ്ടു ദിവസം ഹോസ്പിറ്റലില്‍ അട്മിറ്റായിരിന്നു. എട്ടുകാലി, എലി ഇവയൊക്കെ കടിച്ചപ്പോള്‍ തുളസിയില വെള്ളത്തില്‍ കലക്കി കുടിച്ചു.

സൂക്ഷിക്കുക

ഹോസ്പിടലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പ്രത്യേകിച്ചു പെണ്‍കുട്ടികളില്‍, ചില അന്ധ വിശ്വാസങ്ങള്‍ കടന്നുകൂടി, അകാരണ ഭയത്തോടും അത് പിന്നെ ഫോബിയ എന്ന പ്രതിഭാസത്തിലേക്കും കടന്നു കൂടാറുണ്ട്. കാരണം അവര്‍ ഭാവിയെ കുറിച്ച് ചിന്തിക്കുകയും ഒജോബോര്ദ്, കൂടോത്രം ഇവയിലൂടെ യാധര്ധ്യ ബോധവും, അനിശ്ചിതത്വ ഭാവിയുടെ വരും വരായകകളെക്കുറിച്ച് ചിന്തിച്ചു മാനസിക അസുന്തലാവസ്തയുമായി ആയിരിക്കും വീടുകളില്‍ വന്നു കയറുക. ഇവര്‍ ഫോബിയ, panic disorder ഇവക്കൊക്കെ അടിമപ്പെടാന്‍ സാധ്യതയുണ്ട്.

എങ്ങിനെ നേരിടാം

ഇങ്ങിനെയുള്ള ഭയത്തെ നേരിടാന്‍ നാം അവയില്‍ നിന്ന് അകന്നു പോകുന്നതിനു പകരം ചെറുതായി ചെറുതായി സൌഹൃദം സ്ഥാപിച്ചു, അവയുമായി cope ആകുകയെ നിവൃത്തിയുള്ളൂ. ഉദാ: ആദ്യം അവയുടെ പടത്തെ നോക്കുക, പിന്നെ പിന്നെ വീഡിയോ നോക്കുക, പിന്നെ യഥാര്‍ഥ വസ്തുവുമായി പതിയെ പതിയെ താതാത്മ്യം പ്രാപിക്കുക. അങ്ങിനെ പൂര്‍ണതയില്‍ എത്തുക. എങ്കിലും സൂക്ഷിക്കുക.


Wednesday, January 4, 2012

മനസ്സിന്റെ ത്രിത്വ തലങ്ങള്‍

മനസ്സ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമല പോലെയാണ്. ഇത് മനസ്സിന്റെ ഭാവനാ ചിത്രം ആണ്. തലച്ചോറില്‍ ഇങ്ങിനെയോന്നില്ല.



നാം ചിലരെക്കുറിച്ച് അയാള്‍ വലിയ "ഈഗോ" ഉള്ളവനാണെന്ന് വലിയ തലക്കനം (വലിയഭാവം) കാണിക്കുന്നവരെ കുറിച്ച് പറയാറുണ്ടല്ലോ. മനശാസ്ത്ര അര്‍ത്ഥതലത്തിലും അങ്ങിനെ ഏകദേശം അര്‍ഥം വരുന്ന ഒരു ശബ്ദം ആണത്. ദൈവിക ദൈവികസങ്കല്പത്തില്‍ ചില മതങ്ങളില്‍ (ഉദാ: ഹിന്ദുമതം, ക്രിസ്തുമതം) ദൈവത്തിനു മൂന്നു മൂര്‍ത്തികള്‍ ഉണ്ട്. എന്നത് പോലെ മനുഷ്യ മനസ്സിനും മൂന്നു തലങ്ങള്‍ വീതം ഉണ്ട്. ഈ ത്രിത്വ തലങ്ങളിലൂടെ മനസ്സിന്റെ മറിമായങ്ങള്‍ മനസ്സിലാക്കുന്നത്‌ വളരെ കൌതുകം ഉണര്‍ത്തുന്ന ഒന്നാണ്. ഗ്രീക്ക് തത്വ ചിന്തകരായ പ്ലേടോയും അരിസ്ടോടിലും വ്യക്തിത്വത്തിന് മൂന്നു തലങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

സന്തോഷത്തേയും സന്താപത്തെയും കാണിക്കുന്ന മനുഷ്യന്റെ സ്വഭാവത്തെ പൊതുവേ പത്തായി തിരിക്കാം

1 ) വളരെ മുന്കോപികള്‍
2 ) വളരെ ക്ഷമ ഉള്ളവര്‍
3 ) എപ്പോഴും സന്തോഷം ഉള്ളവര്‍
4 ) ‍ എത്ര ദേഷ്യം, ദുഃഖം, സന്തോഷം ഇവയൊക്കെ വന്നാലും പുറമേ കാണിക്കാത്തവര്‍
5 ) എല്ലായിപ്പോഴും ശാന്തത പ്രകടിപ്പിക്കുന്നവര്‍. ഇവര്‍ വളരെ ചുരുക്കം ആയിരിക്കും.
6 ) നന്നായി ചിരിക്കാനോ, സന്തോഷം പ്രകടിപ്പിക്കാനോ അറിയാത്തവര്‍
7 ) ദുഃഖം, ദേഷ്യം ഇവ പ്രകടിപ്പിക്കാന്‍ അറിയാത്തവര്‍.
8 ) പെട്ടെന്ന് ചിരിയും കരച്ചിലും വരുന്നവര്‍
9 ) ഒരിക്കലും ചിരിക്കാത്തവര്‍
10) എപ്പോഴും ചിരിക്കുന്നവര്‍

ഇങ്ങിനെ എത്രയോ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ഇതൊക്കെ പാരമ്പര്യം, ജന്മവാസന (instinct ), വിദ്യാഭ്യാസം, സാമൂഹ്യമായ ഇടപെടല്‍ എന്നിവ കൊണ്ട് രൂപപ്പെടുന്നതാണ്. എന്നാല്‍ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മനുഷ്യന്റെ മനസ്സിന്റെ ഉള്ളില്‍ നന്മ തിന്മകളുടെ യുദ്ധം (conflicts ) നടക്കുന്നത് സ്വാഭാവികമാണ്. ഈ സംഗതികളെ നിയന്ത്രിക്കുന്ന നമ്മുടെ മനസ്സിന്റെ ആ മൂന്നു തലങ്ങളെക്കുറിച്ച് അല്പം ചിന്തിക്കാം;

ഈദ്, ഈഗോ, സുപ്പര്‍ ഈഗോ

മനുഷ്യന് ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്സ് എന്നീ മൂന്നു ഖടനാപരമായ തലങ്ങളും ഇവയെ നിയന്ത്രിക്കുകയും സന്തത സഹചാരിയുമായി കൂടെ കാണുന്ന മൂന്നു പ്രവര്‍ത്തനപരമായ തലങ്ങളും ഉണ്ട്. അവയാണ് ഈദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിവ.

ഈദ്ഈദ് ജന്മവാസനകളുടെ നിറകുടമാണ്. സാമൂഹ്യബോധമോ, യാഥാര്ധ്യ ബോധമോ ഈദിനില്ല. ജനിക്കുന്ന ഒരു കുഞ്ഞിനു മനസ്സില്‍ ഈദ് മാത്രമേ ഉള്ളു.

ഈഗോഇത് ബാഹ്യ യാഥാര്ധ്യങ്ങളോട് ഏറ്റവും അടുത്ത് നില്കുന്നു. ഈദിന്റെ ആഗ്രഹം മനസ്സിലാക്കി ഏറ്റവും അനുയോജ്യമായി ഭൌതിക കാര്യങ്ങളുടെ പൂര്‍ത്തീകരണം ആണ് കക്ഷിയുടെ ലക്‌ഷ്യം. ചെയ്തു പോയ കാര്യത്തില്‍ തെറ്റുണ്ടെങ്കില്‍ പശ്ചാത്തപമോ കുറ്റബോധമോ ഈഗോക്കില്ല. എല്ലാക്കാര്യത്തിലും ഈദിന് കൂട്ടുണ്ടാകും.

സുപ്പര്‍ ഈഗോനന്മകളുടെയും ഗുണങ്ങളുടെയും വിളനിലമാണ് സുപ്പര്‍ ഈഗോ. സാമൂഹികവും സാംസ്കാരികവുമായ ഇടപെടലിലൂടെയാണ് സുപ്പര്‍ ഈഗോ വികസിച്ചു വരുന്നത്. സമൂഹ്യമൂല്യങ്ങളില്‍ നിന്നും ഉരിതിരിയുന്ന കുറ്റബോധം ego ideal ആണ്. അതൊരു സത്ഗുണ സമ്പന്ന പീഠം ആണ്. ആ സ്വര്‍ഗ്ഗ പടിവാതിലില്‍ എത്തിപ്പെടാന്‍ പ്രയാസമാണ്. അടുക്കുന്തോറും അകന്നകന്നു പോകും.

ഒരു കുഞ്ഞിന്റെ വളരുന്ന സാഹചര്യത്തില്‍ അതിനെ സമൂഹത്തില്‍ നിന്നും അകത്തി നിര്‍ത്തിയാല്‍, അവനില്‍ ഈദും, ഈഗോയും മാത്രമേ കാണൂ. സുപ്പര്‍ ഈഗോ കാണില്ല. ഈ മൂന്നു തലങ്ങളും ബോധ, ഉപബോധ, അബോധ മനസ്സുകളില്‍ പ്രവര്‍ത്തിക്കുന്നു.

ഖടനാപരമായ മൂന്നു തലങ്ങള്‍
മനുഷ്യന് ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്സ് എന്നീ മൂന്നു തലങ്ങള്‍ ഉണ്ടല്ലോ. അവയില്‍ നന്നായി നമുക്കറിയാവുന്നത്‌ ബോധമനസ്സിനെ മാത്രമാണ്. അല്പം താഴെയായി ഉപബോധ മനസ്സും. അല്പം മിനക്കെട്ടാല്‍ ഉപബോധമനസ്സും മനസ്സിലാകും. ഉദാ: നാം നന്നായി പഠിച്ചു വെച്ചിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് മനസ്സില്‍ വരുന്നില്ല. പക്ഷെ അല്പം പരിശ്രമിച്ചാല്‍ ഓര്മ തിരിച്ചു വരുന്നു. ഇതാണ് ഉപബോധ മനസ്സ്. ഓര്‍മ്മിക്കല്‍, ഹിപ്നോസിസ് എന്നിവ വഴി ഉപബോധ മനസ്സ് പുറത്തു വരുന്നു. മനശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രൊഇദ് അബോധ മനസ്സിനെ മനസ്സിലാക്കിയത് പോലെ വേറൊരു ശാസ്ത്രഞ്ജന്‍ മനസ്സിലാക്കിയിട്ടില്ല. ഏറ്റവും ആഴത്തിലുള്ള തലമാണ് അബോധമനസ്സ്. ദ്വന്ത വ്യക്തിത്വം (dual personality ), മാനസിക വിരേചനം (catarsis ), പ്രത്യയനം (hypnosis ), Abreaction എന്നിവ വഴി ഇത് പുറത്തു വരുന്നു.

മനസ്സിലെ സങ്കര്‍ഷങ്ങള്‍ (conflicts of mind )
ഒരു മനുഷ്യന്‍ നമുക്ക് വലിയ ദ്രോഹം ചെയ്തെന്നു വെയ്ക്കുക. അങ്ങിനെ നമുക്കവന്‍ ഒരു ശത്രുവായി മാറുന്നു. ഇവിടെ ഈദ് പറയുന്നു “എനിക്കവനെ എങ്ങിനെയും നശിപ്പിക്കണം”. ഈഗോ പറയും “അയാള്‍ അത്ര നിസ്സാരന്‍ ഒന്നുമല്ല. വിട്ടുകള." എന്നാല്‍ സുപ്പര്‍ ഈഗോ പറയുന്നു “ശത്രുത കൊണ്ടെന്തു നമുക്ക് കിട്ടും. ഒരു കരണത്തടിക്കുന്നവന് മറുകരണം കാട്ടികൊടുക്കനല്ലേ പറയുന്നത്. ശത്രുത അവസാനിപ്പിച്ചു അയാളുമായി രമ്യതയില്‍ ആകാം.” ഇവിടെ നന്മയും തിന്മയും തമ്മിലുള്ള സങ്കര്‍ഷങ്ങള്‍ ആണ് മനസ്സില്‍. അബോധ മനസ്സില്‍ ഈദ് എന്ന തിരിച്ചറിവില്ലാത്ത ഭാഗവും സുപ്പര്‍ ഈഗോ എന്ന നന്മയെ തിരിച്ചറിയുന്ന ഭാഗവും തമ്മില്‍ എപ്പോഴും സങ്കര്‍ഷത്തില്‍ ആണ്. ഈദിന്റെ ഇഷ്ടമനുസരിച്ച് ഈഗോ പല കാര്യങ്ങളും ചെയ്യന്നു. എങ്കിലും സുപ്പര്‍ ഈഗോ എന്ന മനസാക്ഷി അതൊരു നൊമ്പരമായി മനസ്സില്‍ സൂക്ഷിക്കുന്നു. ഇങ്ങിനെ ഇഷ്ടാനിഷ്ടങ്ങളെ മനസ്സിന്റെ സങ്കര്‍ഷങ്ങളില്‍ ബലിയര്‍പ്പിക്കുമ്പോള്‍, ചില ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും ഈഗോ അബോധ മനസ്സിലേക്ക് മനപൂര്‍വം തിരുകി കയറ്റുന്നു. ഇവ ദ്വന്ത വ്യക്തിത്വം, ഹിപ്നോസിസ്, മാനസിക വിരേചനം പോലുള്ള പ്രതിഭാസത്തിലൂടെ പുറത്തു വരുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍ (Defence mechanisms )
പല മനുഷ്യരുടെയും പെരുമാറ്റങ്ങള്‍ മനസ്സിലെ സങ്കര്‍ഷങ്ങള്‍ അയവ് വരുത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ആണ്. ഇവയെ ഈഗോ പ്രതിരോധ മാര്‍ഗങ്ങള്‍ (Ego Defence mechanisms ) എന്ന് പറയുന്നു. താഴെ ചില ഉദാഹരണങ്ങള്‍ കാണുക;

1 ) താന്‍ പ്രണയിച്ച ആളിനെ സ്വന്തമാക്കാന്‍ ‍ പറ്റാതെ വരുന്ന കാമുകന്‍ ‍ പ്രണയ കവിതകള്‍ എഴുതി ആ സങ്കര്ഷത്തിനു അയവ് വരുത്തുന്നു. പല പ്രസിദ്ധ കവിതകളും ഇങ്ങിനെയുണ്ടായിട്ടുണ്ട്. ഈ പ്രതിരോധത്തിന് sublimation എന്ന് പറയുന്നു.

2 ) തന്റെ പണക്കാരനായ ബന്ധുവിനെ ഇഷ്ടമില്ലാത്തതിനാല്‍ അദ്ധേഹത്തിന്റെ മരണം ആഗ്രഹിക്കുകയും സുപ്പര്‍ ഈഗോ അത് എതിര്‍ക്കുകയും ചെയ്യുന്നു ഈ പ്രതിരോധം മാറിമറിഞ്ഞു ഓഫീസിലെ മാനജരോട് വഴക്കിടുകയും ജോലിയില്‍ താല്പര്യം കുറഞ്ഞു ഒരു വഴക്കാളി ആയി മാറുന്നു. ഇതിനു സ്ഥാനഭ്രംശം (displacement ) എന്ന് പറയുന്നു.

3 ) മധ്യവസ്സായ ഒരു അവിവാഹിതയായ യുവതി തനിക്കു ഒരു കാമുകനെ വേണമെന്ന് ആഗ്രഹിക്കുകയും സുപ്പര്‍ ഈഗോക്ക് അതിഷ്ടമില്ലാതെ വരുകയും ചെയ്യുന്നു. പക്ഷെ ആ libidinal ഊര്‍ജം മാറിമറിഞ്ഞു കട്ടിലിനടിയില്‍ ആരോ ഒളിഞ്ഞ് ഇരിക്കുന്നതായി എപ്പോഴും ഭയക്കുന്നു. മനസ്സിന്റെ ഈ ചാന്ചാട്ടത്തെ Reaction formation എന്ന് പറയുന്നു.

4 ) ഈഗോക്കും സുപ്പര്‍ ഈഗോക്കും ഇഷ്ടമില്ലാത്ത കാര്യങ്ങളെ ഈഗോ അബോധ മനസ്സിലേക്ക് തിരുകി കയറ്റുന്നു. ഇതിനു നിര്‍മാര്‍ജനം (repression ) എന്ന് പറയുന്നു. ഈ പ്രതിരോധം പലപ്പോഴും പൂര്‍ണമാകാറില്ല. ഇത് ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

5 ) ഇങ്ങനെ പൂര്‍ത്തിയാകാത്ത repression ഭാവിയില്‍ രോഗങ്ങളായി പരിണമിക്കുന്നു. ഇതിനെ പുനര്മാറ്റം (conversion ) എന്ന് പറയുന്നു. ഹിസ്ടീരിയ പോലുള്ള മാനസിക രോഗങ്ങളില്‍ ഇതാണ് സംഭവിക്കുന്നത്‌.

6 ) കടുത്ത മാനസിക സങ്കര്‍ഷം മൂലം ചെറുപ്പകാലത്തിലേക്ക് മനസ്സ് ചുരുങ്ങി ചുരിങ്ങി പോകുന്ന അവസ്ത്തയുണ്ടാകുന്നു. ഇതിനെ അധോഗമനം (regression ) എന്ന് പറയുന്നു. ഇത് തന്നെ രണ്ടു തരം ഉണ്ട്. ego regression ഉം libidinal regression ഉം. സ്കിസോഫ്രീനിയ പോലുള്ള മാനസിക രോഗങ്ങളി ഇതാണ് സംഭവിക്കുന്നത്‌.

7 ) മാതാപിതാക്കള്‍, നേതാക്കള്‍, അധ്യാപകര്‍, സിനിമാ നടന്മാര്‍ ഇവരെ ഈഗോയും, സുപ്പര്‍ ഈഗോയും അനുകരിക്കാന്‍ ശ്രമിക്കുന്നു. അവരുടെ ഭാവങ്ങള്‍ അനുകരിച്ചു അഭിനയിക്കാന്‍ തുടങ്ങുന്നു. ഇതിനെ സാത്മ്യവത്കരണം (identification ) എന്ന് പറയുന്നു.

8 ) സുപ്പര്‍ ഈഗോയുടെ ശക്തമായ പ്രതിരോധമാണ് introjection. വേറൊരു വ്യക്തിയുടെ ഭാവങ്ങളും, പെരുമാറ്റങ്ങളും അനുകരിച്ചു അബോധ മനസ്സിന്റെ മിഥ്യാ ഭാവന അയാള്‍ താന്‍ തന്നെയെന്നു ഉറക്കുന്നു. പിന്നതു ഒരു ധ്വന്ത വ്യക്തിത്വമോ, സ്കീസോഫ്രീനിയയോ മറ്റോ ആയി പുറത്തു വന്നെന്നു വരാം.

9 ) ഈഗോക്കും, സുപ്പര്‍ ഈഗോക്കും അന്ഗീകരിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ അത് മറ്റുള്ളവരിലേക്ക് ചാര്‍ത്തി മറുള്ളവരെ കള്ളന്മാര്‍ എന്ന് വിളിക്കുന്നു. ഇതിനെ പ്രതിഭലനം (projection ) എന്ന് പറയുന്നു.

10 ) ഹിപ്നോസിസ് നടത്തുന്ന ഒരു ഡോക്ടര്‍ തന്റെ രഹസ്യങ്ങള്‍ എല്ലാം അറിഞ്ഞെന്നു തോന്നുമ്പോള്‍ അയാള്‍ക് ആ ഡോക്ടറിനോട്‌ പ്രത്യേക അടുപ്പമോ അകല്‍ച്ചയോ ഉണ്ടാകുന്നു. ഇതിനു Transference എന്ന് പറയുന്നു. അതുപോലെ ഡോക്ടറിനു തിരിച്ചു രോഗിയോടും ആ വികാരം തോന്നാം അപ്പോള്‍ അതിനെ Counter Transference എന്ന് പറയുന്നു.

ഇങ്ങിനെയുള്ള മനസ്സിന്റെ ചാഞ്ചാട്ടം മനസ്സിലെ ഈഗോയുടെയും സുപ്പര്‍ ഈഗോയുടെയും പ്രതിരോധ മാര്‍ഗങ്ങള്‍ ആണെന്ന് സാധാരണക്കാരായ നാം മനസ്സിലാക്കിയാല്‍ ജീവിതത്തില്‍ പല പ്രശ്നങ്ങളും തരണം ചെയ്യാന്‍ സാധിക്കും.