Monday, September 16, 2013

ഡിപ്രെഷൻ (വിഷാദരോഗം)

ദുഖവും പിരിമുറുക്കവും  ഇല്ലാത്ത മനുഷ്യർ ലോകത്തുണ്ടാകുമോ എന്നു തോന്നുന്നില്ല. ഇതുകൊണ്ട് മനുഷ്യന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. പക്ഷെ ഇത് നീണ്ടു നിന്നാൽ പ്രശ്നം തന്നെ. അത് ഡിപ്രെഷൻ എന്ന  രോഗമായി മാറാം.  പണ്ട് ഈജിപ്ത്തിലെ കവിതകളിലും കഥകളിലും മെലംകോളിയ (Melancholia ) എന്നറിയപ്പെട്ടുകൊണ്ടിരുന്ന ഈ രോഗം ഇന്ന് ഡിപ്രെഷൻ എന്നറിയപ്പെടുന്നു. 

ലോകത്തിന്റെ പല ഭാഗങ്ങളിൽ പല രീതിയിൽ ഈ രോഗത്തിന് ഏറ്റക്കുറച്ചിലുകൾ കാണുന്നു. ചില സംസ്ക്കാരങ്ങളിൽ, ചില മതങ്ങളിൽ ഈ രോഗം കൂടുതൽ ആണ്. പല രോഗങ്ങളുടെയും സഹയാത്രികനാണ് ഈ രോഗം. പലപ്പോഴും പല രോഗങ്ങൾക്കും  കാരണവും ആകുന്നു. രോഗം വന്നു കഴിയുമ്പോൾ രോഗകാരണം മറന്നു അതിനു ശേഷം രോഗത്തിനുള്ള ചികിത്സ നടത്തുന്നു. ഉദാ: രക്തസ്സമർദ്ധം, പ്രമേഹം, കൊളസ്ട്രോൾ, ഇവയ്ക്കൊക്കെ പല കാരണങ്ങൾ ഉണ്ടെങ്കിലും ഒരു അജ്ഞാതകാരണം ഡിപ്രെഷൻ ആണ്. നമ്മുടെ നാട്ടിൽ മാനസിക ആരോഗ്യത്തിന് അല്ലെങ്കിൽ മനശാസ്ത്രത്തിനു അല്ലെങ്കിൽ   മനോരോഗങ്ങളുടെ പഠനത്തിനു വേണ്ട പ്രാധാന്യം ഇല്ലാത്തത് കൊണ്ട് പല ശാരീരിക രോഗങ്ങളുടെയും കാരണഭൂതമായ നമ്മുടെ മനസ്സിന്റെ അനാരോഗ്യം  ആരും  ശ്രദ്ധിക്കാറില്ല. ജിമ്മിൽ പോകാനും, സൗന്ദര്യം  വർദ്ധിപ്പിക്കാനും ഒക്കെ നാം ശ്രമിക്കാറുണ്ടെങ്കിലും, ആരോഗ്യമുള്ള ഒരു മനസ്സ് എങ്ങിനെ ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ ചുരുക്കം.

നാമൊക്കെ വിഷാദം അനുഭവിക്കും. പിരിമുറുക്കം അനുഭവിക്കും. ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ ഒരാഴ്ച കൊണ്ടോ അത് മാറാനുള്ള വഴി കണ്ടെത്തുന്നു, മാറുന്നു. എന്നാൽ ചില മനുഷ്യരുണ്ട്. ആരോടും വിഷാദത്തിന്റെ കാര്യം പറയില്ല. സ്വയം സഹിച്ചു കൊണ്ട് നടക്കും. അതു കുറച്ചു കഴിയുമ്പോൾ ഉള്ളിൽ സ്ഥിരമാകുന്നു. പക്ഷെ അവർ  അറിയുന്നില്ല. ഉള്ളിൽ ഒരു രോഗാവസ്ഥ ജനിക്കുന്നു എന്നത്.

ഡിപ്രെഷൻ അല്ലെങ്കിൽ വിഷാദരോഗത്തെക്കുറിച്ച് പഠിക്കണമെങ്കിൽ കൂടുതൽ കാര്യങ്ങൾ എഴുതണം. ലേഖനം വലുതും വായിക്കാൻ വിരസവുമായെന്നു വരാമെന്നതിനാൽ, ചില കാര്യങ്ങൾ ചുരുക്കമായി മനസിലാക്കിയാൽ നമുടെ അറിവിന്റെ ഖജനാവിൽ അതൊരു മുതൽ കൂട്ടായിരിക്കും.

എന്താണ് ഡിപ്രെഷൻ

തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകൾ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ്  ഡിപ്രെഷൻ. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തിൽ അതായത് തലച്ചോറിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥ   ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. 

ഇത് ഒരു മൂഡ്‌ ഡിസോർഡർ ആണ്. അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക  അവസ്ഥയെ ആണ് മൂഡ്‌ എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ ലെവെലിനു കൂടുതലോ കുറവോ ആയാൽ മൂഡ്‌ ഡിസോർഡർ  ആയിത്തീരുന്നു.

ലക്ഷണങ്ങൾ

പലവിധ മാനസിക, ശാരീരിക രോഗങ്ങളുടെ രൂപത്തിൽ ഡിപ്രെഷൻ പ്രത്യക്ഷപ്പെടുന്നു എങ്കിലും ആരും അത് ഡിപ്രെഷൻ വഴിയാണെന്ന് പെട്ടെന്ന് മനസിലാക്കുന്നില്ല. പല രോഗങ്ങളിലേക്കും നയിക്കുന്ന ഡിപ്രെഷൻ  അല്ലെങ്കിൽ വിഷാദരോഗം ഇന്നും പലർക്കും അജ്ഞാതമാണ്. അറിഞ്ഞെങ്കിൽ തന്നെ ചികിത്സിക്കുന്നതിനു പകരം അത് പ്രേമനൈരാശ്യമോ, ഗ്രഹപ്പിഴയോ,  ഗ്യാസ് ട്രബിളോ, അസിടിറ്റിയോ  മറ്റോ ആണെന്ന് കരുതി വിട്ടുകളയും.  താഴെ പറയുന്ന ചില ലക്ഷണങ്ങൾ നോക്കുക;

1) ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത
2) അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ, 
3) വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം
4) അകാരണമായ ഉത്കണ്ട, ക്ഷീണം, ഭയം, ഉറക്കക്കുറവ്
5) വിശപ്പില്ലായ്മ, ചിലപ്പോൾ വിശപ്പ് കൂടുതൽ
6) ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,
7) കൂടുതലായോ കുറവായോ ഉറങ്ങുക.

ചിലർ  പറയാറില്ലേ ഒരു മൂഡില്ല,  ഒന്നും ചെയ്യാൻ  തോന്നുന്നില്ല, ഭക്ഷണത്തിന് രുചിയില്ല, വിശപ്പില്ല, ഗ്യാസ് ട്രബിൾ, അസിഡിറ്റി,  പെട്ടെന്ന് ദേഷ്യം വരുക, ഇതൊക്കെ പെട്ടെന്ന് കണ്ട്രോളിൽ  ആയാൽ  പ്രശ്നം ഇല്ല. പക്ഷെ അകാരണമായ ഭയം, ദുഖം, പരാചയ ബോധം, തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ, ഇരിക്കാൻ വയ്യ, നിൽക്കാൻ വയ്യ,  കിടക്കാൻ വയ്യ ഇങ്ങിനെയുള്ള ലക്ഷണങ്ങളിൽ  ആദ്യം പറഞ്ഞതിന്റെ കൂടെ രണ്ടാമത് പറഞ്ഞതിൽ  രണ്ടോ അതിലധികമോ കുറഞ്ഞത് രണ്ടാഴ്ചയായി തുടരുന്നു എങ്കിൽ  ഡിപ്രെഷൻ  സംശയിക്കാം. ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും ഒരാളിൽ  കേന്ദ്രീകരിച്ചാൽ  ഇനി ആത്മഹത്യ തന്നെ  എല്ലാത്തിൽ  നിന്നും രക്ഷ പെടാനുള്ള ഒരു വഴി എന്ന് ചിന്തിച്ചെന്നു വരാം.

ബാല്യ കൌമാരക്കാരുടെ ലക്ഷണങ്ങൾ  പെട്ടെന്ന് മനസിലായില്ല എന്ന് വരാം, കാരണം ദുഖം മുഖത്ത് പ്രതിഫലിച്ചു എന്ന് വരില്ല, കൂട്ടുകാരുടെ കൂടെ കൂടാതെ ഒറ്റക്കിരിക്കുക, പെട്ടന്ന് ദേഷ്യം വരുക, പഠിത്തത്തിൽ  ശ്രദ്ധ കിട്ടാതിരിക്കുക, വയറു വേദന, തല വേദന ഇങ്ങിനെ പലതും ആകാം. മുതിർന്നവരിൽ  പ്രായം കൂടുതൽ  ഉള്ളവർ  ദുഃഖം പ്രകടിപ്പിക്കും. ഓർമ്മക്കുറവ്വ്, ദേഷ്യംകൂടുതൽ, തീരാ രോഗങ്ങൾ, തന്റെ രോഗങ്ങളെ കുറിച്ചുള്ള ആകാംഷ, കടബാധ്യതകൾ, എല്ലാം നീണ്ടു നില്ക്കുന്ന ഡിപ്രെഷനും, അതുവഴി ആത്മഹത്യ യിലേക്കും വഴി തെളിച്ചെന്നു വരാം. 

വിഷാദവും പിരിമുറുക്കവും

ദുഃഖ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ നമ്മുടെ മനസ്സിൽ സ്വതന്ത്ര നാഡീ വ്യവസ്ഥ ചെയ്യുന്ന പ്രതിരോധമാണ് സ്ട്രെസ്സ് അല്ലെങ്കിൽ പിരിമുറുക്കം ആയി അനുഭവപ്പെടുന്നത്. എല്ലാവരും ചെറുതോ വലുതോ ആയ പിരിമുറുക്കം അനുഭവിക്കുന്നു. കുട്ടികളും ഇതനുഭവിക്കുന്നു. മുതുർന്നവരിലെ അല്പം ഗൌരവം ഉള്ളതാണ്.എങ്ങിനെയായാലും സ്ട്രെസ് രണ്ടാഴ്ചയിൽ കൂടുതൽ തുടർന്നാൽ അത് ഡിപ്രഷൻ ആയിത്തീരുന്നു.

ഡിപ്രെഷൻ പെട്ടെന്നുണ്ടാകുന്നതല്ല. വളരെ സാവകാശം ആണുണ്ടാകുന്നത്. എന്നും നാം നമ്മുടെ സ്ട്രെസ്സ് കുറയ്ക്കാൻ പരിശ്രമിക്കണം. പക്ഷെ എല്ലാവരെയും സംബന്ധിച്ച് ഇത് സാധിക്കുന്നതല്ല. ചില നിയന്ത്രണ മാർഗങ്ങൾ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം.

നമുക്കെല്ലാം മനസ്സിൽ സ്ട്രെസ്സിനു ഒരു സൈക്കിൾ ഉണ്ട്. അതായതു ഒരു പോയിന്റിൽ നിന്ന് കറങ്ങിത്തിരിഞ്ഞു ആ പോയിന്റിൽ  തന്നെ എത്തുന്ന ഭ്രമണം പോലുള്ള ഒരു പ്രതിഭാസം. ഇതിനെ സ്ട്രെസ്സ്സൈക്കിൾ എന്ന് പറയുന്നു. അതുകൊണ്ട് സ്ട്രെസ്സ്സൈക്കിൾ എന്തെന്ന് മനസിലാക്കുന്നത് നല്ലതാണ്.

സ്ട്രെസ്സ് സൈക്കിളും ഡിപ്രെഷനും

വൈദ്യശാസ്ത്രം നമുക്കെല്ലാം പഠിക്കാൻ സാധിക്കില്ലെങ്കിലും ചില കാര്യങ്ങൾ പഠിക്കുന്നത് ജീവിതത്തിൽ ഗുണം ചെയ്യും. സ്ട്രെസ്സ് സൈക്കിളും ഡിപ്രെഷനും ഉണ്ടാകുന്ന ചില ശാസ്ത്രീയ വഴികൾ നോക്കാം.

തലച്ചോറിൽ സ്ട്രെസ്സ് ആയി ബന്ധപ്പെട്ട മൂന്നു  നാഡീ കേന്ദ്രങ്ങളുണ്ട്   ലിംബിക് സിസ്റ്റം, ഹൈപോത്തലാമസ്, പിറ്റുവേറ്ററി.  ഇതിനു മൂന്നിനും കൂടി  ഹൈപോത്തലാമസ്- പിറ്റുവേറ്ററി ആക്സിസ് എന്ന് പറയുന്നു. സ്ട്രെസ്  സാഹചര്യമുണ്ടാകുമ്പോൾ  അതിനെ നേരിടാൻ ആദ്യമായി തലചോറിലെ ലിംബിക് സിസ്റ്റം പ്രവർത്തനനിരതമാകുന്നു.  ഇതിനായി ഡോപ്പമിൻ, എപിനെഫ്രിൻ, സെറോടോണിൻ എന്നീ നാഡീപ്രേഷകങ്ങളെ  ലിംബിക് സിസ്റ്റം  ഹൈപോത്തലാമസിലേക്കെത്തിക്കുന്നു. അവിടെ നിന്നും ചില ഹോർമോണ്  വിമോചന രാസപഥാര്തങ്ങൾ (like  Adreno  Cortico Tropic) പുറപ്പെട്ടു പിറ്റുവേറ്ററി ഗ്രന്ധിയിൽ എത്തുന്നു.   പിറ്റുവേറ്ററി ഗ്രന്ധി,  പ്രധാനപ്പെട്ട അവയവങ്ങൾക്കു സ്ട്രെസ്സിനെ നേരിടാൻ  ആവശ്യമായ ഉത്തേജക രസങ്ങൾ പുറത്തുവിടുന്നു. ഈ ഹോർമോണുകൾ രക്തത്തിൽ കലർന്ന് തൈറോയിഡ്, അഡ്രീനൽ മെഡുല്ല എന്നീ ഗ്രന്ധികളിൽ എത്തിച്ചേരുന്നു. ഈ ഗ്രന്ഥികൾ സ്ട്രെസ്സ് നിയന്ത്രണ രാസപഥാർത്ഥമായ സ്റ്റെറോയിഡ് ഉത്പാദിപ്പിക്കുകയും ഇതും രക്തത്തിൽ കലർന്ന് ലിംബിക് സിസ്ടെത്തിൽ വീണ്ടും എത്തി പിരിമുറുക്കമുണ്ടാക്കുന്ന നാഡീ പ്രേഷകങ്ങളെ നിർവീര്യമാക്കുന്നു. അപ്പോൾ  സ്ട്രെസ്സിനെ നേരിടാൻ   മനസിന് ശക്തിയുണ്ടാകുകയും ചെയ്യന്നു.  ഇതാണ് സ്ട്രെസ്സ് സൈക്കിൾ.

ഇതെല്ലാവർക്കും ഉണ്ടാകുന്നതാണ്. അങ്ങിനെയാണ് കുറച്ചു കുറച്ചു  മനസ് നോർമൽ  ആകുന്നത്. പക്ഷെ സ്ട്രെസ് ആവർത്തിച്ചുണ്ടാകുന്നവരുടെ ഹൈപോത്തലാമസ് പിറ്റുവേറ്ററി ആക്സിസ് (Hypothalamus Pituitary Axis)   കേടാകുന്നു.    അതായത് ഏകദേശം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നാൽ. പതിയെ പതിയെ ഡിപ്രെഷൻ രോഗമായിത്തീരുന്നു.   കാരണം ബന്ധപ്പെട്ട ഗ്രന്ധികൾക്ക്സ്ട്രെ വിശ്രമം കിട്ടുന്നില്ല. സ്ട്രെസ്സിനെ  നിർവീര്യമാക്കാൻ നാഡീവ്യവസ്ഥയിലുൽപാദിപ്പിക്കപ്പെടുന്ന സ്റ്റെറോയിഡ് പോലുള്ള സ്ട്രെസ്സ് വിമോചകരസങ്ങളുടെ  ഉല്പാദനം കുറയുന്നുമില്ല. സ്റ്റെറോയിഡ് കൂടുന്നത്ന ഹൃദയ പ്രവർത്തനം  തകരാറിലാക്കും. ഡിപ്രെഷൻ  ഹൃദ്രോഗഹേതുവാകുത്  ഇങ്ങിനെയാണ്‌.. . സ്ട്രെസ്സ് കുറഞ്ഞില്ലെങ്കിൽ അതിന്റെ ഉൽപാദനം  തുടരുന്നു. മനപൂർവ്വം എത്രയും വേഗം സ്ട്രെസ് കുറച്ചാൽ അത്രയും നല്ലത്.

ഡിപ്രെഷന്റെ വഴിതിരിയൽ

ആർക്കെങ്കിലും ഡിപ്രെഷൻ രോഗം ഉണ്ടെന്നു പറഞ്ഞാൽ  ചിലർക്ക് ഒരിക്കലും വിശ്വാസം വരില്ല. അങ്ങിനെ ഡിപ്രെഷനെ അവഗണിച്ചു നിന്നു വേറൊരു രോഗത്തിലേക്കു വഴിതിരിഞ്ഞെന്നു വരാം. അപ്പോഴും രോഗകാരണം ഡിപ്രെഷൻ ആണെന്ന് വിശ്വസിക്കില്ല.  ശരിയായ കൌണ്സിലിങ്ങൊ  മനശ്ശാസ്ത്രചികിത്സയോ കൊടുത്തില്ലെങ്കിൽ അത് ചില ശാരീരിക മാനസിക രോഗങ്ങളായി പരിണമിക്കും. ഉദാ: ചിത്തഭ്രമം, ഹൃദ്രോഗം മുതലായവ. ചിലർക്ക്  തലവേദന, വയറുവേദന, സന്ധിവേദന, നെഞ്ചുവേദന, അങ്ങിനെ പലതും പ്രത്യക്ഷപ്പെടാം.  ഒരാൾക്ക് ഹാര്ട്ട് അറ്റാക്ക് വന്നു മരിച്ചു എന്നു പറഞ്ഞാലും അതിന്റെ പിന്നിൽ ഡിപ്രെഷൻ കൂടി ഉണ്ടായിരുന്നു എന്ന് ആരും പറയുന്നത് കേൾക്കാറില്ല. ചിലർ പല പല ഡോക്ടർമാരെയും, പല പല ആശുപത്രികളും കയറി ഇറങ്ങി ടെസ്റ്റുകൾ എല്ലാം ചെയ്യും. എല്ലാം നോർമൽ എന്ന റിപോർട്ടും കിട്ടും.  എന്നാലും വീണ്ടും ഇത് തുടരും. ഒരിക്കലും സുഖം കിട്ടാതെ ഇങ്ങിനെ ജീവിതകാലം മുഴുവൻ അലയുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.

നമ്മുടെ നാട്ടിലെ  ആത്മഹത്യകളും റോഡപകടങ്ങളും ഉണ്ടാകുന്നത് ഒരു നല്ല ശതമാനവും നീണ്ടു നിൽക്കുന്ന ഡിപ്രെഷൻ എന്ന അവസ്ഥയുടെ അനന്തരഫലമാണ്.

കാരണങ്ങൾ

പല കാരണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ചിലവ താഴെ കാണുക;
1) പീടാനുഭവങ്ങൾ നിറഞ്ഞ ശൈശവം, ബാല്യം, കൌമാരം, പാരമ്പര്യം.
3) സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വഴക്ക് പിണക്കങ്ങൾ.
3) ഉറ്റ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വേര്പാട്. ഇവ മരണം പ്രകൃത്യാ ഉള്ളതാണെങ്കിലും ചിലർക്ക് സഹിക്കാനാകില്ല.
4) ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ
5)പാരമ്പര്യം, ചില കുടുംബങ്ങളിൽ പാരമ്പര്യമായി ഇത് കണ്ടു വരുന്നു.
6) വിവാഹ മോചനം, ജോലി നഷ്ടപ്പെടൽ, പുതിയ വയ്വസ്സയം തുടങ്ങൽ തുടങ്ങിയവ
7) മാനസിക ശാരീരിക തീരാരോഗങ്ങൾ
  
നീണ്ട പീടാനുഭവങ്ങളിലൂടെ യുള്ള  ജീവിത സാഹചര്യങ്ങളിൽ   അവയുടെ പാരമ്യതയുടെ  ഫലം ജീനുകളിലേക്കും ഇറങ്ങിചെല്ലുന്നു.

ഇതൊക്കെ കൂടാതെ ആധുനിക ലോകത്തിൽ ചില പ്രത്യേക കാരണങ്ങളും ഉണ്ട്. ചിലവ താഴെ കൊടുക്കുന്നു.

പുകവലി, മദ്യപാനം, ഉറക്കകുറവ്, ഫേസ്ബൂക്ക് ജ്വരം, ചില സിനിമകളുടെയും സീരിയലുകളുടെയും ദുഃഖ പര്യവസായി, മത്സ്യ ഭക്ഷണങ്ങൾ കഴിക്കാതിരിക്കൽ.  കൌതുകം തോന്നുമെങ്കിലും ആധുനിക ലോകത്തിലെ പ്രത്യേകതകൾ ആണിവ.

  
ഡിപ്രെഷൻ വിവിധതരം

മെലങ്കോളിക്  ഡിപ്രെഷൻ  (Melancholic depression) :  ഇതിൽ  ഉറക്കം, വിശപ്പ്, ലൈംഗികത  ഇവയിൽ  വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.

എഡിപ്പിക്കൽ ഡിപ്രെഷൻ(Atypical depression): ഇതിൽ മെലങ്കോളിക്  ഡിപ്രഷന് വിപരീതമായി ആണ് സംഭവിക്കുന്നത്. അമിതമായ ഉറക്കം, കൂടുതൽ  വിശപ്പ് അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈംഗിക  ആസക്തി കൂടുക, ശരീരം ചീർത്തു വരിക മുതലായവ പ്രകടമാകുന്നു.

സൈക്കോട്ടിക് ഡിപ്രെഷൻ (Psychotic depression) : ആരെക്കെയോ തന്നെ കൊല്ലാൻ  വരുന്നു, ചുറ്റും ശത്രുക്കൾ  ആണെന്നുമുള്ള ചിന്തയും ഭയവും ഇതിൽ  കൂടുതലായി കാണുന്നു.

PPD - പോസ്റ്റ് പാർട്ടം ഡിപ്രെഷൻ
ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളിൽ ഉണ്ടാകുന്നതാണ്. ചില രാജ്യങ്ങളിൽ എട്ടിൽ ഒന്ന് എന്ന കണക്കിന് സ്ത്രീകളിൽ ഇത് കാണുന്നു. സാധാരണ PPD 5% മുതൽ 25% വരെയാണ് കാണുന്നത്.

മുകളിൽ  പറഞ്ഞത് കൂടാതെ exogenous, endogenous, unipolar, bipolar, dysthemia  അങ്ങിനെ പല വിഭാഗങ്ങളും ഉണ്ട്.
 
ഏതു തരം ഡിപ്രെഷൻ ആണെങ്കിലും അടിസ്ഥാന കാരണം മുകളിൽ പറഞ്ഞവ തന്നെ.

എങ്ങിനെ നിയന്ത്രിക്കാം

ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രെഷൻ ഒഴിവാക്കാം. ചിലത് താഴെ  കൊടുക്കുന്നു;

1) ജീവിതത്തിന്  ചില ചിട്ടകൾ കൊടുക്കുക, നേരത്തെ കിടക്കുകയും എഴുനെൽക്കുകയും ചെയ്യുന്നതുപോലെ.
2) നടത്തം, ജോഗിംഗ്, നീന്തൽ ഇവയിലേതെങ്കിലും 30 മിനിറ്റ് ചെയ്യുക. ഇത് സ്ട്രെസ്സിനെതിരെ പോരാടുന്ന എന്ടോർഫിൻ  പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.
3)ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ്  ഇവ  ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങൾ ഇവ പതിവാക്കുക.
4) നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമിൽ നിന്ന് ഒഴിവാക്കുക.
5) ഉത്തരവാദിത്വങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക.
6) എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങിനെയുള്ള ചിന്തകൾ മാറ്റുക. അല്ലെങ്കിൽ തന്നെ അവയൊക്കെ ശരിയാണെന്നുള്ള തെളിവും ഇല്ലല്ലോ. നിങ്ങളുടെ സൃഷ്ടികളും, നിങ്ങളെയും ഇഷ്ടപ്പെടുന്ന വേറെ പലരും ഉണ്ടെന്നത് സത്ത്യമാണ്.
7) ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുക. ഉദാ: മ്യൂസിക് കേൾക്കാറില്ലെങ്കിൽ കേട്ടുതുടങ്ങുക, വായന ശീലമല്ലെങ്കിൽ വായിച്ചു തുടങ്ങുക, അങ്ങിനെ പലതും.
8) പൂർണതയോ,  മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക.
9 ) മുകളിൽ പറഞ്ഞതൊന്നും ഫലിച്ചില്ലെങ്കിൽ ഡിപ്രെഷൻ സംശയിക്കാം. എങ്കിലും പരിശ്രമിച്ചു കൊണ്ടിരിക്കാം.
10 ) ഡിപ്രെഷൻ ആണെന്ന് ഉറപ്പാണെങ്കിൽ ഡോക്ടറെ കാണുക. 


നല്ല വിദ്യാഭ്യാസം, നല്ല സംസ്ക്കാരം, ആരോഗ്യമുള്ള പാരമ്പര്യം, നല്ല വിവരം, വിവേകം ഇങ്ങിനെയുള്ളവ കൈവശമുള്ളവനു  മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടായിരിക്കും, അന്ധവിശ്വാസങ്ങൾ  കുറവായിരിക്കും. മനസിനു വലിയ സമാധാനം ഉണ്ടാകുന്നു, അവനു രോഗം, ഭാവി, എന്നിവയെക്കുറിച്ചുള്ള ആകാംഷയില്ല.  പക്ഷെ വിദ്യാഭ്യാസം നല്ലതയാതുകൊണ്ടു മാത്രം  കാര്യമില്ല. വിവരവും ലോകപരിചയവും വേണം. മനുഷ്യന് ഗുണമുള്ള പുതിയ പുതിയ കാര്യങ്ങൾ  പഠിച്ചുകൊണ്ടേയിരിക്കണം. വിദ്യാഭ്യാസം, മനശ്ശക്തി, ലാഖവത്വം, ആരോഗ്യപരമായ സാമൂഹിക ബന്ധം ഇവയോക്കെയുള്ളവര്ക്ക്  മനോവൈകല്യങ്ങൾ   പെട്ടെന്നുണ്ടാകാറില്ല. അസുഖങ്ങൾ  ഒന്നും ഇല്ലാത്ത ഒരു തലമുറയ്ക്ക് വേണ്ടി, നല്ലൊരു നാളേക്ക്  വേണ്ടി നമുക്ക് പരിശ്രമിക്കാം.