നാം എല്ലാം സാധാരണ കേട്ടുള്ള മാനസിക വൈകല്യങ്ങള്‍ ചിത്തഭ്രമം,
മതിഭ്രമം, ഞരമ്പ് രോഗം, മാനസിക രോഗം എന്നൊക്കെ ആണല്ലോ എന്നാല്‍ സമൂഹത്തില്‍
ചിലര്‍ക്കെങ്കിലും ഉള്ളതും കാര്യമാക്കാതെ, ചികിത്സിക്കാതെ വിട്ടു അവസാനം വലിയ
വൈഷമ്യത്തിലേക്കും എത്തിക്കുന്ന ചില മാനസികാവസ്ഥകള്‍/ലക്ഷണങ്ങള്‍ (syndromes)
കൌതുകവും എന്നാല്‍ അതിശയവും നമുക്ക് ഉണ്ടാക്കാം. നാം പലരും അപ്പോള്‍
ചിന്തിക്കുന്നത് അത് അവന്റെ/അവളുടെ/അദ്ദേഹത്തിന്റെ തോന്നലുകളാണ് എന്നായിരിക്കും. പല
അസ്വാഭാവിക പെരുമാറ്റങ്ങളും നാം ചെയ്യുമ്പോള്‍ മനശാസ്ത്രത്തിന്റെ ഭാഷയില്‍ അത്
മാനസിക വൈകല്യങ്ങളാണ്. മാനസിക രോഗങ്ങളുടെ തലത്തിലേക്ക് വരുന്നില്ലെങ്കിലും അത്
മറ്റുള്ളവരില്‍ ആ വ്യക്തിയോടുള്ള അകല്‍ച്ച അല്ലെങ്കില്‍ കളിയാക്കികൊണ്ടുള്ള
പെരുമാറ്റമായി പരിണമിച്ചു എന്ന് വരാം. ജന്മവാസന (instinct) യോ പാരമ്പര്യമോ
(heredity) ഏതെങ്കിലും ഉത്കണ്ടാ രോഗങ്ങളോ (anxiety disorder) പലതുമാകാം ഇവയുടെ
പിന്നിലെ കാരങ്ങങ്ങള്‍. താഴെപ്പറയുന്ന ചില മാനസികാവസ്ഥകള്‍
ശ്രദ്ധിക്കുക;
കൌവേദ് സിണ്ട്രോം
"ഭര്‍ത്താവിനു പേറ്റു നോവ്" എന്ന് പറഞ്ഞു കേട്ടുകാണുമല്ലോ. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചില ഭര്‍ത്താക്കന്മാര്‍ക്കുണ്ടാകുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ ആണ് ഇവിടെ ഉണ്ടാകുന്നത്. ഭാര്യയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ തനിക്കു കൂടി അനുഭവപ്പെടുന്നു. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഈ അസ്വസ്ഥതകള്‍ മുഴുവന്‍ അയാള്‍ക്കനുഭവപ്പെടുന്ന പോലെ തോന്നും. ഭാര്യ ഭക്ഷിക്കുന്ന പോഷകാഹാരങ്ങള്‍ ഭര്‍ത്താവും കഴിക്കുന്നു. വളരെ അസ്വസ്ഥതകള്‍ നിറഞ്ഞ സമയങ്ങള്‍ പ്രസവം അടുക്കാറാകുന്നത് വരെ നില്‍ക്കും. പ്രസവം കഴിയുമ്പോള്‍ അസ്വസ്ഥതകളും ഇല്ലാതാകുന്നു. കൌവേദ് സിണ്ട്രോം എന്നാണിത് അറിയപ്പെടുന്നത്.
ഗാന്സര്‍ സിണ്ട്രോം
അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന രൂപത്തില്‍ ഉത്തരം പറയുന്ന ഒരു മാനസികാവസ്ഥയാണിത്. ചോദിക്കുന്നതിനു ശരിയായ മറുപടി ഇത്തരക്കാരില്‍ നിന്ന് കിട്ടിയില്ല എന്ന് വരാം. പെട്ടെന്ന് തലച്ചോറിലെ രാസ വൈദ്യുത തരംഗങ്ങള്‍ ഇവരില്‍ ഉണ്ടാകാതിരിക്കുന്നു. അതിനാല്‍ പറയുന്നതിന് ശരിയായ ഉത്തരം കിട്ടി എന്ന് വരില്ല. മരിയ ഗാന്സര്‍ എന്ന ശാസ്ത്രഞ്ജന്‍ ആണീ ഗവേഷണം നടത്തിയത്. അങ്ങിനെ ഇത് ഗാന്സര്‍ സിണ്ട്രോം എന്നറിയപ്പെടുന്നു.
ഒന്നായ നിന്നെയിഹ....
ഒരാളെ മറ്റൊരാളായി കാണുന്നു. അയാളെ തന്നെ പല ആളായി കണ്ടെന്നു വരാം. അല്ലെങ്കില്‍ അയാള്‍ തന്നെ പറ്റിക്കാന്‍ തനിക്കറിയാവുന്ന ആളുടെ വേഷം ഇട്ടു വന്നതാകാം. പിന്നെ ഒരാളെ തന്നെ പല ആള്കാരായി കണ്ടെന്നു വരാം. ഇങ്ങിനെയുള്ള മാനസികാവസ്ഥ ചിലരില്‍ ഉണ്ടാകാറുണ്ട്. തനിക്കു പരിചയമുള്ള ഒരാള്‍ തന്റെ മുമ്പില്‍ വന്നു നില്‍ക്കുമ്പോഴും ചിലര്‍ക്ക് തോന്നും തന്നെ കബളിപ്പിക്കാന്‍ വേറെ ആരോ അയാളുടെ രൂപത്തില്‍ വന്നിരിക്കുകയാണെന്ന്. ഇത് ഒരു തരം മതിഭ്രമത്തിന്റെ ഭാഗമാകാം. ഫ്രെഗോളി സിണ്ട്രോം എന്നാണിത് അറിയപ്പെടുന്നത്.
ഒഥല്ലോ സിണ്ട്രോം
ഇതില്‍ സംശയം ആണ് മുഖ്യ വില്ലന്‍. ഭാര്യയുടെ ചാരിത്ര്യത്തില്‍ ഭര്‍ത്താവിനു സംശയം. ഇതിനൊരുദാഹരണം നമ്മുടെ ശ്രീനിവാസന്‍ തന്റെ ഒരു പടത്തില്‍ അങ്ങിനെ ഒരു കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. പങ്കാളിയോട് സംസാരിക്കുന്ന ആരെയും സംശയം. Shakespeare തന്റെ നാടകമായ ഒഥല്ലോയില്‍ ഈ കഥ പറയുന്നു. ഭാര്യയുടെ വിശ്വസ്തതയില്‍ സംശയം തോന്നുകയും അവളെ കൊല്ലുകയും ചെയ്യുന്നതാണല്ലോ അതിലെ പ്രമേയം. ഇതില്‍ നിന്നാണീ പേരുണ്ടായത്. ഇതിനു സംശയരോഗം എന്നും മനശാസ്ത്രത്തില്‍ പറയും. സ്വയം തെറ്റ് ചെയ്യുന്നവര്‍ക്കാണിത് കൂടുതല്‍ ഉണ്ടാകുന്നത്. നല്ല മനസാക്ഷി ഉള്ളവര്‍ക്കും അന്ന്യരെ മനസിലാക്കാന്‍ സാധിക്കുന്നവര്‍ക്കും ഇതുണ്ടാകില്ല.
ക്ലെറാംബോള്‍ട്ട് സിണ്ട്രോം
സുപ്പര്‍ സ്ടാറുകള്‍ (ഉദാ: ഷാരുഖ് ഖാന്‍, സച്ചിന്‍ തെണ്ടുല്‍കര്‍, ജാക്കി ചാന്‍) തങ്ങളുടെ കാമുകരാണെന്നും (തന്റെ വയറ്റില്‍ അവരുടെ കുഞ്ഞാണെന്നും പറഞ്ഞു നടക്കുന്ന അല്ലെങ്കില്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന സ്ത്രീകളെ ചില സ്ഥലങ്ങളില്‍ കാണാന്‍ സാധിക്കും. അവര്‍ തന്നെ സ്നേഹിക്കുന്നുന്ടെന്നും ഇക്കൂട്ടര്‍ മനസ്സില്‍ ചിന്തിക്കുന്നു. Delusion of love എന്നും ഇറോട്ടോ മാനിയ (erota mania) എന്നും ഇതിനെ പറയാറുണ്ട്. ഡി കളെറാം ബോള്‍ട്ട് എന്ന ശാസ്ത്രഞ്ഞനാണിത് കണ്ടു പിടിച്ചത്. ലോകത്തില്‍ വലിയ വലിയ സ്ടാറുകള്‍ക്ക് (സിനിമാ, സ്പോര്‍ട്സ് എന്നിവയില്‍ പ്രത്യേകിച്ച്) ഇങ്ങിനെയുള്ള ഏക ലൈന്‍ കാമുകിമാരുണ്ട്.
എന്റെ ചെറുപ്പത്തില്‍ ഞാനോര്‍ക്കുന്നു ഞങ്ങളുടെ നാട്ടിലെ ഒരു ബ്രാഹ്മണ സ്ത്രീ എപ്പോഴും മനസ്സില്‍ കൊണ്ട്നടന്ന ഒരു കാര്യം കമലാഹാസന്‍ അവളെ സ്നേഹിചിരിന്നു എന്നാണു. കല്യാണം കഴിക്കും എന്നും കരുതിയിരിന്നു. ഒരു ഒറ്റ ലൈന്‍ പ്രണയം എന്ന് പറയുന്നതിനപ്പുറം, അതൊരു രോഗമോ മാനസിക വൈകല്യമോ ആണ്.
ചെറുപ്പത്തിലെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും, ആഗ്രഹങ്ങളും ആണിതിന് പിന്നിലെ കാരങ്ങള്‍ എന്നാണു ഗവേഷണ മതം.
മുന്ചാസന്‍ സിണ്ട്രോം
തനിക്കെന്തോ മാരക രോഗമുന്ടെന്നും അതിനു വലിയ ചികിത്സ ആവശ്യമുണ്ടെന്നും പറഞ്ഞു നടക്കുകയും പല പല ഡോക്ടര്‍മാരെയും കാണുകയും ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്നു. എന്നാലും രോഗം കുറയുന്നില്ല. ഇങ്ങിനെയുള്ള ചിലര്‍ നമ്മുടെ സമൂഹത്തിലും ഉണ്ട്. ചിലര്‍ എന്നും വയറ്റില്‍ വേദനയാണെന്നും പറഞ്ഞു നടക്കുന്നു, ചിലര്‍ നെഞ്ചെരിച്ചില്‍ ആണെന്ന് പറഞ്ഞു നടക്കുന്നു. അവസാനം ഒള്ള ടെസ്റ്റുകള്‍ എല്ലാം ചെയ്യുന്നു. ശസ്ത്രക്രിയ വരെ ചെയ്യുന്നു. പക്ഷെ ഒരു കുഴപ്പവും കാണില്ല. കുഴപ്പം മനസിനായിരിക്കും. എന്നാലും അവര്‍ പറയും മനസിന് ഒരു കുഴപ്പവും ഇല്ലെന്ന്.
വളരെക്കാലം മുമ്പ് ജര്‍മനിയിലെ ഒരു പ്രഭു ഇത്തരം രോഗത്തിനടിമപ്പെട്ടു ജീവിതം കഴിച്ചു കൂട്ടിയ ഒരു വ്യക്തിയാണ്. ബാരന്‍ മുന്ചാസന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍. അതില്‍ നിന്നാണ് ഗവേഷകര്‍ ഇതിനു ഈ പേരിട്ടത്.
ടോറെറ്റ് സിണ്ട്രോം
പെട്ടെന്നുള്ള ഒരുതരം ഞെട്ടലും വിറയലും അതോടു കൂടി ഒരുതരം ശബ്ദം പുറപ്പെടുവിയ്ക്കലും ആണിതിന്റെ പ്രത്യേകത. ചിലപ്പോള്‍ ഒന്നിന് പുറകെ മറ്റൊന്നായി ശബ്ദം വരും. സമൂഹത്തില്‍ ചില മനുഷ്യര്‍ ഇങ്ങിനെയും ഉണ്ട്. വിന്‍സെന്റ് ലാ ടോരെറ്റ് എന്ന ഗവേഷകന്‍ ആണിത് കണ്ടു പിടിച്ചത്. അങ്ങിനെ ഇത് ടോരെറ്റ് സിണ്ട്രോം എന്നറിയപ്പെടുന്നു.
സര്‍വ നഷ്ട്ടഭ്രമം
എല്ലാം നശിച്ചു. ഇനി ഒന്നുമില്ല. താനും ഈ ലോകവും എല്ലാം നശിച്ചെന്നും, തന്റെയോ ഈ ലോകത്തിന്റെ തന്നെയോ അസ്തിത്വത്തെ പോലും അന്ഗീകരിക്കാന്‍ മടിവരുന്ന ഒരു മാനസികാവസ്ഥ ആണിത്. നിഹിലിസ്ടിക് സിണ്ട്രോം അല്ലെങ്കില്‍ കോടാര്ദ് സിണ്ട്രോം എന്ന് ഇതറിയപ്പെടുന്നു. വലിയ ദുരന്തങ്ങലോ, വലിയ വെള്ളപ്പോക്കമോ, യുദ്ധങ്ങളോ മറ്റും വരുമ്പോള്‍ ചില മനുഷ്യര്‍ക്കുണ്ടാകുന്ന മാനസിക വ്യതിയാനം ആണിത്. രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷം യുറോപ്പില്‍ ചില മനുഷ്യര്‍ക്കിതുണ്ടായി എന്നാണു റിപ്പോര്‍ട്ട്.
പ്രാണി ഭയം
തന്റെ ശരീരത്തില്‍ എതെക്കെയോ പ്രാണികള്‍ കയറിക്കൂടിയിട്ടുന്ടെന്നു ചിലര്‍ ഭയപ്പെടുന്നു. അത് തന്റെ തൊണ്ടയിലോ ചെവിയിലോ ഇരിക്കുന്നതായും ചിലര്‍ക്ക് തോന്നുന്നു. മൂക്കിലും ചെവിയിലും പ്രാണി എപ്പോഴും ഇരിക്കുന്നതായും തോന്നുന്നു. ചിലരില്‍ ഈ മാറ്റം കണ്ടെത്തിയത് എക്ബോം എന്ന സ്വീഡിഷ് ന്യൂറോലോജിസ്റ്റ് ആണിത് കണ്ടു പിടിച്ചത്. അതിനാല്‍ ഇതിനു എക്ബോം സിണ്ട്രോം എന്ന് വിളിക്കുന്നു.